ഇന്ത്യയിലെ ഏറ്റവും വലിയ പ്യുവർ-പ്ലേ ഇലക്ട്രിക് വാഹന നിർമ്മാതാക്കളാണ് ഓല ഇലക്ട്രിക്. ഇപ്പോള്‍, നവരാത്രി ഉത്സവത്തിന്റെ ഭാഗമായി, ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വന്‍ കിഴിവുകള്‍ വാഗ്ദാനം ചെയ്യുന്ന ‘ഓല മുഹൂര്‍ത്ത മഹോത്സവ്’ എന്ന പുതിയ കാമ്പെയ്‌ന്‍ ആരംഭിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചു. വിവിധ തരം ഇലക്ട്രിക് സ്കൂട്ടറുകൾക്കും മോട്ടോർസൈക്കിളുകൾക്കും ഉത്സവകാല വിലയിൽ എക്സ്ക്ലൂസീവ് ഓഫറുകൾ വാഗ്ദാനം ചെയ്യുന്നു. ഇതിന്റെ വില ₹ 49,999 മുതലാണ് ആരംഭിക്കുന്നത്.
ഈ ഒമ്പത് ദിവസത്തെ വിൽപ്പന പരിപാടി 2025 സെപ്റ്റംബർ 23 ന് ആരംഭിക്കുമെന്നും ഒരു നിശ്ചിത സമയത്തേക്ക് മാത്രമേ ലഭ്യമാകൂ എന്നുമാണ് ഓല കൺസ്യൂമറിന്റെ സിഇഒ ഭവിഷ് അഗർവാൾ ഒരു എക്സ് (മുമ്പ് ട്വിറ്റർ) പോസ്റ്റിൽ വ്യക്തമാക്കുന്നത്.
അതേസമയം ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ഓല പ്രതിദിനം പരിമിതമായ എണ്ണം യൂണിറ്റുകൾ മാത്രമേ പുറത്തിറക്കൂ. അതിൽ S1 X സ്കൂട്ടറുകളും റോഡ്സ്റ്റർ X മോട്ടോർസൈക്കിളുകളും ₹ 49,999 രൂപയ്ക്ക് ലഭ്യമാകും. കിഴിവ് കൂടാതെ ഏകദേശം ₹ 1,00,000 വരെ വിലവരും. കമ്പനിയുടെ പുതിയ 4680 ഭാരത് സെൽ ബാറ്ററി പായ്ക്കുകൾ നൽകുന്ന പ്രീമിയം S1 Pro+ സ്കൂട്ടറും റോഡ്സ്റ്റർ X+ മോട്ടോർസൈക്കിളും 99,999 രൂപയുടെ കിഴിവ് നിരക്കിൽ ലഭ്യമാകും. നിലവിൽ ഇത് 1,25,000 മുതൽ 1,80,000 വരെയാണ്.
















