പാലക്കാട്: ലൈംഗികപീഡന ആരോപണങ്ങൾക്കിടെ രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാടെത്തിയത് സംസ്ഥാന ജില്ലാ നേതാക്കളുടെ മൗനാനുവാദത്തോടെ. മണ്ഡലത്തിൽ സജീവമാകാൻ നേതൃത്വത്തിന്റെ അനുമതിയുണ്ട്. രാഹുൽ ഇന്നലെ മണ്ഡലത്തിൽ എത്തിയത് ജില്ലാ നേതൃത്വത്തിന്റെ അറിവോടെ എന്നത് തള്ളി പാലക്കാട് ഡിസിസി പ്രസിഡന്റ് തങ്കപ്പൻ. രാഹുൽ മാങ്കൂട്ടത്തിലുമായി പാർട്ടി സഹകരിക്കില്ല. രാഹുൽ ഇപ്പോഴും പാർട്ടിക്ക് പുറത്താണ്. അക്കാര്യം കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും വ്യക്തമാക്കിയതാണ്. പാർട്ടി പരിപാടികളിൽ പങ്കെടുപ്പിക്കില്ലെന്നും എംഎൽഎ എന്ന നിലയിൽ സഹകരിക്കില്ലെന്നും എ തങ്കപ്പൻ വ്യക്തമാക്കി.
എംഎല്‍എ എന്ന നിലയിൽ പൂർണ പിന്തുണ നൽകാനാണ് സംസ്ഥാന നേതൃത്വം ജില്ലാ നേതൃത്വത്തിനും നിർദേശം നൽകിയത്. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മണ്ഡലത്തിൽ രാഹുൽ സജീവമാകണമെന്ന ആവശ്യം ഡിസിസി നേതൃത്വവും മുസ്‍ലിം ലീഗും കോൺഗ്രസ് സംസ്ഥാന നേതാക്കളോട് ആവശ്യപ്പെട്ടിരുന്നു. വിവാദങ്ങൾക്കിടെ 38 ദിവസത്തിന് ശേഷം ഇന്നലെയാണ് രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് എത്തിയത്. ഇന്നും എംഎൽ എ ഓഫീസിൽ എത്തി മണ്ഡലത്തിൻ്റെവികസന പദ്ധതികളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടത്തും.
















