കല്‍പ്പറ്റ: ജീവനൊടുക്കിയ വയനാട് മുൻ ഡിസിസി ട്രഷറര്‍ എൻ എം വിജയന്‍റെ അർബൻ ബാങ്കിലെ ബാധ്യത കോൺഗ്രസ് അടച്ച് തീർത്തു. ബാങ്കിലെ കുടിശ്ശികയായ 63 ലക്ഷത്തോളം രൂപയാണ് കെപിസിസി അടച്ചു തീർത്തത്. കടം അടച്ചു തീർക്കുമെന്ന് കെപിസിസി പ്രസിഡന്‍റ് വയനാട്ടിൽ പ്രഖ്യാപിച്ചിരുന്നു.
നേരത്തെ 20 ലക്ഷം രൂപ പണമായി കുടുംബത്തിന് നേരിട്ട് കോൺഗ്രസ് നൽകിയിരുന്നു. സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ 10 ലക്ഷം രൂപ നൽകി ബാധ്യതയും തീർത്തിരുന്നു. കടം അടച്ച് തീര്‍ക്കാത്തതിനെ തുര്‍ന്ന് വിജയന്‍റെ മരുമകൾ ഡിസിസി ഓഫീസിന് മുന്നിൽ സത്യഗ്രഹമിരിക്കുമെന്ന് പ്രഖ്യാപിച്ചത് വിവാദമായിരുന്നു. സെപ്റ്റംബർ 30 നുള്ളിൽ തന്നെ അർബൻ ബാങ്കിലെ ബാധ്യത തീർക്കണമെന്നും അല്ലാത്തപക്ഷം ഒക്ടോബർ 2 ന് ഡിസിസിക്ക് മുൻപിൽ സത്യാഗ്രഹം ഇരിക്കുമെന്നുമായിരുന്നു പത്മജയുടെ നിലപാട്.
സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്നാണ് വയനാട് മുൻ ഡിസിസി ട്രഷറര്‍ എന്‍ എം വിജയനും മകന്‍ ജിജേഷും ആത്മഹത്യ ചെയ്തത്. ബത്തേരിയിലെ സഹകരണ ബാങ്കുകളിലെ നിയമനവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാക്കളുടെ അറിവോടെ പാര്‍ട്ടിക്കായി പണം വാങ്ങിയെന്നും എന്നാല്‍ നിയമനം നടക്കാതെ വന്നപ്പോള്‍, ബാധ്യത മുഴുവന്‍ തന്റെ തലയിലായി എന്നുമാണ് എന്‍ എം വിജയന്‍ ആത്മഹത്യാക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നത്. വിജയനും മകന്‍ ജിജേഷും ആത്മഹത്യ ചെയ്ത കേസില്‍ ഐ സി ബാലകൃഷ്ണന്‍, എന്‍ ഡി അപ്പച്ചന്‍, ഡിസിസി മുന്‍ ട്രഷറര്‍ കെ കെ ഗോപിനാഥ്, തുടങ്ങിയവരെ പ്രതികളാക്കിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കെ.പി.സി.സി. പ്രസിഡന്റിന് നല്‍കാന്‍ വിജയന്‍ എഴുതിയ കത്തില്‍ ഇവരുടെ പേരുകള്‍ പരാമര്‍ശിച്ചിരുന്നുവെന്നാണ് പറയുന്നത്.
















