ഗർഭകാലത്തുണ്ടാകുന്ന ചില ആരോഗ്യ പ്രശ്‌നങ്ങൾ അമ്മയുടെ മാത്രമല്ല കുഞ്ഞിന്‍റെ ആരോഗ്യത്തെയും ബാധിക്കും. അത്തരത്തിൽ കുഞ്ഞിന്‍റെ വളർച്ചയെ സാരമായി ബാധിക്കുന്ന പ്രശ്‌നങ്ങളാണ് ഗർഭകാല പ്രമേഹവും ഗർഭകാല രക്താതിമർദ്ദവും. ഇവ രണ്ടും ഗർഭാവസ്ഥയിലും ജനന ശേഷവും കുട്ടികളിൽ ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുമെന്ന് പഠനം പറയുന്നു.
ഗർഭാവസ്ഥയിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണയെക്കാൾ വർധിക്കുന്ന അവസ്ഥയാണ് ഗർഭകാല പ്രമേഹം. ഇത് അമ്മയ്ക്കും കുഞ്ഞിനും ഒരേപോലെ സങ്കീർണതകൾ സൃഷ്‌ടിക്കും. രക്തത്തിലെ ഗ്ലുക്കോസിന്‍റെ അളവ് കൂടുന്നത് കുഞ്ഞിന്‍റെ ഹൃദയഭിത്തികളെ ശക്തിപ്പെടുത്താൻ കാരണമാകുകയും ഹൃദയത്തിന്‍റെ സാധാരണ പ്രവർത്തനത്തെ തടസപ്പെടുത്തുകയും ചെയ്യും.
ഗർഭസ്ഥ ശിശുക്കളിൽ ഹൃദയമിടിപ്പ് വർധിക്കുക, രക്തപ്രവാഹ വേഗതയിൽ മാറ്റങ്ങൾ തുടങ്ങിയ അവസ്ഥയ്ക്കും ഇത് കാരണമാകും. ഗർഭസ്ഥശിശുവായിരിക്കെ ഹൃദയത്തിനുണ്ടാകുന്ന ഇത്തരം പ്രശ്‌നങ്ങൾ ജനന ശേഷവും കുഞ്ഞിന് ഹൃദയ സംബന്ധമായ രോഗങ്ങൾക്കും പൊണ്ണത്തടിയ്‌ക്കുമുള്ള സാധ്യത വർധിപ്പിക്കും. മൊത്തത്തിലുള്ള ആരോഗ്യത്തെയും ഇത് ബാധിച്ചേക്കാം.
അത്പോലെതന്നെ ഗർഭകാലത്തെ ഉയർന്ന രക്തമ്മർദ്ദം കുഞ്ഞിന്‍റെ ഹൃദയാരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. മറുപിള്ളയിലേക്കുള്ള രക്തയോട്ടം കുറയാനും, കുഞ്ഞിന്‍റെ ശരിയായ വളർച്ചയ്ക്ക് ആവശ്യമായ ഓക്‌സിജൻ വിതരണവും പോഷകങ്ങളുടെ ഒഴുക്കും കുറയ്ക്കും. ഇത് കുഞ്ഞിന്‍റെ വളർച്ചയെയും വികാസത്തെയും തസപ്പെടുത്തും. കൂടാതെ കുഞ്ഞിലേക്കുള്ള രക്തയോട്ടം കുറയുക, മാസം തികയാതെയുള്ള പ്രസവം, ജനന സമയത്തെ ഭാരക്കുറവ് തുടങ്ങിയ പ്രശ്‌നങ്ങൾക്കും കാരണമാകും. ഇവയെല്ലാം തന്നെ കുഞ്ഞിന് ഭാവിയിൽ ഹൃദയ സംബന്ധമായ അസുഖങ്ങൾ വരാനുള്ള സാധ്യത വർധിപ്പിക്കും.
ഉയർന്ന രക്തസമ്മർദ്ദം പ്രീക്ലാമ്പ്‌സിയ പോലുള്ള അപകടകരമായ അവസ്ഥയിലേക്ക് നയിക്കും. ഇത് കുഞ്ഞിന്‍റെ ഹൃദത്തിന്‍റെയും വൃക്കകളുടെയും ദീർഘകാല വികാസത്തെ ബാധിച്ചേക്കും. കൂടാതെ പ്ലാസന്‍റൽ അബ്രപ്ഷൻ പോലുള്ള സങ്കീർണതകൾ ഉണ്ടാകാനും ഉയർന്ന രക്തസമ്മർദ്ദം കാരണമാകാറുണ്ട്. ഇവയെല്ലാം അമ്മയുടെയും കുഞ്ഞിന്‍റെയും ആരോഗ്യത്തിന് അപകടകരമാണ്.
ഗർഭകാലത്ത് രക്തത്തിലെ പഞ്ചസാരയുടെ അളവും രക്തസമ്മർദ്ദവും ശരിയായി നിലനിർത്താൻ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. ഇത് അമ്മയെയും കുഞ്ഞിനേയും ആരോഗ്യത്തോടെ നിലനിർത്താൻ സഹായിക്കും. ഇത്തരം അവസ്ഥകൾ തടയാൻ ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
ഗർഭകാലത്ത് രക്തസമ്മർദ്ദവും രക്തത്തിലെ പഞ്ചസാരയുടെ അളവും നിരീക്ഷിക്കുക. അതിനായി പാതിവ് പരിശോധനകൾ നടത്താം.ഗർഭാവസ്ഥയിൽ അമ്മയുടെയും കുഞ്ഞിന്‍റെയും ആരോഗ്യം നിലനിർത്താൻ പോഷക സമ്പന്നമായ ഭക്ഷണങ്ങൾ കഴിക്കേണ്ടത് വളരെ പ്രധാനമാണ്. അതിനാൽ ധാന്യങ്ങൾ, മെലിഞ്ഞ പ്രോട്ടീനുകൾ, പച്ചക്കറികൾ, പഴങ്ങൾ എന്നിവ ഡയറ്റിൽ ഉൾപ്പെടുത്തുക.
പതിവായി വ്യായാമം ചെയ്യുന്നത് അമ്മയുടെയും കുഞ്ഞിന്‍റെയും ക്ഷേമം ഉറപ്പാക്കുകയും സങ്കീർണതകൾ തടയാൻ സഹായിക്കുകയും ചെയ്യും. എന്നാൽ വ്യായാമം ചെയ്യുന്നതിന് മുമ്പ് ഡോക്‌ടറുടെ നിർദേശം തേടേണ്ടതാണ്.
പുകവലി, മദ്യം ഉൾപ്പെടെയുള്ള ലഹരിവസ്‌തുക്കളുടെ ഉപയോഗം പൂർണമായും ഒഴിവാക്കുക. ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നത് അമ്മയുടെയും കുഞ്ഞിന്‍റെയും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ഭാവിയിൽ ഹൃദയ സംബന്ധമായ രോഗങ്ങൾക്കുള്ള സാധ്യത കുറയ്ക്കാനും ഗുണം ചെയ്യും.
















