ദക്ഷിണേന്ത്യയിലെ പ്രധാന ക്ഷേത്രങ്ങളാണ് മധുരയിലെ പ്രസിദ്ധമായ മീനാക്ഷി അമ്മന്‍ ക്ഷേത്രം, തിരുപ്പതി, കാഞ്ചിപുരം തുടങ്ങിയവ. ദക്ഷിണേന്ത്യന്‍ ക്ഷേത്ര നഗരങ്ങൾ രുചികരമായ തനതു വിഭവങ്ങളാലും പ്രസിദ്ധമാണ്. മധുരയിലെ പ്രസിദ്ധമായ ഇഡ്ഡലി സാമ്പാറും ചട്‌നിയും, കാഞ്ചിപുരത്തെ കറുമുറു മുറുക്കുകളും ഉഡുപ്പിയിലെ നെയ്യ് ദോശ, രസം, ലഡ്ഡു എന്നിങ്ങനെ ഭക്തിയ്ക്കൊപ്പം ഭക്ഷണ വൈവിധ്യത്തിന്റെയും കേന്ദ്രങ്ങളായ ചില ദക്ഷിണേന്ത്യന്‍ ക്ഷേത്ര നഗരങ്ങളെ പരിചയപ്പെടാം.
മധുര, തമിഴ്‌നാട്
മധുരയിലെ പ്രസിദ്ധമായ മീനാക്ഷി അമ്മന്‍ ക്ഷേത്രം പോലെ തന്നെ പ്രസിദ്ധമാണ് അവിടുത്തെ തെരുവുകളിലെ ഭക്ഷണങ്ങളും. ആവി പറക്കുന്ന ഇഡ്ഡലിയും മട്ടണ്‍ കറിയും നാട്ടുകാര്‍ക്ക് ഏറെ പ്രിയമാണ്. ഭക്തിഗാനങ്ങളാലും മന്ത്രങ്ങളാലും മാത്രമല്ല ചൂടു പൊറോട്ടയുടെ മണംകൊണ്ടും സമ്പന്നമാണ് മധുരയിലെ തെരുവുകള്‍. ജിഗര്‍തണ്ട എന്നറിയപ്പെടുന്ന പാലും ബദാമും ഐസ്‌ക്രീമുമെല്ലാം ചേര്‍ന്ന വിഭവം രുചിക്കാതെ മധുരയില്‍ നിന്നും മടങ്ങരുത്. മധുരയില്‍ നിന്നും ആരംഭിച്ച മുരുകന്‍ ഇഡ്ഡലി ഷോപ്പുകളില്‍ ഒന്നില്‍ കയറി ഇഡ്ഡലി സാമ്പാറും ചട്‌നിയും ചേര്‍ത്തു കഴിക്കാനും മറക്കരുത്.
ഉഡുപ്പി, കര്‍ണാടക
ഏതു നാട്ടിലും ഉഡുപ്പി റസ്റ്ററന്റുകള്‍ കാണാനാവും. അപ്പോള്‍ ഉഡുപ്പിയില്‍ തന്നെ നേരിട്ടു പോയി തനതു വിഭവങ്ങള്‍ കഴിച്ചാലോ? ഉഡുപ്പി കൃഷ്ണ ക്ഷേത്രത്തിനു മാത്രമല്ല ഐതിഹാസികമെന്നു വിശേഷിപ്പിക്കാവുന്ന ഉഡുപ്പി വിഭവങ്ങള്‍ക്കു കൂടി പ്രസിദ്ധമാണ്. ഇവിടുത്തെ ഉള്ളിയോ വെളുത്തുള്ളിയോ ഉപയോഗിക്കാത്ത സാത്വിക് ശൈലിയിലാണ് വിഭവങ്ങള്‍ ഒരുക്കുക. ഭക്ഷണവും ഭക്തിയും സാത്വികമാവുന്ന അപൂര്‍വ സ്ഥലമാണ് ഉഡുപ്പി. സാമ്പാര്‍, നെയ്യ് ദോശ, രസം, ലഡ്ഡു എന്നിങ്ങനെയുള്ള വിഭവങ്ങള്‍ക്ക് ഉഡുപ്പിയില്‍ അവിടുത്തെ തനതു രുചിയില്‍ ആസ്വദിക്കാനാവും.
കാഞ്ചിപുരം, തമിഴ്‌നാട്
തമിഴ്‌നാട്ടിലെ കാഞ്ചിപുരം പട്ടു സാരികള്‍ക്കും ഇകംബരേശ്വരര്‍, കൈലാസനാഥര്‍ ക്ഷേത്രങ്ങള്‍ക്കും മാത്രമല്ല തനതു ഭക്ഷണ വിഭവങ്ങള്‍ക്കും പ്രസിദ്ധമാണ്. വാഴയിലയില്‍ വിളമ്പുന്ന ചൂട് കാഞ്ചിപുരം ഇഡ്ഡലി രുചിയുടെ പുതു മസാലക്കൂട്ടുകള്‍ തീര്‍ക്കും. ശര്‍ക്കര രുചിയിലുള്ള പാനീയങ്ങളും അതിരസത്തിന്റെ മധുരവും കറുമുറു മുറുക്കുകളുമെല്ലാം ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്നതിനിടെ രുചിച്ചു നോക്കാം. ഇടക്ക് കാഞ്ചീപുരം പട്ടു സാരികളുടെ നെയ്ത്തു ശാലകളും സന്ദര്‍ശിക്കാം. ചെന്നൈയില്‍ നിന്നും 75 കിലോമീറ്റര്‍ മാത്രം അകലെയാണ് കാഞ്ചീപുരം.
