സംയുക്ത സൈനിക മേധാവിയായി ജനറൽ അനിൽ ചൗഹാൻ തുടരും. കേന്ദ്ര സർക്കാർ കാലാവധി നീട്ടിയതിനെ തുടർന്ന് 2026 മെയ് 30 വരെ അനിൽ ചൗഹാൻ സിഡിഎസ് സ്ഥാനത്ത് തുടരും. 2022 സെപ്റ്റംബർ 30നായിരുന്നു അനിൽ ചൗഹാൻ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ആയി ചുമതല ഏറ്റിരുന്നത്. ഇന്ത്യൻ സായുധ സേനയുടെ രണ്ടാമത്തെ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് (സിഡിഎസ്) ആണ് അദ്ദേഹം. 2021 ഡിസംബറിൽ കുനൂരിലുണ്ടായ ഹെലികോപ്റ്റർ അപകടത്തെ തുടർന്ന് മരിച്ച ജനറൽ ബിപിൻ റാവത്തിന്റെ പിൻഗാമിയായാണ് ജനറൽ അനിൽ ചൗഹാൻ സിഡിഎസ് സ്ഥാനത്തേക്ക് എത്തിയിരുന്നത്.
ഖഡക്വാസ്ലയിലെ നാഷണൽ ഡിഫൻസ് അക്കാദമിയിലും ഡെറാഡൂണിലെ ഇന്ത്യൻ മിലിട്ടറി അക്കാദമിയിലുമായി പരിശീലനം നേടിയിട്ടുള്ള അനിൽ ചൗഹാന് പരം വിശിഷ്ട സേവാ മെഡൽ, ഉത്തം യുദ്ധ് സേവാ മെഡൽ, അതി വിശിഷ്ട സേവാ മെഡൽ, സേന മെഡൽ, വിശിഷ്ട സേവാ മെഡൽ എന്നിവയും ലഭിച്ചിട്ടുണ്ട്. 2018 ജനുവരിയിൽ, അദ്ദേഹത്തെ ഡയറക്ടർ ജനറൽ മിലിട്ടറി ഓപ്പറേഷൻസ് (DGMO) ആയി നിയമിച്ചു. 2019-ൽ പാകിസ്താനെതിരായ ബാലകോട്ട് വ്യോമാക്രമണം , ഇന്ത്യ-മ്യാൻമർ സംയുക്ത കലാപ വിരുദ്ധ ആക്രമണമായ ഓപ്പറേഷൻ സൺറൈസ് എന്നിവയ്ക്ക് അദ്ദേഹം നേതൃത്വം നൽകിയിരുന്നത് ഈ കാലയളവിലാണ്.
STORY HIGHLIGHT : Centre extends tenure of CDS Gen Anil Chauhan up to May 2026
















