മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുഖ്യമന്ത്രി കപട ഭക്തി കാണിക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു.
സിപിഐഎമ്മും ബിജെപിയും അയ്യപ്പ സംഗമം രണ്ടായി നടത്തേണ്ടിയിരുന്നില്ലെന്നും ഒരുമിച്ച് ഇരുന്നാൽ മതിയായിരുന്നുവെന്നും വി ഡി സതീശൻ പരിഹസിച്ചു. ഇതെന്തൊരു കമ്മ്യൂണിസ്റ്റ് പാർട്ടിയാണ്. ഓരോ മതത്തിനും സംഗമം നടത്തുന്ന തിരക്കിലാണ് സർക്കാർ.
പിണറായിക്ക് പറ്റിയ കൂട്ടാണ് യോഗി ആദിത്യനാഥ്. യോഗി ആദിത്യനാഥിന്റെ സന്ദേശം കിട്ടിയ സ്ഥിതിക്ക് ബദൽ സംഗമം വേണ്ടിയിരുന്നില്ല. കേരളത്തിലെ ബിജെപി നേതാക്കളെ കൂടി സർക്കാർ കൂട്ടിയാൽ മതിയായിരുന്നു. പണ്ട് ശബരിമലയിൽ ചെയ്‌തു കൂട്ടിയതിന്റെ പ്രായശ്ചിത്തമാണ് മുഖ്യമന്ത്രി ചെയ്യുന്നത്. എല്ലാ പരിപാടികൾക്കും സർക്കാരുമായി സഹകരിച്ചിട്ടുണ്ട്.
പക്ഷെ, നാടകങ്ങൾക്ക് സഹകരിക്കാൻ പ്രതിപക്ഷത്തെ കിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മുഖ്യമന്ത്രിയുടെ കാറിൽ അയ്യപ്പ സംഗമത്തിനെത്തിയതിലും അദ്ദേഹം പ്രതികരിച്ചു.
















