കൊച്ചി: നികുതി വെട്ടിച്ച് കടത്തിയ ആഡംബര വാഹനങ്ങൾ പിടിച്ചെടുത്തതിൽ ഊർജിത അന്വേഷണം തുടങ്ങി കസ്റ്റംസ്. രാജ്യ സുരക്ഷയെ തന്നെ ബാധിക്കുന്ന പ്രശ്നങ്ങളുണ്ടെന്ന വിലയിരുത്തലിൻ്റെ അടിസ്ഥാനത്തിൽ വിവരങ്ങൾ മറ്റ് കേന്ദ്ര ഏജൻസികൾക്ക് കൈമാറാനാണ് നീക്കം. ഭൂട്ടാനിൽ നിന്നടക്കം അനധികൃതമായി വാഹനങ്ങൾ കടത്തുന്നതിന് പിന്നിൽ കോയമ്പത്തൂർ കേന്ദ്രീകരിച്ചുള്ള തട്ടിപ്പ് സംഘമെന്നാണ് കസ്റ്റംസിൻ്റെ കണ്ടെത്തൽ. രണ്ട് വർഷത്തിനിടെ കേരളത്തിലെത്തിച്ചത് 200 ഓളം വാഹനങ്ങളാണ്. ഇന്ത്യൻ ആർമിയുടെയും, ഇന്ത്യൻ എംബസിയുടെയും പേരിൽ വ്യാജരേഖ ചമച്ച് പരിവാഹൻ സൈറ്റിലും കൃത്രിമം കാട്ടിയായിരുന്നു വാഹനക്കടത്ത്.
ചലച്ചിത്ര താരങ്ങളായ ദുൽഖർ സൽമാൻ, പൃഥ്വിരാജ്, അമിത് ചക്കാലയ്ക്കൽ തുടങ്ങിയവരുടെ വീടുകളിൽ ഉൾപ്പെടെ മുപ്പതോളം കേന്ദ്രങ്ങളിലാണ് കേരളത്തില്‍ പരിശോധന നടന്നത്. നടന്‍ ദുൽഖർ സൽമാൻ ഉൾപ്പടെ വാഹന ഉടമകൾക്ക് ഉടൻ നേരിട്ട് ഹാജരാകാൻ നോട്ടീസ് നൽകും. വീട്ടിൽ നിന്ന് രണ്ട് വാഹനങ്ങൾ പിടിച്ചെടുത്തതിൽ നടനും വാഹന ഡീലറുമായ അമിത് ചക്കാലക്കലിനെ ഇന്നലെ അർദ്ധ രാത്രി മുഴുവൻ കസ്റ്റംസ് ചോദ്യം ചെയ്തു. അമിത്തിന്റെ കൂടുതൽ കാറുകൾ പിടിച്ചെടുക്കാൻ സാധ്യതയുണ്ട്. വിദേശത്ത് നിന്ന് ആഡംബര വാഹനങ്ങൾ ഇറക്കുമതി ചെയ്തതിൽ കള്ളപ്പണം വെളുപ്പിക്കലിന്റെ സംശയങ്ങളുമുണ്ടെന്ന് കസ്റ്റംസ് കമ്മീഷണർ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ആ സാഹചര്യത്തിൽ ഇഡി കൂടി കേസെടുക്കാൻ സാധ്യതയുണ്ട്.
കടത്തിയത് ഭൂട്ടാൻ ആർമിയുടെ വാഹനങ്ങളാണോയെന്ന് സ്ഥിരീകരിക്കാൻ കസ്റ്റംസിനായിട്ടില്ല. തുടർ നടപടികളുടെ ഭാഗമായി സിനിമാതാരങ്ങൾ ഉൾപ്പെടെയുളള വാഹന ഉടമകളെ വിളിച്ച് വരുത്തി ചോദ്യം ചെയ്യും. കസ്റ്റംസ് നിയമപ്രകാരം നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം അവശ്യമെങ്കിൽ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്കും കസ്റ്റംസ് കടന്നേക്കും.
















