തിരുവനന്തപുരം: എൻഎസ്എസ് സർക്കാരിനോട് അടുക്കുമ്പോഴും അനുനയ നീക്കം തുടരാൻ കോൺഗ്രസ്. കെപിസിസി നേതൃത്വം എന്‍എസ്എസുമായി ചര്‍ച്ച നടത്തും. വിശ്വാസ പ്രശ്നത്തിൽ ഉറച്ച നിലപാടാണ് എടുത്തതെന്ന് എന്‍എസ്എസിനെ ഓർമ്മിപ്പിക്കാനാണ് കോണ്‍ഗ്രസിന്‍റെ ശ്രമം. പ്രതികരണങ്ങളിലും സൂക്ഷ്മത പാലിക്കാനാണ് നേതാക്കളുടെ നീക്കം. എൻഎസ്എസ് ജനറൽ സെക്രട്ടറിയുടെ വിമർശനം കോൺഗ്രസ് നേതൃത്വത്തെ അമ്പരപ്പിച്ചിട്ടുണ്ട്. കേന്ദ്രത്തിലും സംസ്ഥാനത്തും പ്രതിപക്ഷത്തിരിക്കുന്ന തങ്ങളെ എന്തിന് വിമർശിക്കണം എന്നാണ് കോൺഗ്രസ് നേതാക്കളുടെ ചോദ്യം. അയ്യപ്പ സംഗമം അടക്കം ഒരു വിഷയത്തിലും കോൺഗ്രസ് നിലപാട് മാറ്റിയിട്ടില്ലെന്നും നേതാക്കൾ വിശദീകരിക്കുന്നു.
അതിനിടെ, ജി.സുകുമാരൻ നായരുടെ നേതൃത്വത്തെ പ്രശംസിച്ച് നായർ സർവീസ് സൊസൈറ്റി രംഗത്തെത്തി. ജനറൽ സെക്രട്ടറിയുടെ വാക്കുകൾ ഒരു കൊടുങ്കാറ്റുപോലെ പൊതുസമൂഹത്തിൽ അലയടിക്കുന്നതായി ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. നേതൃത്വത്തിന്റെ നിലപാടുകളിലുള്ള ആർജ്ജവവും സത്യസന്ധതയുമാണ് വലിയ ചർച്ചക്ക് വഴി തുറന്നത്. ഇതര സമുദായങ്ങളിൽപ്പെട്ടവർ പോലും ഈ സത്യം രഹസ്യമായി അംഗീകരിക്കുന്നു. എന്നാൽ സ്വസമുദായത്തിൽപ്പെട്ട ചിലർ പരസ്യമായി നേതൃത്വത്തെ അവഹേളിക്കുന്നതായും വിമർശനം. ഇത് നായരുടെ പൊതു സ്വഭാവമെന്നും കുറിപ്പിൽ വിമർശനമുണ്ട്.
അതേസമയം, ആഗോള അയ്യപ്പസംഗമത്തിന്റെ പശ്‌ചാത്തലത്തിൽ എൻഎസ്‌എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ ന്യൂ ഇന്ത്യൻ എക്‌സ്‌പ്രസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ സ്വാഗതാർഹമാണെന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു. അയ്യപ്പസംഗമത്തെ രാഷ്‌ട്രീയമാക്കിയത് ആര് എന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. യുഡിഎഫിനും ബിജെപിക്കുമെതിരെ സൃഷ്ടിപരമായ വിമർശവും എൻഎസ്‌എസ് ജനറൽ സെക്രട്ടറി ഉയർത്തി. അയ്യപ്പസംഗമത്തെ രാഷ്‌ട്രീയമാക്കിയത് ബിജെപിയും യുഡിഎഫിന്റെ ചില നേതാക്കളുമാണ്. യുഡിഎഫിൽത്തന്നെ അയ്യപ്പസംഗമത്തിൽ പങ്കെടുക്കാൻ ആഗ്രഹിച്ചവരുണ്ടെന്നും മന്ത്രി പറഞ്ഞു.
സർക്കാരിനെ എൻഎസ്‌എസിന് വിശ്വാസമാണെന്ന ജനറൽ സെക്രട്ടറി സുകുമാരൻനായരുടെ നിലപാട് സ്വാഗതാർഹമാണെന്ന് എസ്‌എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എൻഎസ്‌എസ് നിലപാട് തെരഞ്ഞെടുപ്പുകളിൽ എൽഡിഎഫിന് ഗുണംചെയ്യുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
















