യുക്രൈൻ യുദ്ധത്തിൽ സേവനമനുഷ്ഠിക്കാൻ ഇന്ത്യൻ സർക്കാർ “നിരപരാധികളായ പഞ്ചാബി യുവാക്കളെ” റഷ്യയ്ക്ക് വിറ്റു എന്ന ആരോപണവുമായി റഷ്യയിൽ കുടുങ്ങിക്കിടക്കുന്ന സൈനിക വേഷത്തിലുള്ള ചില യുവാക്കൾ നാട്ടിലേക്ക് മടങ്ങാൻ സഹായം അഭ്യർത്ഥിക്കുന്നു എന്ന തരത്തിൽ ദേശീയ മാധ്യമങ്ങളിൽ അടക്കം ഒരു വീഡിയോ പ്രചരിക്കുന്നു.
“ഞങ്ങൾ ആകെ 25 പേരായിരുന്നു. അവർ ഞങ്ങളെക്കൊണ്ട് ഒരു കരാറിൽ ഒപ്പിടിപ്പിച്ചു, പക്ഷേ അതിൽ എന്താണ് എഴുതിയിരിക്കുന്നതെന്ന് ഞങ്ങൾക്ക് അറിയില്ല. പിന്നീട് അവർ ഞങ്ങളെ ഒരു സൈനിക പരിശീലന കേന്ദ്രത്തിലേക്ക് അയച്ചു, ഞങ്ങൾക്ക് തോക്കുകൾ നൽകി. തോക്കുകൾ പ്രവർത്തിപ്പിക്കാൻ കഴിയില്ലെന്ന് പറഞ്ഞ് ഞങ്ങൾ ആവർത്തിച്ച് നിരസിച്ചു, പക്ഷേ അവർ പറഞ്ഞു: ‘ഒന്നുകിൽ ശത്രുവിനെ കൊല്ലുക, അല്ലെങ്കിൽ ഞങ്ങൾ നിങ്ങളെ കൊല്ലും.’ ഇപ്പോൾ ഞങ്ങളെ ഉക്രേനിയൻ അതിർത്തിയിലേക്ക് കൊണ്ടുവന്നിരിക്കുന്നു. ഇവിടെ നിന്ന് യുദ്ധക്കളത്തിലേക്ക് പോകുന്നവരെ കാണാതാവുകയോ തിരികെ വരികയോ ചെയ്യുന്നില്ല,” എന്നാണ് വീഡിയോയിൽഉള്ളവർ പറയുന്നത്.
എന്നാൽ ഈ പ്രചരിക്കുന്ന വീഡിയോയിൽ ഉള്ളത് സിഖ് യുവാക്കൾ അല്ലെന്നും, വ്യാജ ഏജൻറുമാർ നൽകിയ ജോലി വാഗ്ദാനം വിശ്വസിച്ച് റഷ്യയിലെ കൂലിപ്പട്ടാളത്തിൽ അകപ്പെട്ട യുവാക്കളുടെ ദൃശ്യങ്ങളാണ് തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ പ്രചരിപ്പിക്കുന്നതെന്നും വ്യക്തമാകുന്നു. വൈറൽ വിഡിയോയിലേതിന് സമാനമായ വസ്ത്രങ്ങൾ ധരിച്ച യുവാക്കളുടെ അതേ ചിത്രങ്ങൾ ഈ റിപ്പോർട്ടിനൊപ്പവും നൽകിയിട്ടുണ്ട്. ജോലിയോ പഠന വിസയോ വാഗ്ദാനം ചെയ്ത് ഏജന്റുമാർ റഷ്യയിലെത്തിക്കുകയും പിന്നീട് കബളിക്കപ്പെട്ട് റഷ്യൻ കൂലിപ്പട്ടാളത്തിൽ ചേരേണ്ടിവന്നതിനെത്തുടർന്ന് രക്ഷാപ്രവർത്തനത്തിനായി സർക്കാർ ഇടപെടണമെന്ന് അപേക്ഷിക്കുന്നതാണ് വിഡിയോ ദൃശ്യങ്ങളെന്ന് വാർത്താ റിപ്പോർട്ടുകളിൽ നിന്ന് വ്യക്തമായി.
ഈ വർഷം ഫെബ്രുവരി 7 ന് ലോക്സഭയിൽ വിദേശകാര്യ മന്ത്രാലയം നൽകിയ മറുപടി പ്രകാരം, “റഷ്യൻ സായുധ സേനയിലെ 127 ഇന്ത്യൻ പൗരന്മാരിൽ 97 പേരുടെ സേവനം നിർത്തലാക്കി. 12 ഇന്ത്യൻ പൗരന്മാർക്ക് ജീവൻ നഷ്ടപ്പെട്ടതായി റിപ്പോർട്ടുണ്ട്. 18 ഇന്ത്യൻ പൗരന്മാർ റഷ്യൻ സായുധ സേനയിൽ തുടരുന്നു, അതിൽ 16 പേരെ കാണാതായതായി റഷ്യൻ പക്ഷം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.”
“ഇന്ത്യയും റഷ്യയും തമ്മിലുള്ള ഉന്നത തലത്തിലുള്ള പതിവ് ഇടപെടലുകളുടെ ഫലമായി, റഷ്യൻ സായുധ സേനയിലെ മിക്ക ഇന്ത്യൻ പൗരന്മാരെയും പിരിച്ചുവിട്ടിട്ടുണ്ട്. 2024 ഓഗസ്റ്റിൽ, റഷ്യൻ ഫെഡറേഷന്റെ പ്രതിരോധ മന്ത്രാലയം 2024 ഏപ്രിൽ മുതൽ ഇന്ത്യൻ പൗരന്മാരെ തങ്ങളുടെ സായുധ സേനയിൽ പ്രവേശിപ്പിക്കുന്നത് നിർത്തിയതായി റഷ്യൻ പക്ഷം പ്രഖ്യാപിച്ചു,” മന്ത്രാലയം മറുപടിയിൽ പറഞ്ഞു.
