രാമേശ്വരം, തമിഴ്‌നാട്
രാമേശ്വരം ക്ഷേത്രവും പാമ്പന്‍ പാലവും തൊട്ടടുത്തുള്ള ധനുഷ്‌കോടിയുമെല്ലാം ചേര്‍ന്നു മലയാളിക്ക് മികച്ചൊരു യാത്രാ പാക്കേജാണ് രാമേശ്വരം. കടല്‍ വിഭവങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ക്കു രുചിച്ചു നോക്കാന്‍ നിരവധി വിഭവങ്ങള്‍ ഇവിടെ ലഭിക്കും. പരമ്പരാഗത തമിഴ് പച്ചക്കറി വിഭവങ്ങള്‍ക്കൊപ്പം മീന്‍ കുഴമ്പും(മീന്‍ കറി), ഞണ്ട് ഫ്രൈയും ചെമ്മീന്‍ വിഭവങ്ങളുമെല്ലാം ചേര്‍ന്നു വായില്‍ കപ്പലോടിക്കും. അടുത്തുള്ള വിമാനത്താവളം മധുരയാണ്(170 കിലോമീറ്റര്‍ അകലെ).
ശ്രീരങ്കം, തമിഴ്‌നാട്
രങ്കനാഥസ്വാമി ക്ഷേത്രത്തിന്റെ പേരില്‍ അറിയപ്പെടുന്ന ചെറു ദ്വീപ് നഗരമാണ് ശ്രീരങ്കം. ഇവിടുത്തെ പ്രധാന പ്രസാദമായ അക്കരവാടിസല്‍ രുചിയുടെ മധുരസ്മരണകള്‍ തീര്‍ക്കും. ചെറു ഇടവഴികളില്‍ പപ്പടവും അച്ചാറും നിര്‍മിക്കുന്ന വീടുകള്‍ നിരവധിയുണ്ട്. ഈ വഴികളിലൂടെ വെറുതേ നടക്കുമ്പോള്‍ പോലും രുചിയെ നിയന്ത്രിക്കുന്ന ഗന്ധങ്ങള്‍ മൂക്കില്‍ വന്നു നിറയും. മറ്റൊരു പ്രസാദമാണ് പുളിയോടര അഥവാ പുളി സാദം. ക്ഷേത്രപരിസരങ്ങളില്‍ മുറുക്കും കായ വറുത്തതും ഫില്‍ട്ടര്‍ കാപ്പിയും വില്‍ക്കുന്ന കടകളും ധാരാളമായുണ്ട്. തിരുച്ചിറപ്പള്ളി വിമാനത്താവളത്തില്‍ നിന്നും 15 കിലോമീറ്റര്‍ മാത്രം അകലെയാണ് ശ്രീരങ്കം.
തിരുപ്പതി, ആന്ധ്ര പ്രദേശ്
തിരുമല വെങ്കടേശ്വര ക്ഷേത്രത്തിന്റെ പേരിലാണ് തിരുപ്പതി കൂടുതല്‍ പ്രസിദ്ധം. ഇവിടുത്തെ പ്രസാദമായ തിരുപ്പതി ലഡുവിനും ലോകമെങ്ങും ആരാധകരുണ്ട്. കയ്യില്‍ ഒതുങ്ങാത്ത നെയ്യ് മണമുള്ള തിരുപ്പതി ലഡു കഴക്കണമെന്നില്ല കണ്ടവര്‍ പോലും മറക്കാനിടയില്ല. ആന്ധ്ര ശൈലിയിലുള്ള വിഭവങ്ങള്‍ക്കും ചട്‌നികള്‍ക്കും വടകള്‍ക്കും പ്രസിദ്ധമാണ് തിരുപ്പതി. ഉപ്പുമാവും തക്കാളി ചട്‌നിയുമെല്ലാം പ്രത്യേക രുചിയുള്ള വിഭവങ്ങളാണ്.
തിരുവനന്തപുരം
മറ്റേതൊരു ക്ഷേത്ര നഗരത്തേയും പോലെ അതിരാവിലെ ഉണര്‍ന്ന് രാത്രി വൈകും മുമ്പേ ഉറങ്ങുന്ന നഗരമാണ് തിരുവനന്തപുരം. കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരം വിഖ്യാതമായ പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ കൂടി നാടാണ്. അനന്തപത്മനാഭന്റെ മണ്ണ് രുചി വൈവിധ്യത്തിന്റേയും കൂടിയാണ്. ബോളിയാണ് അത്തരം വിഭവങ്ങളിലൊന്ന്. മെയ് ബോളി, കല്യാണ ബോളി, തേങ്ങ നിറച്ച ബോളി എന്നിങ്ങനെ പല വിധം ബോളികളുണ്ട്. പായസം ചേര്‍ത്തു ബോളി ഒരു പിടി പിടിച്ചിട്ടുള്ള മധുര പ്രിയരൊന്നും ആ രുചി മറക്കാനിടയില്ല. മാംസാഹാരം ഇഷ്ടപ്പെടുന്നവര്‍ക്ക് പുട്ടും മട്ടണും, കേത്തല്‍സ് ചിക്കനുമെല്ലാം ആവേശമാവും. ഇരുളാവുന്നതിനു മുൻപേ തട്ടുകടകളും ചൂടു വിഭവങ്ങളും തിരുവനന്തപുരത്ത് സജീവമാകും.
















