ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരമായ ദാദാസാഹേബ് ഫാൽക്കെ അവാർഡ് തിളക്കത്തിലാണ് നടൻ മോഹൻലാൽ. രാഷ്ട്രപതിയിൽ നിന്നും ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം മോഹൻലാൽ ഏറ്റുവാങ്ങിയതിന് പിന്നാലെ അഭിനന്ദന പ്രവാഹമാണ് ഉയരുന്നത്. പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം മോഹന്‍ലാല്‍ ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ പ്രതികരണമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. പുരസ്കാര നേട്ടത്തെ കുറിച്ചുള്ള ചോദ്യത്തോട് അഭിനേതാവെന്ന നിലയിൽ അവാർഡ് അഭിമാനമായി കാണുന്നുവെന്നും തനിക്ക് മാത്രമല്ല മലയാള സിനിമ മേഖലയ്ക്കും ഇത് അഭിമാന നിമിഷമാണെന്നും മോഹൻലാൽ പ്രതികരിച്ചു.
വളരെ കാലമായി മലയാള സിനിമ മേഖല അടക്കി ഭരിക്കുന്ന ഒരാളല്ലേ താങ്കൾ, അതേക്കുറിച്ച് സംസാരിക്കാമോ എന്നായിരുന്നു മാധ്യമ പ്രവർത്തകയുടെ അടുത്ത ചോദ്യം. മലയാള സിനിമയെ ഭരിക്കുകയല്ല, അതിൻ്റെ ഭാഗം മാത്രമാണ് താനെന്ന് പറഞ്ഞ് വിനയത്തോടെ മാധ്യമ പ്രവർത്തകയെ മോഹൻലാൽ തിരുത്തുകയായിരുന്നു. എഴുപത്തിയൊന്നാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര വേദിയിൽ വെച്ചാണ് രാഷ്ട്രപതിയില്‍ നിന്ന് മോഹന്‍ ലാല്‍ പുരസ്കാരം ഏറ്റുവാങ്ങിയത്. ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരമാണ് മോഹൻലാലിന് ലഭിച്ചത്. ആദ്യമായാണ് ഒരു മലയാള നടന് ഫാൽക്കെ പുരസ്കാരം ലഭിക്കുന്നത്.
STORY HIGHLIGHT : ‘I have not ruled Malayalam cinema, I am only a part of it’, Mohanlal corrects journalist
















