രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ വെറും വയറ്റില്‍ ചായയോ കാപ്പിയോ കുടിക്കുന്ന ശീലമുള്ളവരാണ് പല ആളുകളും. എന്നാല്‍ ആ ശീലം നല്ലതല്ലെന്ന് പല തവണ വിദഗ്ദര്‍ പറഞ്ഞിട്ടുണ്ട്. എന്ത് ചെയ്യുമ്പോഴും അതിനൊരു സമയമുണ്ട് അത് പോലെ, ചായയും കാപ്പിയും കുടിക്കാനുമൊരു സമയമുണ്ടെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. നോക്കാം ചായ കുടിക്കാന്‍ ഉചിതമായ സമയം ഏത് ആണെന്ന്.
രാവിലെ എട്ട് മണിക്കും ഒമ്പതിനുമിടയില്‍ ശരീരം ഉയര്‍ന്ന അളവില്‍ നമ്മെ ഉറക്കത്തില്‍ നിന്നും ഉണര്‍ത്താന്‍ സഹായിക്കുന്ന കോര്‍ട്ടിസോള്‍ ഉത്പാദിപ്പിക്കുന്നുണ്ട്. ഈ സമയത്ത് കഫീനടങ്ങിയ കാപ്പിയും നമ്മുടെ ഫേവറിറ്റായ ചായയുമൊക്കെ കുടിക്കുന്നത് പരിഭ്രാന്തിയുണ്ടാക്കാന്‍ ഇടയാക്കുമത്രേ. അതുകൊണ്ട് ആ ശീലം വേണ്ട.
ഇനി എപ്പോഴാണ് ചായയും കാപ്പിയുമൊക്കെ കുടിക്കാനുള്ള ആ നല്ല സമയം എന്നാണ് ചിന്തിക്കുന്നതെങ്കില്‍, അത് കോര്‍ട്ടിസോളിന്റെ അളവ് കുറയാന്‍ തുടങ്ങുന്ന 9.30 ക്കും 11.30 ക്കും ഇടയിലാണ്. ഇത് പഠനങ്ങളില്‍ തെളിയിക്കപ്പെട്ടിട്ടുണ്ട്.
രാവിലെ ചായയും കാപ്പിയും കുടിക്കുന്നതില്‍ മാത്രമല്ല ശ്രദ്ധിക്കേണ്ടത്. പ്രഭാതഭക്ഷണിലും ശ്രദ്ധിക്കണം. രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിപ്പിക്കുന്ന റോളുകളും പേസ്ട്രികളുമൊന്നും രാവിലെ കഴിക്കാതിരിക്കുക. സ്മൂത്തി, കോണ്‍ഫ്ളക്സ് എന്നിവയൊക്കെ ആരോഗ്യകരമാണെന്ന് തോന്നുമെങ്കിലും നാരും പോഷകങ്ങളുമൊക്കെ ഇവയില്‍ കുറവായതിനാലും പഞ്ചസാര അടങ്ങിയിട്ടുള്ളതിനാലും ഇവയും ശരീരത്തിന് നല്ലതല്ല.
















