കൊൽക്കത്ത: കൊൽക്കത്തയിൽ മഴക്കെടുതി അതിരൂക്ഷം. 37 വർഷത്തിനിടയിലെ ഏറ്റവും വലിയ മഴയാണ് സംസ്ഥാനത്ത് പെയ്യുന്നത്. മഴക്കെടുതിയിൽ പത്തു പേർ മരിച്ചു. റോഡ്-ട്രെയിൻ ഗതാഗതത്തെ മഴ മോശമായി ബാധിച്ചു. 91 വിമാന സർവീസുകളാണ് ഇതുവരെ റദ്ദാക്കിയത്. സ്റ്റേഷനുകളിൽ വെള്ളം കയറിയതോടെ മെട്രോ സർവീസും നിർത്തിവെച്ചു.
നഗരത്തിലെ ഒട്ടുമിക്ക പ്രദേശങ്ങളും വെള്ളത്തിൽ മുങ്ങിയതോടെ റെയിൽ, റോഡ്, വ്യോമ ഗതാഗതം പ്രതിസന്ധിയിലായി. മുഖ്യമന്ത്രി മമതാ ബാനർജിയുടെ ദുർഗാ പൂജ പരിപാടികളും റദ്ദാക്കി. സുരക്ഷിതമായ സ്ഥലത്തേക്ക് മാറിത്താമസിക്കാനാണ് പൊതുജനങ്ങൾക്ക് നൽകിയിരിക്കുന്ന നിർദേശം.
കനത്ത മഴയ്ക്കിടയിൽ അഞ്ച് പേർക്ക് വൈദ്യുതാഘാതമേറ്റിരുന്നു. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കണക്കനുസരിച്ച്, രാവിലെ 6.30 വരെ 247.4 മില്ലിമീർ മഴയാണ് പെയ്തത്. കൊൽക്കത്തയുടെ തെക്ക്, കിഴക്കൻ ഭാഗങ്ങളിലാണ് ഏറ്റവും കൂടുതൽ മഴ. കനത്ത മഴയെത്തുടർന്ന് ഹൗറ സ്റ്റേഷൻ യാർഡ്, സീൽഡ സൗത്ത് സ്റ്റേഷൻ യാർഡ്, ചിത്പൂർ നോർത്ത് ക്യാബിൻ എന്നീ റെയിൽവേ സ്റ്റേഷനുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. ഒട്ടേറെ സബർബൻ ട്രെയിൻ സർവീസുകളാണ് അധികൃതർ നിർത്തിവച്ചത്.
വന്ദേഭാരത് സർവീസുകളും റദ്ദാക്കിയവയുടെ കൂട്ടത്തിലുണ്ട്. വിമാനത്താവളത്തിൽ വെള്ളം കെട്ടിക്കിടക്കുന്നത് തടയാൻ അധികൃതർ നടപടികൾ സ്വീകരിക്കുകയാണ്. ബംഗാൾ ഉൾക്കടലിന്റെ വടക്കുകിഴക്കൻ ഭാഗത്ത് ന്യൂനമർദം രൂപപ്പെട്ടിട്ടുണ്ടെന്നും അത് വടക്കു പടിഞ്ഞാറോട്ട് നീങ്ങുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബുധനാഴ്ച വരെ ദക്ഷിണ ബംഗാൾ ജില്ലകളിൽ വ്യാപകമായി നേരിയതോ മിതമായതോ ആയ മഴയും ഒറ്റപ്പെട്ട കനത്തതോ ആയ മഴയും ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.സെപ്റ്റംബർ 25 ഓടെ കിഴക്കൻ-മധ്യ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്നുള്ള വടക്കൻ ബംഗാൾ ഉൾക്കടലിലും മറ്റൊരു പുതിയ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ദുർഗാ പൂജയ്ക്കുള്ള ഒരുക്കങ്ങൾ നടക്കുന്ന നിർണായക സമയത്താണ് നിർത്താതെ പെയ്യുന്ന മഴ നഗരത്തെ ബാധിച്ചത്.
















