ട്രംപിന്റെ സമ്മർദ്ദത്തിന് വഴങ്ങി പിൻവലിച്ച ജിമ്മികിമ്മൽ ഷോ തിരികെയെത്തുന്നു. വലതുപക്ഷ ആക്ടിവിസ്റ്റും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അടുത്ത അനുയായിയുമായ ചാർലി കർക്കിന്റെ കൊലപാതകത്തിന് ശേഷം ജിമ്മി കിമ്മൽ നടത്തിയ പരാമർശം ട്രംപിനെ അസ്വസ്ഥനാക്കിയിരുന്നു. തുടർന്ന് ഷോ എബിസി ചാനൽ നിർത്തിവെച്ചു. എന്നാൽവൈറ്റ് ഹൗസിന്റെ സമ്മർദത്തെ തുടർന്നായിരുന്നു ഷോ നിർത്തലാക്കിയതെന്ന സൂചന പുറത്തുവന്നതോടെ വിഷയം വലിയ ചർച്ചയ്ക്കാണ് വഴി തെളിച്ചത്.നിരവധി അമേരിക്കൻ പ്രേഷകർ ഡിസ്നി ബഹിഷ്കരണത്തിന് ആഹ്വാനം ചെയ്തു.കിമ്മലിന്റെ ഷോ നിർത്തിവച്ചതിന് പിന്നാലെ വാൾട്ട് ഡിസ്നി കമ്പനി വലിയ തിരിച്ചടിയാണ് നേരിട്ടത്.എബിസി ചാനലിനെതിരെ പ്രതിഷേധം ശക്തമായതിന് പിന്നാലെയാണ് ഷോ പുന:രാരംഭിക്കുന്നത്. ഷോ നിര്‍ത്തിയതിനെ തുടര്‍ന്ന് ആളുകൾ എബിസിയുടെ ഉടമസ്ഥരായ വാള്‍ട്ട് ഡിസ്നി കമ്പനിക്കെതിരെ ബഹിഷ്കരണത്തിന് ആഹ്വാനം ചെയ്തിരുന്നു.
കിമ്മലിനെ പുറത്താക്കിയത് അഭിപ്രായ സ്വതാന്ത്ര്യത്തിന്റെ ലംഘനമാണെന്നും വിമർശനം ഉയർന്നിരുന്നു. കിമ്മലിനെതിരായ നടപടിയിൽ എബിസി നെറ്റ്വർക്കിനെ അഭിനന്ദിച്ച് ട്രംപ് രംഗത്തു വന്നിരുന്നു. കഴിവും റേറ്റിങ്ങും ഇല്ലാത്ത വ്യക്തിയെ പുറത്താക്കിയത് നന്നായെന്നായിരുന്നു ട്രംപിന്റെ പ്രതികരണം.
ചാർലി കിർക്കിന്റെ കൊലപാതകം മാഗാ ഗ്യാങ് രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ ഉപയോഗിക്കുന്നുവെന്നായിരുന്നു തന്റെ പരിപാടിയിൽ കിമ്മൽ ആരോപിച്ചത്. വെടിവയ്പിന് പിന്നാലെ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടിയതിനും ട്രംപിന്റെ പ്രതികരണത്തിനും കിമ്മൽ വിമർശിച്ചിരുന്നു.2003 മുതൽ ജിമ്മി കിമ്മൽ എബിസിയിൽ “ജിമ്മി കിമ്മൽ ലൈവ്” എന്ന പരിപാടി അവതരിപ്പിക്കുന്നുണ്ട്.
യൂട്ടാവാലി സർവകലാശാലയിൽ നടന്ന സംവാദത്തിനിടെയാണ് ചാർലി കർക്ക് വെടിയേറ്റ് കൊല്ലപ്പെട്ടത്. യുഎസിൽ വർധിക്കുന്ന വെടിവെപ്പുകൾക്ക് കാരണം ട്രാൻസ്ജെൻഡറുകളാണെന്ന് പറഞ്ഞതിന് പിന്നാലെയാണ് കർക്കിന്റെ കഴുത്തിന് വെടിയേറ്റത്. ഇതിന് പിന്നാലെ ഇദ്ദേഹം കഴുത്തിൽ അമർത്തിപ്പിടിക്കുന്നതിന്റെയും രക്തം വാർന്നൊഴുകുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
















