മലയാളി വിമാന കമ്പനിയായ ഫ്ലൈ 91 ഇന്റർനാഷണൽ വിമാനം ആദ്യമായി കേരളത്തിലെത്തി. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് മലയാളിയായ മനോജ് ചാക്കോ തലവനായ ഫ്ലൈ 91 എത്തിയത്.
തൃശൂർ സ്വദേശിയാണ് മനോജ് ചാക്കോ. ഇതാദ്യമായാണ് ഈ വിമാനം കേരളത്തിലെത്തുന്നത്. കൊച്ചിയിൽ നിന്ന് ബെംഗളൂരുവിലേക്ക് യാത്രക്കാരെ എത്തിക്കാൻ ചാർട്ടേഡ് സർവീസായിട്ടാണ് വിമാനം കൊച്ചിയിൽ എത്തിയത്.
മൂന്ന് വിമാനങ്ങളാണ് ഈ മലയാളി ഉടമയായ ‘ഫ്ലൈ 91 ഇന്റർനാഷണൽ’ വിമാന കമ്പനിക്കുള്ളത്. ഗോവ, പുണെ, ബംഗളുരു, ലക്ഷദ്വീപ് എന്നിങ്ങനെ എട്ടിടങ്ങളിലേക്ക് ഈ വിമാനങ്ങൾ സർവീസ് നടത്തുന്നുണ്ട്. ‘അതിരുകളില്ലാത്ത ആകാശം’ എന്നതാണ് ഫ്ലൈ 91 ന്റെ ടാഗ്‌ലൈൻ. ഇന്ത്യയുടെ ടെലിഫോൺ കോഡ് ആയ 91 നെ സൂചിപ്പിക്കുന്നതാണ് ഫ്ലൈ 91 എന്ന പേര്.
പ്രശസ്ത വിമാന കമ്പനിയായ കിങ്ഫിഷർ എയർലൈൻസിന്റെ മുൻ എക്സിക്യൂട്ടിവ് വൈസ് പ്രസിഡന്റ് ആയിരുന്ന മനോജ് പിന്നീട് സ്വന്തമായി ഫ്ലൈ 91 ആരംഭിക്കുകയായിരുന്നു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 50 നഗരങ്ങളെ ബന്ധിപ്പിച്ച് സർവീസ് നടത്താനാണ് കമ്പനിയുടെ ലക്‌ഷ്യം.
content highlight: fly 91
















