പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം നേതാവ് എൻ എൻ കൃഷ്‌ണദാസ്. രാഹുൽ മാങ്കൂട്ടത്തിലിനെ പേറി കോൺഗ്രസ് കൂടുതൽ നാറട്ടെ, നാറി നാറി പുളിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. രാഹുലെന്ന വൃത്തികേടിൻറെ നാറ്റം ഞങ്ങളെന്തിന് സഹിക്കണമെന്നായിരുന്നു പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പ്രതിഷേധിക്കാത്തതിന് കാരണമായി അദ്ദേഹം പറഞ്ഞത്.
രാഹുൽ മാങ്കൂട്ടത്തിലിനെ രാഷ്ട്രീയ കേരളത്തിൻ്റെ അശ്ലീലമെന്ന് വിശേഷിപ്പിച്ച അദ്ദേഹം രാഹുലിൻ്റെ പാലക്കാടേക്കുള്ള വരവിലൂടെ കോൺഗ്രസ് ജനങ്ങളെ വെല്ലുവിളിക്കുകയാണെന്നും കുറ്റപ്പെടുത്തി. കോൺഗ്രസിന് ലജ്ജയില്ലെന്നതിൻറെ തെളിവാണിതെന്ന് അദ്ദേഹം പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിലിനെ വിശേഷിപ്പിക്കാൻ നിഘണ്ടുവിൽ ഒറ്റവാക്കേയുള്ളൂ, ‘വൃത്തികെട്ടവൻ’. രാഹുൽ മാങ്കൂട്ടത്തിൽ ചെയ്തത് വൃത്തികെട്ട കാര്യങ്ങളാണ്. രാഹുലെന്ന ദുർഗന്ധം അസഹനീയമാവുമ്പോൾ ജനങ്ങൾ തന്നെ പുറന്തള്ളും. ഇന്നലെ നടന്ന ഡിവൈഎഫ്ഐ പ്രതിഷേധം ഇങ്ങനെയൊരു മാലിന്യം വന്നുവെന്ന് ജനങ്ങളെ അറിയിച്ചത് മാത്രമാണെന്നും കൃഷ്ണദാസ് പ്രതികരിച്ചു.
അതേസമയം, ലൈംഗികപീഡന ആരോപണങ്ങൾക്കിടെ രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാടെത്തിയത് നേതൃത്വത്തിൻ്റെ മൗനാനുവാദത്തോടെ. മണ്ഡലത്തിൽ സജീവമാകാൻ നേതൃത്വത്തിന്റെ അനുമതിയുണ്ട്. എംഎല്‍എ എന്ന നിലയിൽ പൂർണ പിന്തുണ നൽകാനാണ് സംസ്ഥാന നേതൃത്വം ജില്ലാ നേതൃത്വത്തിനും നിർദേശം നൽകിയത്.
















