ബംഗാളികളെ സംബന്ധിച്ച് നവരാത്രി കാലത്ത് മത്സ്യവും മാംസവും കഴിക്കുന്നത് പാരമ്പര്യത്തിൻ്റെയും സംസ്കാരത്തിന്റേയും ഭാഗമാണ്.ദുർഗാദേവിയുടെ വീട്ടിലേക്കുള്ള തിരിച്ചുവരവിൻ്റെ ആഘോഷമാണ് നവരാത്രി. ഉപവാസത്തിലൂടെയല്ല, മറിച്ച് വിരുന്നിലൂടെ ബംഗാളികൾ നവരാത്രി കൊണ്ടാടുന്നത്.നദികളാലും ഫലഭൂയിഷ്ഠമായ ഭൂമിയാലും ചുറ്റപ്പെട്ട ബംഗാളിന്റെ ഭൂമിശാസ്ത്രവും ചരിത്രവുമാണ് ഇവിടുത്തെ ഭക്ഷണരീതികളുടെ അടിസ്ഥാനം.നൂറ്റാണ്ടുകളായി ബംഗാളി രുചിയിൽ പ്രധാനിയാണ് മീൻ. മത്സ്യവും മാംസവും മതപരമായ ഉത്സവങ്ങളിൽ കഴിക്കുന്നത്ദൈവാനുഗ്രഹമായിട്ടാണ് ബംഗാളിൽ കണക്കാക്കുന്നതെന്ന് ചരിത്രകാരൻമാർ വിലയിരുത്തുന്നു.ബംഗാളിലെ പല ക്ഷേത്ര ആചാരങ്ങളിലും മാംസാഹാര വഴിപാടുകൾ സജീവമായി ഉൾപ്പെടുത്താറുണ്ട്. കാളിയുടെആരാധനയിൽ പലപ്പോഴും ആടിനെ ബലിയർപ്പിക്കാറുണ്ട്. ഈ മാംസം പിന്നീട് പാകം ചെയ്ത് പ്രസാദമായി വിതരണം ചെയ്യുകയും ചെയ്യും.മഹിഷാസുരനെ ദുർഗാ ദേവി വധിച്ചതിൻ്റെ വിജയം ആഘോഷിക്കുന്നതിൻ്റെ ഭാഗമായി ധാരാളം മത്സ്യവും ബലി മാംസവും പാകം ചെയ്യാറുണ്ട്. അത്തരത്തിൽ നവരാത്രി ആഘോഷത്തിന്റെ ഭാഗമായ ഒരു വിഭവമാണ് കോഷാ മാങ്ഷോ…
കോഷാ മാങ്ഷോ എന്നത് ബംഗാളി പാചകരീതിയിലുള്ള ആട്ടിറച്ചി കറിയാണ്. “മാങ്ഷോ” എന്നാൽ മാംസം എന്നും “കോഷ” എന്നത് കുറഞ്ഞ അളവിൽ മസാലകൾ ചേർത്ത് സോഫ്റ്റ് ഗ്രേവി ഉണ്ടാക്കുന്നതിനായി പാകം ചെയ്യുന്നതിനെയും സൂചിപ്പിക്കുന്നു. ഇത് മിക്കപ്പോഴും മധുരമുള്ള കുങ്കുമപ്പൂ ചേർത്ത ചോറിന്റെ കൂടയെ ലൂച്ചിയുടെ കൂടെയോ (വറുത്ത ബ്രെഡ്) ആണ് പൊതുവെ വിളമ്പാറ്, എന്നാൽ റൊട്ടിക്കും ചോറിനും ഒപ്പം കഴിക്കാനും നല്ലതാണ്.
തയ്യാറാക്കുന്ന വിധം
ആദ്യം തൈര്, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, മഞ്ഞൾപ്പൊടി, ചുവന്ന മുളകുപൊടി, ഉപ്പ് എന്നിവ ഉപയോഗിച്ച് ആട്ടിറച്ചി മാരിനേറ്റ് ചെയ്യുക. കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും ഇത് മാരിനേറ്റ് ചെയ്യാൻ വയ്ക്കുക.
ഒരു പാനിൽ എണ്ണ ചൂടാക്കി കറുവപ്പട്ട, ഏലക്ക, ഗ്രാമ്പൂ തുടങ്ങിയ മുഴുവൻ മസാലകൾ ചേർത്ത് കുറച്ച് നേരം വഴറ്റുക. അതിനു ശേഷം അരിഞ്ഞ ഉള്ളി ചേർത്ത് ബ്രൗൺ നിറമാകുന്നതുവരെ വഴറ്റുക.അതിന് ശേഷം മാരിനേറ്റ് ചെയ്ത മാംസം ചേർത്ത് നന്നായി ഫ്രൈ ചെയ്യുക. തീ കുറച്ച് മാംസം പതിവായി ഇളക്കി വേവിക്കുക. മാംസം വേവിക്കാൻ ആവശ്യത്തിന് വെള്ളം ചേർത്ത്, പാത്രത്തിൻ്റെ കനം കുറഞ്ഞ മൂടി ഉപയോഗിച്ച് അടച്ചു വയ്ക്കുക. ഈ വിഭവം തയ്യാറാക്കുമ്പോൾ ഉരുളക്കിഴങ്ങ് ചേർക്കാറുണ്ട്. എന്നാൽ ഒഴിവാക്കുകയും ചെയ്യാം. മട്ടണും ഉരുളക്കിഴങ്ങും നന്നായി വെന്ത ശേഷം ചൂടോടെ റൊട്ടി, ലൂച്ചി, അല്ലെങ്കിൽ ചോറ് എന്നിവയോടൊപ്പം വിളമ്പാം.
















