ഷെയ്ൻ നിഗം അഭിനയിക്കുന്ന ‘ബൾട്ടി’ എന്ന സിനിമയുടെ പ്രൊമോഷന് വേണ്ടി ഒരു കോളജിൽ എത്തിയപ്പോൾ നടനെ ആരാധിക തോണ്ടി വിളിക്കുന്നതും ഷെയ്ൻ ആ പെൺകുട്ടിയെ ശ്രദ്ധിക്കാതെ നടന്നു പോകുന്നതുമായ വിഡിയോ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. അതിനു നിരവധി വിമർശനങ്ങളാണ് നടൻ നേരിടേണ്ടി വന്നത്. ഇപ്പോഴിതാ വൈറൽ വിഡിയോയ്ക്ക് വിശദീകരണവുമായി നടൻ ഷെയ്ൻ നിഗവും കോളജ് വിദ്യാർഥിനിയും.
ഒരു പെൺകുട്ടി വിളിച്ചത് ശ്രദ്ധിക്കാതെ നടന്നുപോകുന്ന ഷെയ്നിന് അഹങ്കാരമാണെന്നും ആരാധകരോട് പെരുമാറാൻ അറിയില്ലെന്നുമൊക്കെയുള്ള വിമർശനങ്ങൾ ഉയർന്നു. എന്നാൽ, തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ വിഡിയോ എഡിറ്റ് ചെയ്ത് അപ്‍ലോഡ് ചെയ്തതുകൊണ്ടാണ് നടന്ന കാര്യത്തിൽ വ്യക്തത ഇല്ലാതെ പോയതെന്ന് വെളിപ്പെടുത്തി ഷെയ്ൻ നിഗം തന്നെ രംഗത്തെത്തി.
വൈറൽ വിഡിയോയിൽ താരത്തെ തോണ്ടി വിളിച്ച പെൺകുട്ടിയെ അടുത്തൊരു പ്രൊമോഷൻ പരിപാടിയിലേക്ക് നേരിട്ട് ക്ഷണിച്ച താരം, അന്ന് നടന്ന കാര്യങ്ങൾ വിശദമാക്കുകയും ചെയ്തു. തനിക്കിതൊക്കെ ശീലമുള്ളതാണെന്നും എന്നാൽ തെറ്റിദ്ധരിച്ചവരോട് വിശദീകരണം നൽകാൻ താൻ ബാധ്യസ്ഥനാണെന്നും ഷെയ്ൻ പറഞ്ഞു.
‘‘ആ വിഡിയോ എഡിറ്റ് ചെയ്ത ആളോട് ഒരു നന്ദി പറയാനുണ്ട്. കാരണം ഞാൻ തിരിഞ്ഞു നോക്കി വിഷ് ചെയ്തിരുന്നു. പക്ഷേ അത് കട്ട് ചെയ്തു കളഞ്ഞു. കുഴപ്പമില്ല, ഇതെനിക്ക് ശീലമുള്ളതാണ്. ഇതൊക്കെ കുറെ കണ്ടിട്ടുള്ളതുകൊണ്ട് കുഴപ്പമില്ല. പക്ഷേ എന്തുകൊണ്ട് ഞാൻ മൈൻഡ് ചെയ്യാതെ പോയി എന്ന് സ്വാഭാവികമായി ചിന്തിച്ചവർ ഉണ്ടാകുമല്ലോ, അവരോട് പറയുകയാണ്, ഇന്നത്തെ കാലത്ത് ഇങ്ങനെയുള്ള വിഡിയോസ് ആണ് വൈറൽ ആകുന്നത്.
നെഗറ്റിവിറ്റിയാണ് ഇപ്പോൾ കൂടുതൽ പ്രചരിക്കുന്നത്. ഞങ്ങൾ ഇറക്കിയ പാട്ടിനേക്കാൾ റീച്ച് ഉണ്ട് അതിന്. ഞാൻ അറിയാതെ ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ ക്ഷമ ചോദിക്കുന്നു,’ ഷെയ്ൻ പറഞ്ഞു.വൈറലായ വിഡിയോയിലെ പെൺകുട്ടിയെ സിനിമയുടെ പ്രമോഷന് വിളിക്കുകയും മുഴുവൻ ടീമിനോടൊപ്പം പെൺകുട്ടിയെ നിർത്തി ഗ്രൂപ്പ് ഫോട്ടോ എടുക്കുകയും ചെയ്തുകൊണ്ടാണ് ഷെയ്ൻ ഈ വിവാദത്തിന് മറുപടി നൽകിയത്.
വിവാദമായ വിഡിയോയിൽ നടന്ന കാര്യങ്ങളെക്കുറിച്ച് കോളജ് വിദ്യാർഥിയായ പെൺകുട്ടിയും പ്രതികരിച്ചു. ‘‘ഇങ്ങനെ ഒരു വിഡിയോ ഇറങ്ങുമെന്ന് കരുതിയില്ല. ഞാൻ ആദ്യമേ തന്നെ ഷെയ്‌നിന് ഷേക്ക് ഹാൻഡ് കൊടുത്തിട്ട് നിൽക്കുകയായിരുന്നു. എന്റെ പിന്നിൽ നിന്ന ഒരു ചേച്ചിക്ക് ഒരു ഷേക്ക് ഹാൻഡ് കൊടുക്കണം എന്ന് പറഞ്ഞപ്പോഴാണ് ഞാൻ തോണ്ടിയത്. ആ തോണ്ടൽ മാത്രമേ വിഡിയോയിൽ ഉള്ളൂ. അതിൽ കാണിക്കുന്നത് എന്നെയാണ്. ഷെയ്ൻ നിഗം വിചാരിച്ചത് ആ സമയത്ത് സ്‌ക്രീനിൽ കാണിച്ചു കൊണ്ടിരുന്ന വിഡിയോ അവിടെ നിൽക്കുന്നവർക്ക് ശരിക്ക് കാണാൻ വേണ്ടി അദ്ദേഹത്തോട് മാറി നിൽക്കാൻ ആവശ്യപ്പെട്ട് തോണ്ടിയതാണ് എന്നാണ്. ഷെയിനിന്റെ സിനിമയൊക്കെ കണ്ടിട്ടുണ്ട്. നല്ല ഇഷ്ടമാണ്. സിനിമാതാരങ്ങളെ ഒക്കെ അടുത്ത് കാണാൻ കിട്ടുന്നത് ഭാഗ്യമാണ്. ഇത്ര അടുത്ത് നേരിൽ കാണാൻ പറ്റുമെന്ന് പ്രതീക്ഷിച്ചില്ല,’’ പെൺകുട്ടി പറഞ്ഞു.
















