വീക്കെൻഡ് ആഘോഷമാക്കാൻ ഒരു ചെമ്മീൻ മജ്ബൂസ് ഉണ്ടാക്കിയാലോ? എളുപ്പത്തിൽ തയാറാക്കാവുന്ന ഒരു റെസിപ്പി.
ആവശ്യമായ ചേരുവകൾ
- ചെമ്മീൻ (വലുത്) – 30 എണ്ണം + 8 എണ്ണം (അരയ്ക്കാൻ)
- ചുവന്ന മുളകുപൊടി – 3/4 ടീസ്പൂൺ
- മഞ്ഞൾപ്പൊടി – ഒരു നുള്ള്
- ബസ്മതി അരി – 2 കപ്പ് (അര മണിക്കൂർ വെള്ളത്തിൽ കുതിർത്തത്)
- ഉള്ളി- 1, അരിഞ്ഞത്
- കാപ്സിക്കം-1, അരിഞ്ഞത്
- ഇഞ്ചി വെളുത്തുള്ളി ചതച്ചത് – 1 1/2 ടീസ്പൂൺ
- കുരുമുളക് പൊടി – 1 ടീസ്പൂൺ
- മഞ്ഞൾപ്പൊടി – 3/4 ടീസ്പൂൺ
- ഗരം മസാലപ്പൊടി – 1/4 ടീസ്പൂൺ
- ഉണങിയ ചെറുനാരങ്ങ – 1
- മല്ലിയില – 2 ടേബിൾസ്പൂൺ
- വെള്ളം – 3 കപ്പ്
- ഉപ്പ് – ആവശ്യത്തിന്
- നെയ്യ് – 2 ടേബിൾസ്പൂൺ
- എണ്ണ – 3 ടേബിൾസ്പൂൺ
തയാറാക്കുന്ന വിധം
വൃത്തിയാക്കിയ ചെമ്മീൻ ചുവന്ന മുളകുപൊടി, ഒരു നുള്ള് മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവ ചേർത്ത് മാരിനേറ്റ് ചെയ്യുക. ഒരു പാനിൽ എണ്ണ ചൂടാക്കി, മാരിനേറ്റ് ചെയ്ത ചെമ്മീൻ ചെറുതായി വറുത്തെടുക്കുക. ബാക്കിയുള്ള 8 ചെമ്മീൻ നന്നായി അരച്ചെടുക്കുക. ഒരു പാനിൽ നെയ്യ് ചൂടാക്കി അരിഞ്ഞ ഉള്ളിയും കാപ്സിക്കവും ചേർത്ത് മൃദുവാകുന്നതുവരെ വഴറ്റുക. ഇനി ചതച്ച ഇഞ്ചി വെളുത്തുള്ളി ചേർത്ത് ഒരു മിനിറ്റ് കൂടി വഴറ്റുക. ഇതിലേക്ക് കുരുമുളക് പൊടി, മഞ്ഞൾപ്പൊടി, ഗരം മസാല, ഉപ്പ് എന്നിവ ചേർത്ത് പച്ചമണം മാറുന്നതുവരെ വഴറ്റുക.
ഇതിലേക്ക് വെള്ളം ചേർത്ത് തിളച്ചു തുടങ്ങുമ്പോൾ കുതിർത്ത അരി, അരച്ചെടുത്ത ചെമ്മീൻ, ഉണക്ക നാരങ്ങ എന്നിവ ചേർത്ത് ഇതിലെ വെള്ളം വറ്റുന്നത് വരെ മൂടിവെച്ച് ചെറുതീയിൽ വേവിക്കുക. ഇനി വറുത്ത ചെമ്മീൻ അതിലേക്ക് ചേർത്ത് പതുക്കെ യോജിപ്പിച്ച് വേവിക്കുന്നത് വരെ മൂടിവെച്ച് വേവിക്കുക. ഉണക്ക നാരങ്ങ ഇതിൽനിന്ന് മാറ്റി ചൂടോടെ വിളമ്പുക.
















