മാറ്റത്തിന്റെ പാതയിലാണ് കേരളം. മൂന്ന് ടവറുകളിലായി കൊച്ചിയിൽ ജുഡീഷ്യൽ സിറ്റിയൊരുങ്ങുകുകയാണ്. കാലത്തിനനുസരിച്ചുള്ള ആധുനിക സംവിധാനങ്ങളോടെ കേരള ഹൈക്കോടതിക്കായി വിപുലമായ ആസ്ഥാനമാണ് ഒരുങ്ങുന്നത്. . ഏകദേശം 1000 കോടിയിലേറെ രൂപ ഇതിനായി ചെലവാകുമെന്നാണ് കരുതുന്നത്. ഇതോടെ കൊച്ചിയുടെ മുഖഛായ തന്നെ മാറുമെന്നാണ് പ്രതീക്ഷ.
നിലവിൽ എൻഐഎയുടെ ആസ്ഥാനവും വ്യവസായ പാർക്കുകളും കാൻസർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും ഉൾപ്പെടെ കളമശ്ശേരിയിലാണ് പ്രവർത്തിക്കുന്നത്. നഗരത്തിൽനിന്ന് ഹൈക്കോടതി സമുച്ചയം മാറുന്നതോടെ കളമശ്ശേരി കൊച്ചിയുടെ പ്രധാന കേന്ദ്രമായി മാറും. എച്ച്എംടിയുടെ കൈവശമുള്ള 27 ഏക്കർ ഭൂമി ഏറ്റെടുത്ത് ജുഡീഷ്യൽ സിറ്റി സ്ഥാപിക്കാനാണ് സർക്കാർ തീരുമാനം. നിയമമന്ത്രി പി രാജീവിൻ്റെയും ഹൈക്കോടതി ജഡ്ജിമാരുടേയും നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ചാണ് പദ്ധതിയുടെ വിശദാംശങ്ങൾ തയ്യാറാക്കിയത്.
നിയമമന്ത്രി പി രാജീവ്, ജസ്റ്റിസുമാരായ മുഹമ്മദ് മുഷ്താഖ്, ബെച്ചു കുര്യൻ തോമസ്, രാജ വിജയരാഘവൻ, സതീഷ് നൈനാൻ എന്നിവരാണ് കളമശ്ശേരിയിലെ സ്ഥലം സന്ദർശിച്ചത്. 27 ഏക്കർ ഭൂമിയിലായി 12 ലക്ഷത്തിലധികം ചതുരശ്രയടി കെട്ടിട സൗകര്യമുൾപ്പെടെ അന്താരാഷ്ട്ര നിലവാരമുള്ള ആധുനിക സംവിധാനങ്ങളാണ് വിഭാവനം ചെയ്യുന്നത്. കേരള ഹൈക്കോടതി ഉൾപ്പെടുന്ന ജുഡീഷ്യൽ സിറ്റിയുടെ പ്രാഥമിക രൂപരേഖ പൊതുമരാമത്ത് വകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. ഭരണഘടന തത്വങ്ങളായ തുല്യത, സ്വാതന്ത്ര്യം, ജീവിക്കാനുള്ള അവകാശം എന്നിവയുടെ പ്രതീകമായിരിക്കും നിർമിതി.
ഭരണഘടനയിലെ ആർട്ടിക്കിൾ 14, 19, 21 എന്നിവയുടെ സങ്കൽപത്തിൽ മൂന്ന് ടവറുകളായാണ് ജൂഡീഷ്യൽ സിറ്റി രൂപകൽപന ചെയ്തിരിക്കുന്നത്. പ്രധാന ടവറിന് ഏഴ് നിലകളും മറ്റ് രണ്ട് ടവറുകൾക്ക് ആറ് നിലകൾ വീതവുമുണ്ടാകും. ചീഫ് ജസ്റ്റിസിൻ്റേതുൾപ്പെടെ 61 കോടതി ഹാളുകൾ, രജിസ്ട്രാർ ഓഫിസ്, ഓഡിറ്റോറിയം, വിവിധ കമ്മിറ്റികൾക്കുള്ള മുറികൾ, ഭരണവിഭാഗത്തിനുള്ള സൗകര്യങ്ങൾ, ലൈബ്രറി ബ്ലോക്ക്, ആർബിട്രേഷൻ സെൻ്റർ, റിക്രൂട്ട്മെൻ്റ് സെൽ, ഐടി വിഭാഗം, ഇൻഫർമേഷൻ സെൻ്റർ തുടങ്ങി അതിവിപുലമായ സൗകര്യങ്ങൾ ഉണ്ടാകും.
ഇതിനു പുറമേ അഡ്വക്കേറ്റ് ജനറൽ ഓഫിസ്, അഭിഭാഷകരുടെ ചേംബറുകൾ, പാർക്കിങ് സൗകര്യം, മഴവെള്ള സംഭരണി എന്നിവയും രൂപകൽപന ചെയ്തിട്ടുണ്ട്. ഭൂമി ഏറ്റെടുക്കലും കെട്ടിടനിർമാണവുമുൾപ്പെടെ 1000 കോടിയിലേറെ രൂപ ചെലവ് വരുന്ന പദ്ധതിയാണിത്. പ്രാരംഭ നടപടികൾക്കും കേന്ദ്ര സഹായം ലഭ്യമാക്കുന്നതിനുള്ള സാധ്യതകൾ പരിശോധിക്കുന്നതിനുമായി ആഭ്യന്തര വകുപ്പിനെയാണ് ചുമതലപ്പെടുത്തിയത്. നിലവിലെ ഹൈക്കോടതി സ്ഥലപരിമിതി നേരിടുന്ന സാഹചര്യത്തിലാണ് പുതിയ നിർമാണത്തെക്കുറിച്ച് ഹൈക്കോടതിയിൽനിന്ന് നിർദേശം ഉയർന്നത്.
എല്ലാ വിഭാഗം ജനങ്ങൾക്കുമുള്ള പ്രാപ്യത, യാത്രാസൗകര്യം, പ്രദേശത്തിൻ്റെ ഭൂമിശാസ്ത്രപരമായ പ്രാധാന്യം എന്നിവ കണക്കിലെടുത്ത് ജുഡീഷ്യൽ സിറ്റിക്ക് ഏറ്റവും അനുയോജ്യമായ സ്ഥലം കളമശ്ശേരിയാണെന്ന് നിയമമന്ത്രി പി രാജീവും ഹൈക്കോടതി ജഡ്ജിമാരും വിലയിരുത്തിയിരുന്നു. നിലവിലെ ഹൈക്കോടതി മന്ദിരം വികസിപ്പിക്കാൻ സ്ഥലപരിമിതികളുണ്ടെന്നും ഈ സാഹചര്യത്തിലാണ് കളമശ്ശേരിയിൽ ജുഡീഷ്യൽ സിറ്റി സ്ഥാപിക്കുക എന്ന തീരുമാനത്തിലേക്ക് എത്തിയതെന്നും മന്ത്രി പി രാജീവ് പറയുന്നു.
















