ഭക്ഷണ പായ്ക്കറ്റുകളിലെ മുന്നറിയിപ്പ് ലേബലുകൾ വായിക്കാൻ സ്കൂൾ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകണം. നിർദ്ദേശവുമായി എറണാകുളം ജില്ലാ കളക്ടർ ജി. പ്രിയങ്ക. ജില്ലാ ഭക്ഷ്യ സുരക്ഷ ഉപദേശക സമിതിയുടെ പ്രത്യേക യോഗത്തിലാണ് കളക്ടർ ഈ നിർദേശം മുന്നോട്ടുവച്ചത്.
ഭക്ഷണകാര്യങ്ങളിൽ ആരോഗ്യകരമായ തിരഞ്ഞെടുപ്പുകൾ നടത്താൻ ഇത് വിദ്യാർത്ഥികളെ സഹായിക്കും. കൂടാതെ എല്ലാ വിദ്യാലയങ്ങളിലും ഷുഗർ, ഓയിൽ ബോർഡുകൾ സ്ഥാപിക്കണമെന്നും കളക്ടർ നിർദ്ദേശിച്ചു.
കഴിക്കുന്ന ഭക്ഷണത്തിൽ അടങ്ങിയിരിക്കുന്ന പഞ്ചസാരയുടെയും എണ്ണയുടെയും അളവ്, അവയുടെ അമിത ഉപയോഗം മൂലം ഉണ്ടാകാവുന്ന അസുഖങ്ങൾ എന്നിവയെ കുറിച്ച് വിദ്യാർത്ഥികളുടെ ഇടയിൽ അവബോധം സൃഷ്ടിക്കാൻ ഇത് സഹായകമാകുമെന്ന് ജില്ലാ കളക്ടർ അഭിപ്രായപ്പെട്ടു.
ജില്ലയിലെ എല്ലാ ന്യൂട്രീമിക്സ് ഉൽപാദന കേന്ദ്രങ്ങളിലും കൃത്യമായ ഇടവേളകളിൽ പരിശോധന നടത്തണമെന്നും കുട്ടികൾക്ക് പോഷകസമൃദ്ധമായ ഭക്ഷണം ഉറപ്പുവരുത്തുണമെന്നും യോഗം ആവശ്യപ്പെട്ടു.
















