ബംഗ്ലാദേശിനെ തകര്‍ത്തെറിഞ്ഞ് ഇന്ത്യയ്ക്ക് വമ്പന്‍ ജയമുണ്ടായപ്പോള്‍ മലയാളികള്‍ക്ക് അത്രയ്ക്ക് സന്തോഷിക്കാന്‍ വകയുണ്ടായിരുന്നോ എന്നത് വലിയ ചര്‍ച്ച ആയിരിക്കുകയാണ് സോഷ്യല്‍ മീഡിയയില്‍. അമ്മയെ തല്ലിയാലും രണ്ടുണ്ട് പക്ഷം എന്ന രീതിയില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ട്. സഞ്ജുവിനു വേണ്ടി വാദിക്കുന്നവരും, ഇന്ത്യയുടെ ജയമാണ് പ്രധാനം ഫാന്‍സിന്റെ കരച്ചിലല്ല എന്നും പറയുന്നവരുണ്ട്. 41 റണ്‍സിന് ബംഗ്ലാദേശിനെ വീഴ്ത്തിയ ഇന്ത്യ ഫൈനല്‍ ഉറപ്പിച്ചത് ഏറെ സന്തോഷം പകരുന്നുണ്ട്. ഏഷ്യാക്കപ്പില്‍ സഞ്ജു ഇന്ത്യന്‍ ജഴ്‌സി അണിഞ്ഞ് വിക്കറ്റ് കീപ്പറായി നല്‍കുന്നതു തന്നെ വലിയ കാര്യമായി തോന്നുന്നുണ്ട്.
ഏഷ്യാക്കപ്പിന്റെ ഇന്ത്യന്‍ സ്‌ക്വാഡില്‍ സഞ്ജുവിനെ എടുത്തില്ലായിരുന്നെങ്കില്‍ എന്താകും പറയുന്നത്. എടുത്തപ്പോള്‍ പിന്നെ കളിപ്പിക്കുമോ എന്നതായിരുന്നു പ്രശ്‌നം. ടീമില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ ബാറ്റിംഗ് കൊടുക്കുമോ എന്നായിരുന്നു പ്രശ്‌നം. ബാറ്റിംഗും കൊടുത്തപ്പോള്‍ പൊസിഷന്റെ പേരിലും പ്രശ്‌നം. ഇങ്ങനെ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമ്പോള്‍ മലയാളികളോട് ബി.സി.സി.ഐ എന്തോ ഒരു ദൂരം പാലിക്കുന്നുണ്ടോ എന്ന് തോന്നിപ്പോകും. അത്തരം ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ പുരോഗമിക്കുന്നത്. എങ്കിലും സഞ്ജുവിന്റെ കളിയിലെ മികവ് പരിശോധിക്കുമ്പോള്‍ ബംഗ്ലാദേശിനെതിരേയുള്ള ബാറ്റിംഗ് ഓര്‍ഡറില്‍ ഇറങ്ങാന്‍ യോഗ്യനെന്നു തന്നെ മനസ്സിലാക്കണം.
