ഗർഭകാലത്ത് സ്ത്രീകൾ ടൈലനോൾ(പാരസെറ്റമോൾ) ഉപയോഗിക്കുന്നത് വൈദ്യശാസ്ത്രപരമായി ആവശ്യമില്ലെങ്കിൽ പരിമിതപ്പെടുത്തണമെന്ന് തന്റെ ഭരണകൂടം ശക്തമായി ശുപാർശ ചെയ്യുന്നതായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തിങ്കളാഴ്ച പ്രഖ്യാപിച്ചു. രാജ്യത്തെ വർധിച്ചുവരുന്ന ഓട്ടിസം നിരക്കുമായി ടൈലനോളിന് ബന്ധമുണ്ടാകാമെന്ന് ആരോപിച്ചായിരുന്നു ട്രംപിന്റെ വാദനെങ്കിലും ഇതിപ്പോൾ വിവാദമായി തീർന്നിരിക്കുകയാണ്.
തന്റെ അഭിപ്രായത്തെ സാധൂകരിക്കുന്നതിനായി യുഎസ് ഹെൽത്ത് ആൻ്റ് ഹ്യൂമൻ സർവീസസ് സെക്രട്ടറി റോബർട്ട് എഫ് കെന്നഡി ജൂനിയറിൻ്റെ നേതൃത്വത്തിൽ മാസങ്ങളോളം നടത്തിയ പഠനത്തെ അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ, ട്രംപിന്റെ പ്രസ്താവന തള്ളി ലോകാരോഗ്യ സംഘടനയുൾപ്പെടയുള്ളവർ രംഗത്ത് എത്തിയിരിക്കുകയാണ്.
ട്രംപിന്റെ അഭിപ്രായങ്ങൾക്ക് മെഡിക്കൽ വിദഗ്ധരിൽ നിന്നും ഗവേഷകരിൽ നിന്നും കടുത്ത വിമർശനം നേരിടേണ്ടി വരുന്നത്.
കാരണം വേദനസംഹാരിയെ ഓട്ടിസവുമായി ബന്ധിപ്പിക്കുന്നതിന് തെളിവുകളൊന്നുമില്ലെന്നും ഓട്ടിസം, വാക്സിനുകൾ, ചികിത്സകൾ എന്നിവയെക്കുറിച്ച് അദ്ദേഹം നിരവധി സംശയാസ്പദമായ അവകാശവാദങ്ങൾ ഉന്നയിക്കുന്നതായും ആരോഗ്യ വിദഗ്ധർ പറയുന്നു.
വസ്തുതകളിലേക്ക് ഒരു നോട്ടം ഇതാ….
ട്രംപ് : “2000 മുതൽ, ഓട്ടിസം നിരക്കുകൾ 400% ൽ കൂടുതൽ വർദ്ധിച്ചു.” മുമ്പ് 20,000 ൽ 1, പിന്നീട് 10,000 ൽ 1, ഇപ്പോൾ 31 ൽ 1 എന്നിങ്ങനെയാണ് നിരക്ക് എന്ന് അദ്ദേഹം പറഞ്ഞു, അത് വിശദീകരിക്കാൻ “കൃത്രിമമായ എന്തോ ഒന്ന് ഉണ്ട്” എന്ന് പറഞ്ഞു.
വസ്തുതകൾ : ഓട്ടിസം നിരക്കുകൾ കുതിച്ചുയർന്നു എന്നത് ശരിയാണ്, പക്ഷേ ട്രംപിന്റെ കണക്കുകൾ കുറവാണ്. 10,000-ൽ 1 എന്ന കണക്ക് 1990-കളിൽ ആരംഭിച്ചതാണ്. 2000-ൽ, രോഗ നിയന്ത്രണത്തിനും പ്രതിരോധത്തിനുമുള്ള കേന്ദ്രങ്ങൾ ഈ നിരക്ക് 150-ൽ 1 എന്ന നിരക്കിൽ കണക്കാക്കി. 2018-ൽ ഇത് 44-ൽ 1 ആയിരുന്നു. 2022-ലെ ഡാറ്റയെ അടിസ്ഥാനമാക്കിയുള്ള ഏറ്റവും പുതിയ കണക്ക് 31-ൽ 1 ആണ്.
ഗർഭിണിയായ സ്ത്രീകൾ പാരസെറ്റമോൾ കഴിക്കുന്നതും ഓട്ടിസവും തമ്മിൽ യാതൊരു ബന്ധവുമില്ല. ഈ വിഷയത്തിൽ ട്രംപിന്റെ വാദം അംഗീകരിക്കാനാകുന്ന തെളിവുകളോ പഠനങ്ങളോ നിലവിൽ ലഭ്യമല്ലെന്നും ലോകാരോഗ്യ സംഘടനയുടെ വക്താവ് വ്യക്തമാക്കി. വാക്സിനുകൾ ഓട്ടിസത്തിന് കാരണമാകുന്നില്ലെന്ന് നമുക്കറിയാം. അവ എണ്ണമറ്റ ജീവനുകൾ രക്ഷിക്കുന്നു. ഇത് ശാസ്ത്രം തെളിയിച്ച കാര്യമാണ്. ഇത്തരം കാര്യങ്ങൾ യഥാർഥത്തിൽ ചോദ്യം ചെയ്യപ്പെടാൻ പാടില്ല, അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം ട്രംപിന്റെ വാദങ്ങൾ ഗർഭിണികൾ അവഗണിക്കണമെന്ന് യുകെ ആരോഗ്യ സെക്രട്ടറി വ്യക്തമാക്കി. പ്രസിഡന്റ് ട്രംപിനേക്കാൾ എനിക്ക് ഡോക്ടർമാരിലാണ് വിശ്വാസമെന്ന് യുകെ ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് പറഞ്ഞു. അമേരിക്കൻ പ്രസിഡന്റിന്റെ അടിസ്ഥാനരഹിതമായ അവകാശവാദങ്ങൾക്ക് ഗർഭിണികളായ അമ്മമാർ ഒരു കാരണവശാലും ഒരു തരത്തിലും ശ്രദ്ധ കൊടുക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
















