ആലപ്പുഴ: ചേർത്തല ബിന്ദു പത്മനാഭൻ കൊലപാതക കേസിൽ അറസ്റ്റിലായ പ്രതി സി എം സെബാസ്റ്റ്യൻ കുറ്റം സമ്മതം നടത്തി. ബിന്ദുവിനെ താൻ കൊലപ്പെടുത്തിയെന്ന് സെബാസ്റ്റ്യൻ മൊഴി നൽകിയതായി ക്രൈം ബ്രാഞ്ച് കോടതിയിൽ കോടതിയിൽ അറിയിച്ചു. ഏറ്റുമാനൂർ സ്വദേശിനി ജെയ്നമ്മയെ കൊന്ന കേസിൽ അറസ്റ്റിലായ ഇയാളെ കോട്ടയം ക്രൈംബ്രാഞ്ച് ചോദ്യംചെയ്തപ്പോഴാണ്, എട്ടുവർഷം പിന്നിട്ടിട്ടും തുമ്പില്ലാതെയിരുന്ന ബിന്ദുപദ്മനാഭൻ തിരോധാനക്കേസിലും വഴിത്തിരിവുണ്ടായത്. വസ്തു ഇടനിലക്കാരനാണ് സെബാസ്റ്റ്യൻ. ബിന്ദു കൊല്ലപ്പെട്ടതാണെന്ന് നേരത്തേ സ്ഥിരീകരിച്ചിരുന്നു. തിരോധാനക്കേസിൽ സെബാസ്റ്റ്യനെ സംശയിച്ചിരുന്നെങ്കിലും പ്രതിയാക്കിയിരുന്നില്ല.
കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തിലാണ് ബിന്ദു പത്മനാഭൻ കൊലക്കേസിൽ സെബാസ്റ്റ്യനെ പ്രതി ചേർത്തത്. കസ്റ്റഡി അപേക്ഷയിലാണ് ക്രൈം ബ്രാഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. ജൈനമ്മ കൊലപാതകക്കേസിൽ റിമാൻഡിൽ കഴിയുന്ന സെബാസ്റ്റ്യനെ ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം ജയിലിൽ എത്തി അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.
ബിന്ദു കൊലക്കേസിൽ അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്കും വ്യാപിപ്പിക്കാനൊരുങ്ങുകയാണ് പൊലീസ്. കോയമ്പത്തൂർ, കുടക്, ബാംഗ്ലൂർ എന്നിവിടങ്ങളിലും സെബാസ്റ്റ്യനുമായി തെളിവെടുപ്പ് നടത്തും. ഇവിടങ്ങളിൽ ബിന്ദുവുമായി സെബാസ്റ്റ്യൻ യാത്ര ചെയ്തിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കേരളത്തിന് പുറത്തു വച്ചാണോ ബിന്ദു കൊല്ലപ്പെട്ടത് എന്നും സംശയമുണ്ടെന്ന് പൊലീസ് അറിയിച്ചു.
ചേർത്തല പോലീസ് അന്വേഷിക്കുന്ന, വിരമിച്ച പഞ്ചായത്തുജീവനക്കാരി ഹയറുമ്മ(ഐഷ-62) തിരോധാന കേസിലും സെബാസ്റ്റ്യൻ സംശയനിഴലിലാണ്. ക്രൈംബ്രാഞ്ച് ഡിറ്റക്ടീവ് ഇൻസ്പെക്ടർ കെ. ഹേമന്ത്കുമാറാണ് കേസന്വേഷിക്കുന്നത്. ക്രൈംബ്രാഞ്ചിനു വേണ്ടി അസിസ്റ്റന്റ് പബ്ലിക്ക് പ്രോസിക്യൂട്ടർ എം. വിനോദ് കോടതിയിൽ ഹാജരായി.
















