തിരുവനന്തപുരം: കടപ്പനക്കുന്നില്‍ പഴം പഴുത്തില്ലെന്ന് ആരോപിച്ച് കടയുടമയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. ഗുണ്ടാ സംഘമാണ് ആക്രമണം നടത്തിയതെന്നും, സംഘത്തിലുള്ളവര്‍ മദ്യലഹരിയിലായിരുന്നുവെന്നും കടയുടമ പൊന്നയ്യൻ പറഞ്ഞു. ഒരു പ്രകോപനവുമില്ലാതെയാണ് മര്‍ദ്ദിച്ചതെന്നും ഇദ്ദേഹം പറഞ്ഞു. അക്രമം നടത്തിയ നാലുപേരെ പൊലീസ് പിടികൂടി.
തിങ്കളാഴ്ച രാത്രി 12:30 ഓടെയായിരുന്നു സംഭവം. ഗുണ്ടാസംഘം പ്രദേശത്ത് കനത്ത ആക്രമണമാണ് അഴിച്ചു വിട്ടത്. വീടുകളിലേക്ക് പടക്കമെറിഞ്ഞ ഗുണ്ടകള്‍ വഴിയില്‍കണ്ട വാഹനങ്ങളെല്ലാം അടിച്ചുതകര്‍ത്തു. ബൈക്കില്‍ പതിയെ പോകാന്‍ പറഞ്ഞതാണ് സംഘത്തെ പ്രകോപിപ്പിച്ചത് എന്നാണ് വിവരം.
നേരത്തേ പല കേസുകളിലും പ്രതിയായ രാജേഷ് എന്നയാളാണ് ബൈക്കില്‍ പോവുകയായിരുന്ന ഗുണ്ടാസംഘത്തോട് പതിയെ പോകാന്‍ ആവശ്യപ്പെട്ടത്. റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന മൂന്ന് ഓട്ടോറിക്ഷകളും രണ്ട് കാറുകളും ഒരുബൈക്കും അടിച്ചുതകര്‍ത്തു. രാജേഷിനെ ആക്രമിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംഘം സ്ഥലത്തെത്തിയതെന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്.
















