എല്ലാവരും ധരിക്കുന്ന ഒന്നാണ് സോക്‌സ്. ഷൂസുകൾ ധരിക്കുമ്പോൾ കാലുകൾക്ക് കൂടുതൽ സുരക്ഷ ഒരുക്കാൻ വേണ്ടിയാണ് പൊതുവെ സോക്‌സ് ഉപയോഗിക്കുന്നത്. തണുപ്പിൽ നിന്നും ആശ്വാസം ലഭിക്കുന്നതിനായി ഉറങ്ങുമ്പോൾ പോലും സോക്‌സ് ധരിക്കുന്നവരുണ്ട് നമുക്കിടയിൽ.
എന്നാൽ ഒരേ സോക്‌സ് പല തവണ ഉപയോഗിച്ചതിന് ശേഷമേ മിക്കവരും കഴുകാറുള്ളൂ. ഇങ്ങനെ ചെയ്യുന്നത് പല തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകും. വിയർപ്പ് ആഗിരണം ചെയ്യുകയും കാൽപാദങ്ങളെ ദുർഗന്ധത്തിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നതിനാൽ സോക്‌സുകൾ പതിവായി കഴുകി വൃത്തിയാക്കേണ്ടതുണ്ട്.
അല്ലാത്തപക്ഷം ബാക്‌ടീരിയകൾ അടിഞ്ഞുകൂടാൻ കാരണമാകുകയും പാദങ്ങളിൽ പ്രകോപനം, ഫംഗസ് അണുബാധ, ദുർഗന്ധം എന്നിവയ്ക്കുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യും. അതിനാൽ സോക്‌സുകൾ ധരിക്കുമ്പോൾ വളരെയധികം ശ്രദ്ധ ആവശ്യമാണ്.
സോക്‌സുകൾ പതിവായി കഴുകി വൃത്തിയാക്കേണ്ടത് അത്യാവശ്യമാണ്. ദൈനംദിന ശുചിത്വത്തിന്‍റെ ഭാഗമാണെങ്കിലും ഇത് അവഗണിക്കുന്നവരാണ് പലരും. സോക്‌സ് ഒരു തവണ ഉപയോഗിച്ചാൽ കഴുകി വൃത്തിയാക്കിയതിന് ശേഷം മാത്രമേ വീണ്ടും ധരിക്കാൻ പാടുള്ളൂ എന്ന് വിദഗ്‌ധർ പറയുന്നു.
സോക്‌സ് ഒന്നിലധികം തവണ ധരിക്കുന്നത് സ്റ്റാഫൈലോകോക്കസ് ഓറിയസ്, ആസ്‌പർജില്ലസ് സ്‌പീഷീസുകൾ പോലുള്ള ദോഷകരമായ വിവിധതരം ബാക്‌ടീരിയകളും ഫംഗസുകളും പെരുകാൻ ഇടയാക്കുമെന്ന് റിസർച്ച് ഗേറ്റിൽ പ്രസിദ്ധീകരിച്ച ഗവേഷണത്തിൽ പറയുന്നു.
ചൂടും ഈർപ്പവും നിറഞ്ഞ അന്തരീക്ഷത്തിൽ ഇത്തരം സൂക്ഷ്‌മാണുക്കൾ വേഗത്തിൽ വളരും. ഇത് പാദങ്ങളിൽ അണുബാധയ്ക്കുള്ള സാധ്യത വർധിപ്പിക്കും. അതിനാൽ ഇത്തരം പ്രശ്‌നങ്ങളിൽ നിന്ന് പദങ്ങളെ സംരക്ഷിക്കുന്നതിന് ഓരോ ഉപയോഗത്തിന് ശേഷവും സോക്‌സുകൾ കഴുകി വൃത്തിയാക്കുക.
അതുപോലെ ഇറുകിയ സോക്‌സ് ധരിക്കുന്നത് ഒഴിവാക്കുക. മഴക്കാലങ്ങളിൽ സോക്‌സ് ഒഴിവാക്കാം. ഈർപ്പമോ നനവോ ഉള്ള സോക്‌സുകൾ ധരിക്കരുത്. സോക്‌സ് അഴിച്ചതിന് ശേഷം ചൂടുവെള്ളം ഉപയോഗിച്ച് കാലുകൾ കഴുകി വൃത്തിയാക്കുക. കാലിൽ ഏതെങ്കിലും തരത്തിലുള്ള മുറിവുകളുള്ളപ്പോൾ സോക്‌സ് ധരിക്കരുത്.
കഴുകാത്ത സോക്‌സുകളിൽ വിയർപ്പ് അടിഞ്ഞു കൂടുന്നത് ബാക്‌ടീരിയകളും ഫംഗസുകളും അടിഞ്ഞുകൂടാൻ ഇടയാക്കും. കാലുകളിൽ ചൊറിച്ചിൽ, തൊലി പൊളിഞ്ഞു പോകുക, വേദനാജനകമായ കുമിളകൾ എന്നിവ ഉണ്ടാകാൻ കാരണമാകും. ദീർഘനേരത്തെ ഉപയോഗം ചർമത്തിലും കാൽവിരലുകൾക്കും കേടുപാടുകൾ ഉണ്ടാക്കും. ബാക്‌ടീരിയ, ഫംഗസ് അണുബാധകൾ എന്നിവയ്ക്കുള്ള സംവേദനക്ഷമത വർധിപ്പിക്കും
















