45 വര്‍ഷം മുൻപത്തെ അതിര്‍ത്തി തര്‍ക്കത്തിന്റെ പേരിൽ കോഴിക്കോട് താമരശ്ശേരി തച്ചംപൊയിലില്‍ തൊഴിലുറപ്പ് ജോലിക്ക് പോവുകയായിരുന്ന വയോധികന് ക്രൂരമര്‍ദനം. പുളിയാറ ചാലില്‍ മൊയ്തീന്‍കോയയ്ക്കാണ് മര്‍ദനമേറ്റത്. മുൻപ് ഇയാളുടെ അയല്‍വാസിയായിരുന്ന അസീസ് ഹാജിയാണ് മര്‍ദിച്ചത്.
45 വര്‍ഷം മുമ്പ് മൊയ്തീന്‍കോയയും അസീസ് ഹാജിയും തമ്മില്‍ അതിര്‍ത്തി തര്‍ക്കമുണ്ടായിരുന്നു.അസീസ് ഹാജി മറ്റൊരിടത്തേക്ക് താമസം മാറുകയും ഇരുവരും തമ്മിലുള്ള അതിർത്തി തർക്കം നാട്ടുകാർ പറഞ്ഞ് പരിഹരിക്കുകയും ചെയ്തിരുന്നു. എന്നാൽ കഴിഞ്ഞദിവസം മറ്റു തൊഴിലാളികള്‍ക്കൊപ്പം മൊയ്തീന്‍ കോയ അസീസ് ഹാജിയുടെ പറമ്പില്‍ തൊഴിലുറപ്പിന് പോയിരുന്നു. ജോലിക്കാരുടെ കൂടെ മൊയ്തീന്‍കോയ ഉണ്ടെന്ന് അറിഞ്ഞ അസീസ് ഹാജി തൊഴിലുറപ്പ് പദ്ധതിയുടെ ചുമതലയുള്ള സുഹറയെ വിളിച്ച് മൊയ്തീന്‍കോയയെ തന്റെ പറമ്പില്‍ കയറ്റരുത് എന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ അസീസ് ഹാജിയുടെ പറമ്പില്‍ പോകാതെ മറ്റൊരു സ്ഥലത്തേക്കാണ് മൊയ്തീന്‍ കോയയെ ജോലി ഏൽപ്പിച്ചിരുന്നത്. എന്നാൽ റോഡില്‍ കാത്തിരിക്കുകയായിരുന്ന അസീസ് ഹാജി മൊയ്തീന്‍ കോയയെ വിളിച്ചു വരുത്തി റോഡില്‍ വെച്ച് ക്രൂരമായി മര്‍ദിക്കുകയായിരുന്നു. അവിടെ ഉണ്ടായിരുന്ന തൊഴിലുറപ്പ് തൊഴിലാളികള്‍ ഇടപെട്ടാണ് അസീസ് ഹാജിയെ പിടിച്ചു മാറ്റിയത്. താമരശ്ശേരി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
STORY HIGHLIGHT: thozhilurapp worker attacked
















