പോപ്പ് കോൺ ഇഷ്ടമില്ലാത്തവർ ചുരുക്കമാണല്ലേ? കുറച്ച് പോപ്പ്കോൺ എടുത്ത് കൊറിച്ചുകൊണ്ട് സിനിമ കാണാനും, വെറുതെ പോപ്പ്കോൺ കൊറിച്ച് നടക്കാനും ഇഷ്ടമല്ലാത്തവരായി ആരാണുള്ളത്. വീണ്ടും വീണ്ടും കഴിച്ചുകൊണ്ടിരിക്കാൻ തോന്നുന്ന ഒരു സ്നാക്ക് കൂടിയാണ് പോപ്പ്‌കോൺ. നമ്മുടെ വിപണികളിൽ പോപ്‌കോണുകൾ പല ഫ്‌ളേവറുകളിലും വ്യത്യസ്ത രൂപങ്ങളിലും ഭാവങ്ങളിലും ലഭ്യമാണ്. സ്വാദിഷ്ടമായ സ്നാക്ക് എന്നതിലുപരി പോപ്കോണിന് നിരവധി ഗുണങ്ങളുണ്ട്.
തിയേറ്ററുകളിൽ എത്തി സിനിമ കാണുന്ന ഭൂരിഭാഗം പേരും പോപ്കോൺ അല്ലെങ്കിൽ മറ്റ് സ്നാക്സുകൾ ആയിട്ടായിരിക്കും കയറുക. സിനിമ കാണുമ്പോൾ വല്ലതും കൊറിക്കുക എന്നുള്ളതും മാറ്റാൻ കഴിയാത്ത ഒരു ശീലമാണല്ലോ.. 200 മുതൽ 1000 വരെയാണ് തിയേറ്ററുകളിൽ പോപ്കോണിന്റെ വില. അതായത് ഒരാൾ സിനിമാ ടിക്കറ്റിന് ചെലവാക്കുന്നതിന്റെ അത്രതന്നെയോ അതിൽ കൂടുതലോ ഈ കൊറിക്കലുകൾക്ക് വേണ്ടി ചെലവാക്കുന്നു എന്നർത്ഥം
അങ്ങനെ വരുമ്പോൾ കുടുംബ സമേതമായിട്ട് സിനിമ കാണാൻ വരുന്നവരുടെ കാര്യം പറയുകയേ വേണ്ടല്ലോ. ഭീമമായ ഒരു തുക ഈ ഇനത്തിൽ തന്നെ ചെലവാക്കേണ്ടതായി വരും. മൾട്ടിപ്ലക്‌സുകളിലെ പോപ്‌കോണിന്റെ അമിത വിലയെക്കുറിച്ച് പലരും പരാതിപ്പെടുന്നതിൽ അതിശയിക്കാനില്ല. എന്തുകൊണ്ടാണ് മാളുകളിലെ തിയേറ്ററുകൾ ആയാലും മറ്റുള്ളവ ആയാലും പോപ്‌കോണുകൾക്ക് വില കൂടുന്നത്?
ഒരു പാക്കറ്റ് പോപ്കോണിന് 10 രൂപ വരെ നൽകികൊണ്ടിരുന്ന കാലമുണ്ടായിരുന്നു. എന്നാൽ ഇന്ന് 500 രൂപയ്ക്കും മുകളിലാണ് ഇവയുടെ വില. കാരണം വിശദീകരിക്കുകയാണ് പിവിആർ മൾട്ടിപ്ലക്‌സ് മേധാവി അജയ് ബിജിലി. ഇന്ത്യ സിംഗിൾ സ്‌ക്രീനുകളിൽ നിന്ന് മൾട്ടിപ്ലക്‌സുകളിലേക്ക് മാറുകയാണെന്ന് അദ്ദേഹം ചൂണ്ടികാണിക്കുന്നു. ബിഗ് സ്‌ക്രീനിൽ ഒരു സിനിമ കാണുമ്പോൾ പോപ്കോണിനും ഉയർന്ന വില നൽകേണ്ടി വരുന്നു.
ഒരു തിയേറ്ററിൽ സിനിമ കാണാൻ എത്തുമ്പോൾ ആ തിയേറ്ററിൽ നിങ്ങൾക്ക് ലഭിക്കുന്ന സൗകര്യങ്ങൾ വിലയിരുത്തുക, ആസ്വദിക്കുക. നിങ്ങൾക്ക് ആഹ്ളാദകരമായ അനുഭവം സമ്മാനിക്കാൻ തിയറ്ററുകൾ നടത്തുന്ന പരിശ്രമം ഓർക്കുക. അപ്പോൾ ഒരുപക്ഷേ, നിങ്ങളുടെ പോപ്‌കോണിനായി നിങ്ങൾ നൽകിയ പണത്തെക്കുറിച്ച് നിങ്ങൾ വിഷമിക്കില്ലായിരിക്കാം എന്ന് അജയ് ബിജിലി പറയുന്നു.
















