ഇന്ത്യയുടെ അഭിമാനമായ ഗഗന്‍യാന്‍ ദൗത്യത്തില്‍ ബഹിരാകാശയാത്രികനായി തിരഞ്ഞെടുക്കപ്പെട്ട വ്യോമസേന ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍ തിരുവനന്തപുരം തൈക്കാട് ഗവണ്‍മെന്റ് മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളുമായി സംവദിച്ചു. ബഹിരാകാശ യാത്രയിലേക്കുള്ള തന്റെ സ്വപ്നയാത്രയുടെ വിസ്മയകരമായ അനുഭവങ്ങള്‍ അദ്ദേഹം കുട്ടികളുമായി പങ്കുവെച്ചു. പാലക്കാട്ടെ സാധാരണക്കാരനായ ഒരു കുട്ടിയുടെ ജീവിതത്തില്‍ നിന്ന് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടനയായ ഐ.എസ്.ആര്‍.ഒയുടെ അഭിമാന ദൗത്യമായ ഗഗന്‍യാനിലേക്ക് എത്തിച്ചേര്‍ന്ന കഥ കുട്ടികള്‍ക്ക് ആവേശമായി.

തന്റെ ജീവിതത്തില്‍ ലക്ഷ്യബോധത്തിന് എത്രത്തോളം പ്രാധാന്യമുണ്ടെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ‘നമുക്കൊരു ലക്ഷ്യമുണ്ടാകുമ്പോഴാണ് അത് യാഥാര്‍ത്ഥ്യമാക്കാന്‍ നമ്മള്‍ പരിശ്രമിക്കുകയുള്ളൂ,’ അദ്ദേഹം പറഞ്ഞു. കുട്ടികളുടെ മികച്ച ചോദ്യങ്ങള്‍ പ്രതീക്ഷ നല്‍കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബഹിരാകാശ യാത്രികന്‍ നടത്തുന്ന കഠിനമായ പരിശീലനങ്ങളുടെ വിശദാംശങ്ങളും അദ്ദേഹം കുട്ടികളുമായി പങ്കുവെച്ചു. വൈമാനികനായി തുടങ്ങിയ തന്റെ ഔദ്യോഗിക ജീവിതം സ്വപ്നം കണ്ടതിനും എത്രയോ അപ്പുറത്തേക്ക് വളര്‍ന്നതിന്റെ കഥ അദ്ദേഹം വിവരിച്ചു.

നിറഞ്ഞ കൈയടിയോടെയാണ് കുട്ടികള്‍ അദ്ദേഹത്തെ സ്വീകരിച്ചത്. സ്‌കൂളില്‍ ആദ്യമായി എത്തിയ പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കുമൊപ്പം സെല്‍ഫിയെടുത്താണ് മടങ്ങിയത്. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ.വി. പ്രമോദ്, ഡോ. ഉമാ മഹേശ്വരന്‍, പി.ആര്‍ ഷിജു, ഫ്രീഢമേരി ജെ.എം എന്നിവര്‍ സംസാരിച്ചു. സ്‌കൂള്‍ സ്‌പേസ് ക്ലബ്ബാണ് പരിപാടിക്ക് നേതൃത്വം നല്‍കിയത്. മാസ്റ്റര്‍ അഭിറാം സ്വാഗതവും മാസ്റ്റര്‍ മുഹമ്മദ് ഇര്‍ഫാന്‍ നന്ദിയും പറഞ്ഞു.
CONTENT HIGH LIGHTS;Malayalam star Prashanth Balakrishnan Nair of the Gaganyaan mission interacted with students
















