ചൈനയിലും തായ്വാനിലും കനത്ത നാശം വിതച്ച് റഗാസ ചുഴലിക്കാറ്റ്. ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ നാശനഷ്ടത്തില്‍ 17 പേരാണ് തായ്വാനിൽ മരിച്ചത്. 125 ഓളം പേരെ കാണാതായി. തെക്കൻ ചൈനയിലെ ഗ്വാങ്ഡോങ് പ്രവിശ്യയിൽനിന്നും 20 ലക്ഷം പേരെ മാറ്റിപ്പാർപ്പിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു. ഉയർന്ന വേലിയേറ്റത്തിനും ഉയർന്ന തിരമാലകൾക്കും സാധ്യതയുള്ളതിനാൽ തീരദേശ മേഖലയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ശക്തമായ കാറ്റിനെ തുടർന്ന് മിക്കയിടത്തും മരങ്ങൾ കടപുഴകി. മഴയിൽ നഗരം മുഴുവൻ വെള്ളക്കെട്ടിലാണ്. മലയോരമേഖലകളിൽ മണ്ണിടിച്ചിൽ സാധ്യതയുള്ളതിനാൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തായ്വാനിലെ ഹുവാലിയൻ പ്രദേശത്തെ തടാകങ്ങൾ കരകവിഞ്ഞൊഴുകിയതോടെ പ്രദേശം മുഴുവൻ വെള്ളത്തിലായി. ഗ്വാങ്ഫു ടൗൺഷിപ്പിലെ റോഡുകൾ ഒഴുകിപ്പോയി. ഹോങ്കോങിലും മക്കാവോയിലും വിമാന സർവീസുകൾ റദ്ദാക്കി. മണിക്കൂറിൽ 200 കിലോമീറ്ററോളം വേഗത്തിലാണ് റഗാസ വീശിയടിക്കുന്നത്. ഈ വർഷത്തെ ഏറ്റവും ശക്തമായ കൊടുങ്കാറ്റായ റഗാസ തിങ്കളാഴ്ചയാണ് കരതൊട്ടത്.
STORY HIGHLIGHT : Super Typhoon Ragasa has made landfall in southern China
















