കൊച്ചി: ഭൂട്ടാൻ വാഹനക്കടത്തിൽ നടൻ അമിത് ചക്കാലക്കലിനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യും. കോയമ്പത്തൂർ സംഘവുമായുള്ള അമിതിന്റെ ബന്ധം അന്വേഷിക്കും. താരങ്ങൾക്ക് വാഹനം എത്തിച്ചു നൽകുന്നതിൽ അമിത്തിന് പങ്കുണ്ടോ എന്നകാര്യങ്ങളിലടക്കമുള്ള വിവരങ്ങൾ ശേഖരിക്കാനാണ് കസ്റ്റംസ് തീരുമാനിച്ചിരിക്കുന്നത്. ഏഴ് വാഹനങ്ങളായിരുന്നു അമിത് ചക്കാലക്കലില്‍ നിന്ന് പിടിച്ചെടുത്തത്. ഇതില്‍ രണ്ടെണ്ണം മാത്രമാണ് കസ്റ്റംസിന്‍റെ ഓഫീസിലേക്ക് കൊണ്ടുവന്നിട്ടുള്ളത്. ബാക്കിയുള്ളവ അമിത്തിന്‍റെ വര്‍ക്ക് ഷോപ്പിലാണുള്ളത്.
തന്‍റെ ഒരു വാഹനം മാത്രമാണ് പിടിച്ചെടുത്തത് എന്നായിരുന്നു കഴിഞ്ഞദിവസം അമിത് മാധ്യമങ്ങളോട് പറഞ്ഞത്. ഗോവയില്‍ നിന്ന് അഞ്ചുവര്‍ഷം മുന്‍പാണ് 99 മോഡല്‍ ലാന്‍ഡ് ക്രൂയിസര്‍ വാങ്ങിയതെന്നും മറ്റ് വാഹനങ്ങള്‍ അറ്റകുറ്റപണിക്കായി വര്‍ക്ക് ഷോപ്പിലെത്തിയവയാണെന്നുമാണ് അമിത് പറഞ്ഞത്. എന്നാല്‍ അമിത് ചക്കാലക്കലിന് വാഹനഇടപാടുമായി ബന്ധമുണ്ടെന്നും താരങ്ങള്‍ക്കടക്കം ഇത്തരത്തില്‍ കടത്തിക്കൊണ്ടുവന്ന വാഹനങ്ങള്‍ എത്തിച്ചുനല്‍കിയതില്‍ മുഖ്യഇടനിലക്കാരന്‍ അമിത് ആണെന്നുമാണ് കസ്റ്റംസ് പറയുന്നത്.
കുണ്ടന്നൂരിലെ വർക്ക്‌ഷോപ്പിൽ നിന്ന് പിടിച്ചെടുത്ത ലാൻഡ് ക്രൂയിസറിന്‍റെ ആര്‍സി വിലാസം വ്യാജമാണെന്നാണ് കണ്ടെത്തിയിട്ടുള്ളത്. അസം സ്വദേശി മാഹിൻ അൻസാരിയുടെ പേരിലാണ് വാഹനം. അങ്ങനെയൊരാളില്ല എന്ന് കസ്റ്റംസ് വ്യക്തമാക്കി. വണ്ടിയുടെ യഥാർത്ഥ ഉടമയെ കണ്ടെത്താൻ ശ്രമം നടക്കുകയാണ്. നടൻ ദുൽഖർ സൽമാന് രണ്ടു വാഹനങ്ങൾ കൂടി ഹാജരാക്കാൻ കസ്റ്റംസ് നോട്ടീസ് നൽകും. കൂടുതൽ സ്ഥലങ്ങളിലും ഇന്ന് പരിശോധനക്ക് സാധ്യതയുണ്ട്.
















