വര്‍ഷങ്ങളായി നികുതി ഒടുക്കി വരുന്ന 23 സെന്റ് ഭൂമിക്ക് തുടര്‍ന്നും നികുതി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് ഉത്തരവിട്ടു. 23 സെന്റിന് പകരം 19 സെന്റ് മാത്രമാണ് നിലവിലുള്ളതെന്നും 19 സെന്റിന്റെ കരം മാത്രമേ സ്വീകരിക്കുകയുള്ളുവെന്ന വാദം ന്യായവിരുദ്ധമാണെന്ന് കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു.
കേരള ഭൂനികുതി നിയമപ്രകാരം കൈവശത്തിലുള്ളതും ഉടമസ്ഥതതയിലുള്ളതും വര്‍ഷങ്ങളായി നികുതി സ്വീകരിച്ചുവരുന്നതുമായ ഭൂമിക്ക് തുടര്‍നികുതി സ്വീകരിക്കാതിരിക്കുന്നത് തികച്ചും നിയമവിരുദ്ധമാണെന്നും ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് ഉത്തരവില്‍ പറഞ്ഞു. കേരള ഭൂനികുതി നിയമത്തിലെ വകുപ്പ് 3(3)(d) ക്ക് വിരുദ്ധമാണ് ഈ നടപടി. വര്‍ഷങ്ങളായി നികുതി ഒടുക്കി വരുന്ന ഭൂമിക്ക് തുടര്‍ന്നുള്ള നികുതി സ്വീകരിക്കേണ്ടതാണെന്ന് സുപ്രീം കോടതിയും കേരള ഹൈക്കോടതിയും നിരവധി തവണ ഉത്തരവിട്ടിട്ടുണ്ട്.
നികുതി സ്വീകരിക്കുന്നത് സര്‍ക്കാരിന്റെ വരുമാനമാര്‍ഗം മാത്രമാണെന്നും കരം തീര്‍പ്പ് ഭൂമിയുടെ ഉടമസ്ഥാവകാശം സ്ഥിരീകരിക്കുന്ന രേഖയല്ലെന്നും വിധിന്യായത്തില്‍ പറയുന്നുണ്ടെന്ന് കമ്മീഷന്‍ നിരീക്ഷിച്ചു. 23 സെന്റിന് തുടര്‍ന്നും നികുതി സ്വീകരിക്കണമെന്നും സ്വീകരിച്ച നടപടികള്‍ 6 ആഴ്ചക്കകം കമ്മീഷനെ അറിയിക്കണമെന്നും ഉത്തരവില്‍ പറഞ്ഞു.കരം ഒടുക്കാന്‍ ചെന്നപ്പോള്‍ 23 സെന്റിന് പകരം 19 സെന്റിന് മാത്രമാണ് കരം ഈടാക്കിയതെന്ന് ആരോപിച്ച് പാങ്ങപ്പാറ വില്ലേജ് ഓഫീസിനെതിരെ സമര്‍പ്പിച്ച പരാതിയിലാണ് നടപടി. ഭൂമിയുടെ റീസര്‍വേ നടത്താമെന്നാണ് ഇതുസംബന്ധിച്ച് തഹസില്‍ദാര്‍ കമ്മീഷനില്‍ നല്‍കിയ വിശദീകരണം. ചെമ്പഴന്തി സ്വദേശി പി. പ്രദീപന്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി.
CONTENT HIGH LIGHTS; Land tax that has been collected for years should continue to be collected: Human Rights Commission
