എന്നാല്‍, തുടര്‍ച്ചയായി ജയിച്ചുകൊണ്ടിരിക്കുന്ന ഒരു ടീമിനുനേരെ അധികം ചോദ്യങ്ങള്‍ ഉയര്‍ന്നുവരാറില്ല. എന്നാല്‍ ഇപ്പോള്‍ ഇത് ചോദിക്കാതെ വയ്യ. എന്തുകൊണ്ടാണ് സഞ്ജു സാംസണ്‍ ബംഗ്ലാദേശിനെതിരെ ബാറ്റിങ്ങിന് ഇറങ്ങാതിരുന്നത്!?, ഡഗ്-ഔട്ടില്‍ ഇരിക്കുമ്പോള്‍ സഞ്ജു ഹെല്‍മറ്റ് പോലും ധരിച്ചിരുന്നില്ല!. അതില്‍ നിന്ന് നാം എന്താണ് മനസ്സിലാക്കേണ്ടത്?. ഇന്ത്യയ്ക്ക് ഒരു വിക്കറ്റ് കൂടി നഷ്ടപ്പെട്ടിരുന്നുവെങ്കില്‍ സഞ്ജുവിന് പകരം കുല്‍ദീപ് യാദവോ ജസ്പ്രീത് ബുംറയോ കളിക്കാനിറങ്ങുമായിരുന്നോ?. പ്രളയം വന്ന് സര്‍വ്വതും നശിച്ചാലും സഞ്ജുവിനെ ബാറ്റ് തൊടാന്‍ അനുവദിക്കില്ല എന്ന് ടീം മാനേജ്‌മെന്റ് തീരുമാനിച്ചിരുന്നുവോ?. ഈ വൃത്തികേടിന് എന്താണ് വിശദീകരണം?. ഒമാനെതിരെ സൂര്യകുമാര്‍ യാദവ് ബാറ്റ് ചെയ്തിരുന്നില്ല. ആ മത്സരം പരിപൂര്‍ണ്ണമായും അപ്രസക്തമായിരുന്നതിനാല്‍ ബാറ്റിങ്ങ് ഓര്‍ഡറിലെ അത്തരം പരീക്ഷണങ്ങള്‍ അനുവദനീയമായിരുന്നു.
ബംഗ്ലാദേശിനോടുള്ള പോരാട്ടം അങ്ങനെ ആയിരുന്നുവോ? ഫൈനലിലെ സ്ഥാനം ഉറപ്പിക്കാനുള്ള ഗെയിമിലാണ് ഇന്ത്യ ഇത്തരം കോപ്രായങ്ങള്‍ കാട്ടിയത്! അതില്‍ എന്താണ് ന്യായം?. ശിവം ദുബേയും സൂര്യകുമാറും തിലക് വര്‍മ്മയും അക്‌സര്‍ പട്ടേലും സഞ്ജുവിന് മുമ്പ് ബാറ്റ് ചെയ്തു. പക്ഷേ അവരെല്ലാവരും നൂറിന് താഴെയുള്ള സ്‌ട്രൈക്ക് റേറ്റിലാണ് കളിച്ചത്. കളി ബംഗ്ലാദേശ് ജയിച്ചിരുന്നുവെങ്കില്‍ എന്തായേനേ അവസ്ഥ!?. സഞ്ജുവിന്റെ കഴുത്ത് വെട്ടാനുള്ള മാസ്റ്റര്‍ പ്ലാന്‍ അണിയറയില്‍ രൂപം കൊള്ളുന്നുണ്ട്. ടീം സെലക്ഷന്‍ മുതല്‍ക്കുള്ള കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഇക്കാര്യം നിസ്സാരമായി മനസ്സിലാകും. ഏഷ്യാകപ്പിനുള്ള സ്‌ക്വാഡിനെ പ്രഖ്യാപിച്ച ദിവസം ഓര്‍ക്കുന്നില്ലേ?. പ്രധാന താരങ്ങള്‍ അണ്‍ അവെയ്‌ലബിള്‍ ആയിരുന്നതുകൊണ്ട് മാത്രമാണ് സഞ്ജുവിന് അവസരങ്ങള്‍ നല്‍കിയത് എന്ന് ചീഫ് സെലക്ടറായ അജിത് അഗാര്‍ക്കര്‍ തുറന്നടിച്ചിരുന്നു.
