ന്യൂഡൽഹി: ഭീകവാദ പ്രവർത്തനങ്ങളെ തുടർന്ന് വധശിക്ഷയ്ക്ക് വിധേയരായ അഫ്സൽ ഗുരുവിന്റെയും, മഖ്ബൂൽ ഭട്ടിന്റെയും ശവകുടീരങ്ങൾ തിഹാർ ജയിലിൽനിന്നു മാറ്റണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹർജി തള്ളി ഡൽഹി ഹൈക്കോടതി. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇരുവരെയും തൂക്കിലേറ്റിയതിന് പിന്നാലെ മൃതദേഹങ്ങള്‍ തിഹാറിലാണ് സംസ്‌കരിച്ചിരുന്നത്.
ജയിൽ പരിസരം തീർഥാടന കേന്ദ്രമാകുന്നത് തടയാൻ മൃതദേഹാവശിഷ്‌ടങ്ങൾ രഹസ്യ സ്ഥലത്തേക്ക് മാറ്റണമെന്നായിരുന്നു വിശ്വവേദിക് സനാതൻ സംഘ് എന്ന സംഘടനയുടെ ആവശ്യം. മൃതദേഹങ്ങൾ ജയിലിന് പുറത്തേക്ക് മാറ്റണമെന്ന് നിയമമില്ലെന്നും മരിച്ചവർക്ക് ആദരവ് നൽകേണ്ടതുണ്ടെന്നും കോടതി ഹർജിക്കാരനോട് പറഞ്ഞു. ഇത്തരം കാര്യങ്ങളില്‍ സര്‍ക്കാരാണ് തീരുമാനം എടുക്കേണ്ടതെന്നും ഹൈക്കോടതി ചീഫ് ജസ്റ്റിസ് ദേവേന്ദ്ര കുമാർ ഉപാധ്യായയും ജസ്റ്റിസ് തുഷാർ റാവു ഗെഡേലയും ചൂണ്ടിക്കാട്ടി.
















