ഹോളിവുഡ് നടൻ കീനു റീവ്സ് വിവാഹിതനായി. എഴുത്തുകാരിയും വിഷ്വൽ ആർട്ടിസ്റ്റുമായ അലക്സാണ്ട്ര ഗ്രാന്റ് ആണ് വധു. ദീർഘകാലമായി ഇരുവരും പ്രണയത്തിലായിരുന്നു. യൂറോപ്പിൽ വെച്ച് ലളിതമായി നടന്ന വിവാഹ ചടങ്ങിൽ അടുത്ത ബന്ധുക്കളും കുടുംബാംഗങ്ങളും മാത്രമാണ് പങ്കെടുത്തത്.
അതേസമയം വിവാഹത്തെക്കുറിച്ച് ഇരുവരും ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല. 61കാരനായ കീനു റീവ്സും 52 കാരിയായ അലക്സാൻഡ്ര ഗ്രാന്റും 2019ൽ ആണ് പ്രണയബന്ധം ആദ്യമായി പരസ്യപ്പെടുത്തുന്നത്. 2009 ലാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടിയത്. സൗഹൃദം പിന്നീട് പ്രണയമായി വളരുകയായിരുന്നു. എഴുത്തുകാരിയും വിഷ്വൽ ആർട്ടിസ്റ്റുമാണ് അലക്സാൻഡ്ര ഗ്രാന്റ്.
1999ൽ ജെന്നിഫർ സൈമുമായി പ്രണയത്തിലായിരുന്നു റീവ്സ്. ഈ കാലത്താണ് ഇരുവർക്കും തങ്ങളുടെ കുഞ്ഞിനെ നഷ്ടമാകുന്നത്. ഗർഭാവസ്ഥയിൽ തന്നെ കുഞ്ഞ് മരിക്കുകയായിരുന്നു. രണ്ട് വർഷത്തിന് ശേഷം, ജെന്നിഫർ സൈം ഒരു കാർ അപകടത്തിൽ മരിച്ചു. റീവ്സിന്റെ ജീവിതത്തിലേക്ക് വീണ്ടും ആശ്വാസവും സമാധാനവും തിരികെ കൊണ്ടുവന്നത് അലക്സാൻഡ്ര ആണെന്ന് റീവ്സിന്റെ സുഹൃത്തുക്കൾ പ്രതികരിച്ചിരുന്നു.
