സ്വന്തം ടീമിലെ കളിക്കാരനെക്കുറിച്ച് ഒരു സെലക്ടര്‍ സാധാരണ ഗതിയില്‍ അങ്ങനെ സംസാരിക്കുമോ?. സഞ്ജുവല്ലാതെ മറ്റൊരു കളിക്കാരനും ആ രീതിയില്‍ അപമാനിക്കപ്പെട്ടിട്ടില്ല. ടീമിനെ പ്രഖ്യാപിച്ചതോടെ പ്രവചനങ്ങളും ആരംഭിച്ചു. മുന്‍ താരങ്ങളും ക്രിക്കറ്റ് പണ്ഡിതരും മാദ്ധ്യമങ്ങളുമെല്ലാം ഏഷ്യാ കപ്പിലെ ഇന്ത്യയുടെ സാദ്ധ്യതാ ഇലവന്‍ പുറത്തിറക്കി! ബഹുഭൂരിപക്ഷം പേരുടെ ടീമിലും സഞ്ജു ഇല്ലായിരുന്നു!. എക്കാലത്തും സഞ്ജുവിനെ പിന്തുണച്ച് സംസാരിച്ചിട്ടുള്ള ഹര്‍ഷ ഭോഗ്ലെ പോലും ജിതേഷ് ശര്‍മ്മ കളിക്കുമെന്നും സഞ്ജു പുറത്തിരിക്കുമെന്നും അഭിപ്രായപ്പെട്ടു! ഇതെല്ലാം നിഷ്‌കളങ്കവും യാദൃശ്ചികവും ആയിരുന്നു എന്ന് നിങ്ങള്‍ കരുതുന്നുണ്ടോ?. സാദ്ധ്യത ഇലവന്‍ പുറത്തിറക്കിയ മുന്‍ താരങ്ങള്‍ക്കും പണ്ഡിറ്റുകള്‍ക്കും ഇന്ത്യന്‍ ക്രിക്കറ്റിലെ അണിയറ രഹസ്യങ്ങള്‍ അപരിചിതമല്ല.
ബി.സി.സി.ഐയ്ക്ക് സഞ്ജുവിനെ താത്പര്യമില്ല എന്ന കാര്യത്തെക്കുറിച്ച് അറിവുണ്ട്. അതുകൊണ്ടാണ് പ്രവചനം നടത്തിയവരെല്ലാം സഞ്ജുവിനെ പടിയ്ക്ക് പുറത്ത് നിര്‍ത്തിയത്. നായകനായി സൂര്യകുമാര്‍ യാദവും പരിശീലകന്റെ റോളില്‍ ഗൗതം ഗംഭീറും ഉണ്ടായിരുന്നതുകൊണ്ട് മാത്രമാണ് സഞ്ജു പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെട്ടത് എന്ന് തോന്നിയിരുന്നു. എന്നാല്‍ ബംഗ്ലാദേശിനെതിരായ മത്സരം കഴിഞ്ഞതോടെ സൂര്യ-ഗംഭീര്‍ ദ്വയത്തോടുള്ള വിശ്വാസത്തിലും ഇടിവ് സംഭവിച്ചിരിക്കുന്നു. സഞ്ജുവിന് ഒരു ഉറപ്പ് ഗംഭീര്‍ നല്‍കിയിരുന്നു. 21 ഡക്കുകള്‍ നേടിയാല്‍ മാത്രമേ സഞ്ജുവിനെ പുറത്താക്കുകയുള്ളൂ എന്ന ഉറപ്പ് അങ്ങനെയുള്ള ഗംഭീറിനുപോലും ശരിയായ രീതിയില്‍ സഞ്ജുവിനെ സംരക്ഷിക്കാന്‍ കഴിഞ്ഞില്ല എന്നതാണ് സത്യം.
