വിദ്യാർഥികളെ ഭീഷണിപ്പെടുത്തുകയോ ഉപദ്രവിക്കുകയോ ചെയ്യുന്ന സ്കൂളിനും ജീവനക്കാർക്കും എതിരെ കടുത്ത നടപടിയുമായി യുഎഇ. സർക്കാർ സ്വകാര്യ സ്കൂളുകൾക്കും നിയമം ബാധകമാണ്. ബാലാവകാശ നിയമപ്രകാരം കുറ്റക്കാർക്ക് ഒരു വർഷം വരെ തടവും 10 ലക്ഷം ദിർഹം വരെ പിഴയും ലഭിക്കും. കൂടാതെ കുറ്റം ആവർത്തിക്കുന്ന സ്കൂളുകൾ അടച്ചുപൂട്ടുകയോ സസ്‌പെൻഡ് ചെയ്യുകയോ കൃത്യത്തിൽ പങ്കുള്ള മറ്റ് അധ്യാപകരും ജീവനക്കാരും നടപടി നേരിടേണ്ടി വരുകയും ചെയ്യും.
വിദ്യാർഥികൾക്ക് സുരക്ഷിത പഠനാന്തരീക്ഷം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി സ്വീകരിച്ചിരിക്കുന്നതെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. നിയമലംഘനം റിപ്പോർട്ട് ചെയ്യുന്നതിന് ഔദ്യോഗിക ഹോട്ട് ലൈൻ നമ്പറുകളും ഏർപ്പെടുത്തിയിട്ടുണ്ട്. ഔപചാരിക മുന്നറിയിപ്പ് അവഗണിക്കുന്നവർക്കെതിരെ കടുത്ത നടപടിയെടുക്കും.
സ്കൂളുകളിലെ ഭീഷണിപ്പെടുത്തലും ദുരുപയോഗവും വിദ്യാർഥികളുടെ ആത്മവിശ്വാസത്തിലും വ്യക്തിത്വ വികാസത്തിലും ആഴത്തിൽ മുറിവുണ്ടാക്കുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. കുട്ടികൾക്കെതിരെയുള്ള ദുരുപയോഗം തടയുക മാത്രമല്ല ദീർഘകാലക്ഷേമം ഉറപ്പാക്കുന്നതിനു കൂടിയാണ് ഈ നിയമം ലക്‌ഷ്യം വെക്കുന്നത്.
STORY HIGHLIGHT: Bullying in schools
















