കുട്ടികള്‍ക്കും യുവാക്കള്‍ക്കുമിടയിലെ ലഹരിവ്യാപനം തടയാന്‍ സമഗ്ര കര്‍മ്മപദ്ധതിയ്ക്ക് രൂപം നല്‍കി സര്‍ക്കാര്‍. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ടുള്ള പ്രവര്‍ത്തനം സാധ്യമാക്കാനാണ് മിഷന്‍ മാതൃകയില്‍ പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്. മുഖ്യമന്ത്രി ചെയര്‍പേഴ്‌സണും മന്ത്രിമാര്‍ അംഗങ്ങളുമായാണ് സംസ്ഥാനതല സമിതി.സംയോജിത കര്‍മ്മ പദ്ധതി റിപ്പോര്‍ട്ട് ട്വന്റി ഫോർ പുറത്ത് വിട്ടു. മൂന്ന് പ്രധാന ലക്ഷ്യങ്ങളാണ് സംയോജിത കര്‍മ്മ പദ്ധതിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കുട്ടികളുടെയും, യുവാക്കളുടെയും മാനസിക ആരോഗ്യം മെച്ചപ്പെടത്തുക, അക്രമവും മയക്കുമരുന്ന് ഉപയോഗവും പ്രതിരോധിക്കുക, സുരക്ഷിതവും, ആരോഗ്യകരവുമായ സാമൂഹിക അന്തരീക്ഷവും സൃഷ്ടിക്കുക എന്നിവയാണ് ലക്ഷ്യങ്ങള്‍. എക്‌സൈസ്, പൊലീസ്, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി വിവിധ വകുപ്പുകളിലായി ലഹരിയ്‌ക്കെതിരായി വിവിധ ചുമതലകളും, പദ്ധതികളും നടപ്പിലാക്കുന്നുണ്ട്.
ഇവയുടെ എല്ലാം ഏകോപനവും നിരീക്ഷണവുമാണ് മിഷന്‍ മാതൃകയിലുള്ള കര്‍മ്മ പദ്ധതി നടപ്പാക്കുന്നതിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അതായത് സ്‌കൂള്‍ ഹെല്‍ത്ത്, കാവല്‍ ജീവനി, വിമുക്തി, പാരന്റിംഗ് ക്ലിനിക്, ഡി അഡിക്ഷന്‍ സെന്റര്‍ എന്നിവയുടെ എല്ലാം നിരീക്ഷണം ഗവേണിംഗ് ബോഡിയുടെ കീഴില്‍ വരും. സംസ്ഥാന തലം മുതല്‍ തദ്ദേശ സ്ഥാപന തല കമ്മിറ്റികള്‍ ഉണ്ടാകും. സംസ്ഥാനതല സമിതി ചെയര്‍പേഴ്‌സണ്‍ മുഖ്യമന്ത്രിയാണ്. എക്‌സൈസ് മന്ത്രി, വനിത ശിശുവികസന വകുപ്പ് മന്ത്രി എന്നിവരാകും വൈസ് ചെയര്‍പേഴ്‌സണും ബന്ധപ്പെട്ട വകുപ്പുകളിലെ മന്ത്രിമാര്‍ അംഗങ്ങളുമാകും. ചീഫ് സെക്രട്ടറിയാണ് കണ്‍വീനര്‍ സന്നദ്ധ സംഘടന പ്രതിനിധികളും അംഗങ്ങളാണ്. എല്ലാ മൂന്ന് മാസം കൂടുമ്പോഴും യോഗം ചേര്‍ന്ന് പുരോഗതി വിലയിരുത്തണം.
STORY HIGHLIGHT: Government launches comprehensive action plan to prevent the spread of drug abuse
















