രക്തത്തിൽ നിന്നുള്ള വിഷവസ്തുക്കൾ നീക്കംചെയ്യുക, പിത്തരസം ഉത്പാദിപ്പിക്കുക, പോഷകങ്ങൾ ശേഖരിക്കുക, മെറ്റബോളിസം നിയന്ത്രിക്കുക തുടങ്ങിയണ് കരളിന്റെ ധർമം. അതിനാൽ കരളിന്റെ ആരോഗ്യം ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. അമിതമായ മദ്യപാനം കരളിനെ മോശമായി ബാധിക്കുകയും ഫാറ്റി ലിവർ, സിറോസിസ് തുടങ്ങിയ രോഗങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു.
മദ്യപാനം, അണുബാധകൾ ഉൾപ്പടെയുള്ള പല കാരണങ്ങൾ കൊണ്ട് പ്രായം കുറഞ്ഞവരിൽ പോലും കരൾരോഗങ്ങൾ വർധിച്ചുവരികയാണ്. ലോകത്തെ ഒരു വലിയ വിഭാഗം ജനങ്ങളിലും ഇന്ന് കരൾരോഗങ്ങളുണ്ട്. ഹെപറ്റൈറ്റിസ്, ഫാറ്റി ലിവർ ഡിസീസ്, സിറോസിസ്, ലിവർ കാൻസർ തുടങ്ങിയ ഇതിൽ ഉൾപ്പെടുന്നു.
രോഗലക്ഷണങ്ങൾ എത്രയും വേഗം തിരിച്ചറിയുന്നത് വളരെ പ്രധാനമാണ്. യഥാസമയം രോഗം കണ്ടെത്തിയാൽ അസുഖത്തെ നിയന്ത്രിക്കാന്‍ സാധിക്കുകയും രോഗം പൂർണമായി മാറ്റിയെടുക്കാനുള്ള സാധ്യത കൂടുകയും ചെയ്യും. ഗാസ്ട്രോഎൻറോളജിസ്റ്റും കരൾരോഗവിദഗ്ധനുമായ ഡോ. സൗരഭ് സെഥി സോഷ്യമീഡിയയിൽ പങ്കുവച്ച, അവഗണിക്കരുതാത്ത 3 പ്രധാന ലക്ഷണങ്ങളെക്കുറിച്ച് അറിയാം
1. മഞ്ഞപ്പിത്തം
ചർമത്തിലും കണ്ണിലും മഞ്ഞനിറം കാണപ്പെടുന്നത് കരൾ രോഗങ്ങളുടെ സൂചനയായിരിക്കാം. സൂര്യപ്രകാശത്തിൽ നോക്കിയാൽ ശരിയായി മനസ്സിലാക്കാൻ സാധിക്കുമെന്ന് ഡോക്ടർ സെഥി പറയുന്നു.
2. വയറിലെ കൊഴുപ്പിന്റെ വർധന
ആഹാരക്രമത്തിൽ മാറ്റമൊന്നും വരുത്തിയില്ലെങ്കിലും വയറിന്റെ വലുപ്പത്തിൽ വളരെപെട്ടെന്ന് വർധനവുണ്ടായാൽ അതിനു പിന്നിൽ ലിവർ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകാമെന്ന് ഡോക്ടർ പറയുന്നു.
3. വേദന
വയറിന്റെ മുകളിൽ വലതു ഭാഗത്താണ് കരൾ സ്ഥിതിചെയ്യുന്നത്. ഈ ഭാഗത്ത് അസ്വസ്ഥത അനുഭവപ്പെടുന്നത് അവഗണിക്കരുതെന്ന് ഡോക്ടർ സോഷ്യൽമീഡിയയിൽ പങ്കുവച്ച് വിഡിയോയിൽ പറയുന്നു.
ക്ഷീണം, മൂത്രത്തിന് ഇരുണ്ട നിറം, ഓക്കാനം, ഛർദ്ദി, വിശപ്പില്ലായ്മ എന്നിവയും സൂക്ഷിക്കേണ്ട ലക്ഷണങ്ങളാണ്. ഇവയും ഒരുപക്ഷേ കരൾരോഗത്തിന്റെ സൂചനയായേക്കാം. സന്തുലിതമായ ആഹാരം, സ്ഥിരമായ വ്യായാമം, മദ്യപാനം കുറയ്ക്കുക, പുകവലി ഉപേക്ഷിക്കുക, ശരീരഭാരം നിയന്ത്രിക്കുക എന്നിവ കരളിന്റെ ആരോഗ്യം സംരക്ഷിക്കാനായി ചെയ്യേണ്ടത് അത്യാവശ്യമാണ്.
















