മലയാളികൾ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ഒരു ചിത്രമാണ് ദൃശ്യം 3. മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യത്തിന്റെ ആദ്യ രണ്ട് ഭാഗങ്ങൾ മലയാള സിനിമ പ്രേക്ഷകർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. ഇപ്പോഴിതാ ചിത്രത്തിന്റെ മൂന്നാം ഭാഗം ചിത്രീകരണത്തിനൊരുങ്ങുമ്പോൾ ജോർജുകുട്ടി എന്തെങ്കിലും ഒരു കുഴപ്പം ഉണ്ടാക്കും എന്ന സൂചന നൽകിയിരിക്കുകയാണ് ചിത്രത്തിലെ നായകൻ മോഹൻലാൽ. മാധ്യമങ്ങളുടെ ചോദ്യത്തോടായിരുന്നു താരത്തിന്റെ പ്രതികരണം. ‘ജോർജുകുട്ടി എന്തെങ്കിലും ഒരു കുഴപ്പം ഉണ്ടാക്കും, പേടിക്കണ്ട’ എന്നാണ് മാധ്യമ പ്രവർത്തകയുടെ ചോദ്യത്തിന് മോഹൻലാൽ മറുപടി നൽകുന്നത്.
‘ദൃശ്യം 3 ചിത്രീകരണം തുടങ്ങുകയാണ്. ഈ സിനിമ ഒരു തടസ്സവും കൂടാതെ ഷൂട്ടിങ് നടക്കണേ, ചിത്രം ഏറ്റവും വലിയ സൂപ്പർഹിറ്റ് ആയി മാറണേ എന്നാണ് ഓരോ പൂജാ ചടങ്ങിലും മനസുകൊണ്ട് പ്രാർഥിക്കുന്നത്. അതുപോലെ ഞാൻ ഇന്നും പ്രാർഥിക്കുന്നു. ദൃശ്യം ഒന്നും രണ്ടും മനസ്സിലേറ്റിയ പ്രേക്ഷകർ മൂന്നും മനസ്സിലേറ്റി നടക്കട്ടേയെന്നാണ് പ്രാർഥന’, മോഹൻലാൽ പറഞ്ഞു.
‘ജോർജുകുട്ടി എന്തെങ്കിലും കുഴപ്പമുണ്ടാക്കും, പേടിക്കേണ്ട’, എന്നായിരുന്നു ചിത്രത്തെക്കുറിച്ച് മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് മോഹൻലാൽ തമാശരൂപേണ പ്രതികരിച്ചത്. ‘ഈ ആകാംക്ഷയാണ് ‘ദൃശ്യ’ത്തിന്റെ സവിശേഷത. കഥ പറയല്ലേ എന്ന് സംവിധായകൻ എന്നോട് പറഞ്ഞു, അതുകൊണ്ട് പറയാൻ പറ്റില്ല’- മോഹൻലാൽ കൂട്ടിച്ചേർത്തു.
അതേസമയം ജോർജുകുട്ടിയുടെ കുടുംബത്തിൽ എന്താണ് സംഭവിക്കുന്നത്, അവരുടെ ഇപ്പോഴത്തെ അവസ്ഥ എന്താണ് തുടങ്ങിയവയാണ് ചിത്രത്തിന്റെ പ്രമേയമെന്ന് സംവിധായകൻ ജീത്തു ജോസഫ് പറഞ്ഞു. ദൃശ്യം, ദൃശ്യം 2 എന്നീ ചിത്രങ്ങളേക്കാൾ ഉയർന്ന ചിത്രമാണ് ദൃശ്യം 3 എന്ന് ചിന്തിക്കേണ്ടതില്ല. നാലര വർഷങ്ങൾക്ക് ശേഷം ജോർജുകുട്ടിയുടെ കുടുംബത്തിലുണ്ടാകുന്ന മാറ്റങ്ങളാകും സിനിമയിലുണ്ടാകുകയെന്നും ജീത്തു പറഞ്ഞു.
















