പാലക്കാട്: ലൈംഗികാരോപണങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമിടെ രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട്ടെ എംഎൽഎ ഓഫീസിൽ എത്തി. 38 ദിവസങ്ങള്‍ക്കുശേഷമാണ് രാഹുൽ പാലക്കാട് മണ്ഡലത്തിൽ എത്തിയത്. രാഹുലിനെ ഓഫീസിൽ വെച്ച് ഷാൽ അണിയിച്ചാണ് പ്രവര്‍ത്തകരിലൊരാള്‍ സ്വീകരിച്ചത്.
മണ്ഡല സന്ദര്‍ശനത്തിനുശേഷം വൈകിട്ടോടെയാണ് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഓഫീസിലെത്തിയത്. എംഎൽഎ ഓഫീസിൽ രാഹുലിനുനേരെ പ്രതിഷേധമുണ്ടായില്ല. എംഎൽഎ ഓഫീസിൽ വെച്ച് നിവേദനങ്ങളും രാഹുൽ വാങ്ങി. വിശദമായി എല്ലാം പിന്നീട് പറയാമെന്നും കാണാമെന്നും മാത്രമായിരുന്നു രാഹുൽ മാങ്കൂട്ടത്തിലിന്‍റെ പ്രതികരണം. ഇപ്പോള്‍ ഒന്നും സംസാരിക്കുന്നില്ല. താൻ പറയുന്നതിലും അപ്പുറമാണല്ലോ വാര്‍ത്തകളെന്നും സാധാരണഗതിയിൽ അറിയിക്കുന്നതുപോലെ തന്‍റെ പരിപാടികളുടെ കാര്യങ്ങള്‍ അറിയിക്കുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. പ്രതിഷേധങ്ങള്‍ പ്രശ്നമില്ലെന്നും താനും ഒരുപാട് നടത്തിയത് അല്ലെയെന്നും നാളെയും മണ്ഡലത്തിൽ തന്നെ ഉണ്ടാകുമെന്നും രാഹുൽ വ്യക്തമാക്കി. അടുത്ത ദിവസങ്ങളിലും രാഹുൽ പാലക്കാട് തുടരും.
















