അടുക്കളയിലെ ചില സാധാരണ ചേരുവകൾ പോലും ഓർമശക്തി വർധിപ്പിക്കാൻ സഹായിക്കും. അത്തരത്തിൽ ഒന്നാണ് ഒലിവ് ഓയിൽ. കേൾക്കുമ്പോൾ അതിശയമൊക്കെ തോന്നാം. എന്നാൽ സംഗതി സത്യമാണ്. തലച്ചോറിന്‍റെ ആരോഗ്യം നിലനിർത്തുന്നതിന് ലോകത്തെ തന്നെ ഏറ്റവും ശക്തമായ ഒരു ഭക്ഷ്യവസ്‌തുവാണ് ഒലിവ് ഒയിലെന്ന് വിദഗ്‌ധർ പറയുന്നു.
ദിവസേന അര ടീസ്‌പൂൺ ഒലിവ് ഓയിൽ ചെറുചൂടുവെള്ളത്തിൽ ചേർത്ത് കഴിക്കുന്നത് ഓർമശക്തി മെച്ചപ്പെടുത്താനും ഓർമ്മക്കുറവിനുള്ള സാധ്യത കുറയ്ക്കാനും സഹായിക്കും. പ്രതിദിനം 7 ഗ്രാം ഒലിവ് ഓയിൽ കഴിക്കുന്നത് ഡിമെൻഷ്യയുമായി ബന്ധപ്പെട്ടുണ്ടാകുന്ന മരണ സാധ്യത 28 ശതമാനം കുറച്ചതായി ജെഎഎംഎ നെറ്റ്‌വർക്കിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു. 28 വർഷത്തിനിടെ 92,383 പേരിലാണ് പഠനം നടത്തിയത്. ഒലിവ് ഓയിലിൽ അടങ്ങിയിട്ടുള്ള സംയുക്തങ്ങൾ തലച്ചോറിന്‍റെ പ്രവർത്തനത്തെ സജീവമാക്കാനും ആരോഗ്യത്തോടെ നിലനിത്താനും ഗുണം ചെയ്യും.
ആരോഗ്യകരമായ കൊഴുപ്പുകളുടെ സമ്പന്ന സ്രോതസാണ് ഒലിവ് ഓയിൽ. ഇത് വൈജ്ഞാനിക പ്രവർത്തനത്തിന് നിർണായകമായ ന്യൂറോപ്ലാസ്റ്റിറ്റി, മസ്‌തിഷ്‌ക കോശങ്ങളുടെ വഴക്കം, രക്തയോട്ടം എന്നിവ മെച്ചപ്പെടുത്താൻ സഹായിക്കും. കൂടതെ ഒലിവ് ഓയിൽ അടങ്ങിയിട്ടുള്ള മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ തലച്ചോറിലെ വീക്കം, ഓക്‌സിഡേറ്റീവ് സമ്മർദ്ദം എന്നിവ കുറയ്ക്കുകയും രക്തം കട്ടപിടിക്കുന്നത് തടയുകയും ചെയ്യും. ഇവയെല്ലാം മൊത്തത്തിലുള്ള വൈജ്ഞാനിക ആരോഗ്യത്തെയും ഓർമശക്തിയെയും പിന്തുണയ്ക്കും.
ഒലിവ് ഓയിലിൽ സസ്യ ആന്‍റി ഓക്‌സിഡന്‍റുകളായ പോളിഫെനോളുകളും ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട്. ഓർമക്കുറവിന് കാരണമാകുന്ന ഓക്‌സിഡേറ്റീവ് സമ്മർദ്ദത്തിനെതിരെ പോരാടാനും വീക്കം കുറയ്ക്കാനും ഇത് സഹായിക്കും. മാത്രമല്ല അൽഷിമേഴ്‌സ് രോഗങ്ങളുമായി ബന്ധപ്പെട്ട ബീറ്റാ-അമിലോയിഡ് പ്ലേക്കുകൾ, ടൗ ടാംഗിളുകൾ എന്നിവ നീക്കം ചെയ്യാനും ഇത് ഗുണകരമാണ്.
ഒരു ഗ്ലാസ് ചെറുചൂടുവെള്ളത്തിൽ അര ടീസ്‌പൂൺ (ഏകദേശം 2.5 മില്ലി) ഒലിവ് ഓയിൽ ചേർത്ത് ഇളക്കി യോജിപ്പിക്കുക. രാവിലെ ഒഴിഞ്ഞ വയറ്റിൽ കഴിക്കുക. ദിവസേന ഇത് ആവർത്തിക്കുക. പതിവായി കഴിച്ചാൽ മാത്രമേ ഓർമശക്തി മെച്ചപ്പെടുത്താൻ സാധിക്കൂ. അതേസമയം ഇളം ചൂടുള്ളവെള്ളം മാത്രം ഉപയോഗിക്കാൻ ശ്രദ്ധിക്കുക. ചൂട് കൂടുതലായാൽ ഒലിവ് ഓയിലിലെ പോളിഫെനോളുകളെ നശിപ്പിക്കാൻ കാരണമാകും. ഒലിവ് ഓയിൽ ഫ്രഷും ഇരുണ്ട നിറത്തിലുള്ള കുപ്പിയിൽ സൂക്ഷിക്കുന്നതുമാണെന്ന് ഉറപ്പ് വരുത്തുക. പരമാവധി ഗുണങ്ങൾ ലഭിക്കാൻ എക്‌സ്‌ട്രാ വെർജിൻ ഒലിവ് ഓയിൽ തെരഞ്ഞെടുക്കാം. ഇതിൽ ആന്‍റി ഓക്‌സിഡന്‍റുകളും പോളിഫെനോളുകളും ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട്.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഒലിവ് ഓയിലിൽ കലോറി കൂടുതലാണ്. അതിനാൽ ശരീരഭാരം കുറയ്ക്കാനോ കൂട്ടാനോ ശ്രമിക്കുന്നവർ ഈ പാനീയം ഒഴിവാക്കുന്നതാണ് നല്ലത്.
ചില ആളുകളിൽ ഒലിവ് ഓയിലിന്‍റെ ഉപയോഗം ഓക്കാനം, വയറിളക്കം തുടങ്ങിയ പ്രശ്‌നങ്ങൾക്ക് കാരണമാകാറുണ്ട്. അതിനാൽ ഇക്കൂട്ടർ വളരെ ശ്രദ്ധയോടെ വേണം ഇത് കഴിക്കാൻ.
രക്തം കട്ടയാകുന്നത് തടയാനുള്ള മരുന്നുകൾ കഴിക്കുന്ന ആളുകൾ ഡയറ്റിൽ ഒലിവ് ഓയിൽ ഉൾപ്പെടുത്തുന്നതിന് മുമ്പ് ഡോക്‌ടറുടെ നിർദേശം തേടുക.
















