മെറ്റയും ഐക്കണിക് ഐവെയർ ബ്രാൻഡായ റേ ബാനും ചേർന്ന് പുതിയ സ്മാർട്ട് ഗ്ലാസ് മോഡൽ ഉടൻ പുറത്തിറക്കും. വാട്ട്സാപ്പും ഇൻസ്റ്റഗ്രാമും സ്മാര്‍ട്ട് ഗ്ലാസില്‍ ഉപയോഗിക്കാനുള്ള സംവിധാനം അവതരിപ്പിക്കാനൊരുങ്ങുകയാണ് മെറ്റ ഇപ്പോൾ.
റേ ബാൻ ഡിസ്പ്ളേയില്‍ അവതരിപ്പിക്കുന്ന സ്മാര്‍ട്ട് ഗ്ലാസ് വൻ വിജയമാകുമെന്നാണ് മെറ്റ കരുതുന്നത്. ടെക്സ്റ്റ് റിപ്ളൈ നല്‍കാനും മാപ്പ് സംവിധാനങ്ങള്‍ ഉപയോഗിക്കാനും ഇതിൽ സാധിക്കും. മെറ്റ സി ഇ ഒ മാര്‍ക്ക് സക്കര്‍ബര്‍ഗാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
റേ ബാൻ ഡിസ്പളേ സ്മാര്‍ട്ട് ഗ്ലാസിന് 799 ഡോളറാണ് റീട്ടെയ്ല്‍ വില വരുന്നത്. ഇന്ത്യൻ രൂപയില്‍ 70,000ത്തിന് മുകളിലായിരിക്കും ഇത്. എഐ അസിസ്റ്റൻ്റ്, ക്യാമറ, സ്പീക്കര്‍ എന്നിവ സ്മാര്‍ട്ട് ഗ്ലാസില്‍ ഉണ്ടാകും. ഇൻ്റനെറ്റ് സൗകര്യം ബന്ധിപ്പിക്കാൻ കഴിയുമെന്നതിനാല്‍ അതുവഴി സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കാൻ സാധിക്കും.
കൈകള്‍ ചെറുതായി ചലിപ്പിച്ച് കഴിഞ്ഞാല്‍ ആപ്ളിക്കേഷനെ നിയന്ത്രിക്കാനായി സ്ക്രീനുകളില്ലാത്ത ന്യൂറോ ബാൻഡാണ് മെറ്റ പുറത്തിറക്കിയിട്ടുള്ളത്. സ്മാര്‍ട്ട് ഗ്ലാസ് വാട്ടര്‍ റെസിസ്റ്റൻ്റാണെന്ന് മാര്‍ക്ക് സക്കര്‍ബര്‍ഗ് വ്യക്തമാക്കിയിട്ടുണ്ട്. മെറ്റയുടെ വാർഷിക സമ്മേളനത്തിലാണ് സി ഇ ഒ മാർക്ക് സക്കർബർഗ് പുതിയ റേ-ബാൻ ഡിസ്‌പ്ലേ സ്മാർട്ട് ഗ്ലാസിനെ പരിചയപ്പെടുത്തിയത്.
റേ ബാൻ സ്റ്റോറീസ് സ്മാർട്ട് ഗ്ലാസ് ആദ്യമായി പുറത്തിറക്കിയത് 2021-ലാണ്. ഇത് ക്യാമറയും സ്പീക്കറുകളും മൈക്രോഫോണുകളും സംയോജിപ്പിച്ച ഒരു ഉപകരണമാണ്. ഇത് ധരിച്ചുകൊണ്ട് ഫോട്ടോകളും വീഡിയോകളും എടുക്കാനും, ഫോൺ വിളിക്കാനും, സംഗീതം കേൾക്കാനും സാധിക്കും. പുതിയ മോഡലിലൂടെ മെറ്റ ഉപയോക്താക്കൾക്ക് കൂടുതൽ മികച്ച ഒരു അനുഭവം നൽകാനാണ് ശ്രമിക്കുന്നത്.
















