തിരുവനന്തപുരം: ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസിൽ കുറ്റപത്രം തയ്യാറാക്കി ക്രൈംബ്രാഞ്ച്. സ്ഥാപനത്തിൽ നിന്ന് മുൻ ജീവനക്കാർ തട്ടിയത് 30 ലക്ഷം രൂപയെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തൽ. ദിയ അറിയാതെ പണം സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി. പിന്നീട് ജീവനക്കാർ പണം പങ്കിട്ടെടുത്തു. നാല് പ്രതികളെയാണ് കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. സ്ഥാപനത്തിലെ ജീവനക്കാരികളായ ദിവ്യ, രാധാകുമാരി, വിനീത, വിനീതയുടെ ഭർത്താവ് ആദർശ് എന്നിവരാണ് പ്രതികൾ. കുറ്റപത്രം ഉടൻ കോടതിയിൽ സമർപ്പിക്കും.
ദിയ കൃഷ്‌ണ നടത്തുന്ന ആഭരണക്കടയായ ‘ഒ ബൈ ഓസി’യിലെ ക്യു ആർ കോഡിൽ കൃത്രിമം കാണിച്ച് മൂന്ന് ജീവനക്കാരികൾ പണം തട്ടിയെടുത്തു എന്നായിരുന്നു കേസ്. ഇതിൽ കേസെടുത്തതിന് പിന്നാലെ ജീവനക്കാർ കൃഷ്ണകുമാറിനെതിരെയും ദിയക്കെതിരെയും തട്ടിക്കൊണ്ടുപോകൽ പരാതി നൽകിയിരുന്നു. തുടർന്ന് ആരോപണങ്ങളും പ്രത്യാരോപണങ്ങളുമായി കൃഷ്ണകുമാറും ദിയയും സ്ഥാപനത്തിലെ ജീവനക്കാരും രംഗത്തെത്തി. കൃഷ്ണകുമാറിനും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങളായിരുന്നു ജീവനക്കാർ ഉന്നയിച്ചത്. സംഭവം ചർച്ചയായതോടെ ജീവനക്കാർ കുറ്റം സമ്മതിച്ചുവെന്ന് ചൂണ്ടിക്കാട്ടി കൃഷ്ണകുമാറിന്റെ കുടുംബം ഒരു വീഡിയോ പങ്കുവെച്ചിരുന്നു
സാമ്പത്തിക ക്രമക്കേടില്‍ പ്രതികൾ കുറ്റം സമ്മതിക്കുന്നതിന്‍റെ വീഡിയോ പുറത്തുവന്നിരുന്നു. നേരത്തെ രണ്ട് പ്രതികളാണ് കേസില്‍ കീഴടങ്ങിയത്. അട്ടകുളങ്ങര വനിതാ ജയിലില്‍ റിമാന്‍ഡില്‍ ആയിരുന്ന രണ്ട് പ്രതികളെ കഴിഞ്ഞ ദിവസമാണ് തെളിവെടുപ്പിനായി അന്വേഷണസംഘം കസ്റ്റഡിയില്‍ വാങ്ങിയത്.
അതിന് ശേഷമാണ് സാമ്പത്തിക തട്ടിപ്പ് നടത്തിയ രീതി വീണ്ടും പ്രതികളെ കൊണ്ട് പുനരാവിഷ്‌കരിച്ചത്. മുഖത്ത് മാസ്‌ക് വെച്ചാണ് ഇവര്‍ തട്ടിപ്പ് നടത്തിയത്. വിനീത, രാധാമണി എന്നിവരാണ് തട്ടിപ്പ് നടത്തിയ രീതി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ പുനരാവിഷ്‌കരിച്ചത്. 40 ലക്ഷത്തോളം രൂപ തട്ടിയെടുത്തുവെന്ന് പ്രതികള്‍ സമ്മതിച്ചു. 69 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയെന്നതായിരുന്നു ദിയ കൃഷ്ണയുടെ പരാതി. ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ് കേസായാതിനാലാണ് അന്വോഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്. പ്രതികളില്‍ രണ്ടുപേരെ കൂടി ഇനി കണ്ടെത്താനുണ്ട്.
