ഓപ്പണര്‍ എന്ന നിലയില്‍ 3 സെഞ്ച്വറികള്‍ സ്‌കോര്‍ ചെയ്ത സഞ്ജുവിന് മദ്ധ്യനിരയിലേയ്ക്ക് പോകേണ്ടിവന്നത് അതുകൊണ്ടാണ്. പാക്കിസ്ഥാനെതിരെ സഞ്ജു പരാജയപ്പെട്ടിരുന്നു. സഞ്ജുവിന്റെ തല കൊയ്യാന്‍ ബി.സി.സി.ഐയ്ക്ക് അതുതന്നെ ധാരാളമാണ്. അതിനെ എതിര്‍ക്കാനുള്ള ശേഷി സൂര്യയ്‌ക്കോ ഗംഭീറിനോ ഇല്ലെന്ന് വിശ്വസിക്കാനേ തരമുള്ളൂ. ഇന്ത്യ-ബംഗ്ലാദേശ് മത്സരം അതിന്റെ തെളിവാണ്. ഇന്ത്യന്‍ ക്രിക്കറ്റിന്റെ പൂമുഖത്ത് ഒരു മലയാളി കസേരയിട്ട് ഇരിക്കുന്നത് പലര്‍ക്കും സഹിക്കുന്നുണ്ടാവില്ല. ഇനി ബി.സി.സി.ഐ-യുടെ ഏതെങ്കിലുമൊരു പൊന്നോമനയെ സഞ്ജുവിന്റെ സ്ഥാനത്ത് കെട്ടിയിറക്കും. അതിനുള്ള നാടകമാണ് ഇപ്പോള്‍ നടക്കുന്നത്. 11 വര്‍ഷങ്ങള്‍ക്കുമുമ്പാണ് സഞ്ജു എന്ന ടീനേജര്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ അരങ്ങേറിയത്. അന്ന് ഹര്‍ഷ ഭോഗ്ലെ പറഞ്ഞു-
”സഞ്ജുവിന് മുതിര്‍ന്നവരോട് എന്തൊരു ബഹുമാനമാണ്! സച്ചിനെയും ദ്രാവിഡിനെയും സഞ്ജു ‘സര്‍’ എന്നാണ് വിളിക്കുന്നത്. പാജി, ഭായി തുടങ്ങിയ വിളികള്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ പരിചിതമാണ്. പക്ഷേ സീനിയേഴ്‌സിനെ ‘സര്‍’ എന്ന് വിശേഷിപ്പിക്കുന്ന ജൂനിയേഴ്‌സിനെ ഞാന്‍ അധികം കണ്ടിട്ടില്ല….” അതാണ് സഞ്ജു. ഊതിക്കാച്ചിയ പൊന്നാണ്. ഇങ്ങനെ കൊല്ലാതെ കൊല്ലാന്‍ ബി.സി.സി.ഐയ്ക്ക് മാത്രമേ കഴിയൂ. സമീപകാല അഭിമുഖത്തില്‍ സഞ്ജു പറഞ്ഞത് ഇങ്ങനെയാണ്.
”വേണ്ടിവന്നാല്‍ ഒരു വില്ലന്റെ വേഷവും ഞാന്‍ ചെയ്യാം. എന്റെ രാജ്യത്തിനുവേണ്ടി ഒരു ജോക്കര്‍ ആവാനും ഞാന്‍ ഒരുക്കമാണ്…”
സഞ്ജുവിന്റെ ആത്മാര്‍ത്ഥതയാണ് ആ വരികളില്‍ പ്രതിഫലിച്ചത്. എന്നുകരുതി സഞ്ജുവിനോട് കോമാളിത്തരം കാണിച്ചുകളയാം എന്ന് ബി.സി.സി.ഐ കരുതരുത്!
സഞ്ജുവിനെ ഒതുക്കാന്‍ ശ്രമിക്കുന്നവര്‍ ഓര്‍ക്കുക. നാണം കെടുന്നത് നിങ്ങള്‍ തന്നെയാണ്. കാലം നിങ്ങളെ വിചാരണ ചെയ്യും. ചരിത്രം നിങ്ങളെ കോമാളികള്‍ എന്ന് വിളിക്കും
ഇങ്ങനെ നീണ്ടു പോവുകയാണ് സഞ്ജുവിനു വേണ്ടിയുള്ള സോഷ്യല്‍ മീഡിയയിലെ എഴുത്തുകളും ചര്‍ച്ചകളും.
CONTENT HIGH LIGHTS; Asia Cup Final: Will Sanju play in the Indian team?: What will be Sanju’s future if he doesn’t get a chance to bat?
















