ന്യൂഡൽഹി: ഉത്തർപ്രദേശിൽ ബുൾഡോസർ രാജ് തടഞ്ഞ് ഉത്തരവിറക്കിയതിൽ തികഞ്ഞ സംതൃപ്തിയെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബി ആർ ഗവായ്. മനുഷ്യർ നേരിടുന്ന പ്രശ്നമാണ് വിധിന്യായത്തിന്റെ കാതൽ. ഒരാൾ ക്രിമിനലാണെന്നതിന് ഒരു കുടുംബം മുഴുവനും ബാധ്യത പേറേണ്ടി വരരുതെന്നും ചീഫ് ജസ്റ്റിസ് ബി ആർ ഗവായ് വ്യക്തമാക്കി.
2024 നവംബർ 13-നാണ് ജസ്റ്റിസുമാരായ ബി.ആർ. ഗവായിയും കെ.വി. വിശ്വനാഥനും അടങ്ങിയ സുപ്രീംകോടതി ബെഞ്ച് ബുൾഡോസർ നീതി നിയമരഹിതാവസ്ഥയ്ക്ക് തുല്യമാണെന്ന് വിധിച്ചത്. കഴിഞ്ഞദിവസം സുപ്രീംകോടതി അഭിഭാഷകരുടെ അക്കാദമിക് ഗ്രൂപ്പ് സംഘടിപ്പിച്ച ചടങ്ങിലാണ് ചീഫ് ജസ്റ്റിസ് ബുൾഡോസർ വിധിയെക്കുറിച്ച് പരാമർശിച്ചത്.
“ഞങ്ങൾക്ക് രണ്ടുപേർക്കും വളരെയധികം സംതൃപ്തി നൽകിയ വിധിന്യായങ്ങളിലൊന്ന് ബുൾഡോസർ വിധിയാണെന്ന് ഞാൻ കരുതുന്നു. വിധിന്യായത്തിന്റെ കാതൽ മനുഷ്യപ്രശ്നങ്ങളും മനുഷ്യർ നേരിടുന്ന പ്രശ്നങ്ങളുമായിരുന്നു. വിധിയുടെ ക്രെഡിറ്റിൽ ജസ്റ്റിസ് വിശ്വനാഥനും അവകാശപ്പെട്ടതാണ്”, ചീഫ് ജസ്റ്റിസ് പറഞ്ഞു.
ചീഫ് ജസ്റ്റിസിന്റെ കാലാവധിക്ക് കാര്യക്ഷമതയുമായി നേരിട്ട് ബന്ധമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. യു.യു. ലളിത് രണ്ടരമാസം മാത്രമേ ചീഫ് ജസ്റ്റിസിന്റെ ചുമതലയിലുണ്ടായിരുന്നുള്ളൂ. എങ്കിലും അദ്ദേഹം തന്റെ മുദ്ര പതിപ്പിച്ചു. ജസ്റ്റിസ് സഞ്ജീവ് ഖന്നയും അതുപോലെത്തന്നെ. നീതിനടത്തിപ്പ് മെച്ചപ്പെടുത്താനും കോടതികളുടെ അടിസ്ഥാന സൗകര്യം ഉയർത്താനും താൻ എല്ലാ ശ്രമങ്ങളും നടത്തിയതെന്നും ചീഫ് ജസ്റ്റിസ് കൂട്ടിച്ചേർത്തു.
















