കണ്ണിനും മനസ്സിനും കൗതുകം വിടർത്തുന്ന ഷഡ്പദങ്ങളാണ് തുമ്പികൾ. തിരുവനന്തപുരം വൈൽഡ്‌ലൈഫ് ഡിവിഷനിൽ നടത്തിയ തുമ്പി സർവേയിൽ 121 ഇനം തുമ്പികളെ കണ്ടെത്തി. ഇതിൽ അഞ്ചെണ്ണത്തെ ഇവിടെ നിന്നും ആദ്യമായാണ് കാണുന്നത്. ഇതോടെ തിരുവനന്തപുരം വൈൽഡ്‌ലൈഫ് ഡിവിഷനിലെ തുമ്പികളുടെ എണ്ണം 129 ആയി. സർവേയിൽ കണ്ടെത്തിയ 121 ഇനം തുമ്പികളിൽ 73 എണ്ണം കല്ലൻ തുമ്പികളും 48 എണ്ണം സൂചി തുമ്പികളുമാണ്.
ഈ അടുത്ത കാലത്ത് കണ്ടെത്തിയ പുതിയ സ്പീഷീസുകളായ ചെറു ചോലക്കടുവ (Merogomphus aryanadensis), ചോപ്പൻ നിഴൽത്തുമ്പി (Protosticta sanguinithorax) എന്നിവയെ പല ക്യാമ്പുകളിൽ കണ്ടെത്താനായി. ഇവക്ക് പുറമെ പീതാംബരൻ തുമ്പി (Anax indicus), വഴക്കാളി പെരുങ്കണ്ണൻ (Macromia bellicosa), കാട്ടു ചേരാച്ചിറകൻ (Lestes dorothea) എന്നിവ കൂടെ ലിസ്റ്റിൽ ആദ്യമായി സ്ഥാനം പിടിച്ചു. തുമ്പികളുടെ ശാസ്ത്രീയ വർഗ്ഗീകരണത്തിലെ മാറ്റങ്ങൾ ഉൾക്കൊണ്ട് പ്രദേശത്തെ ചതുപ്പു മുളവാലനെ പാറമുത്തൻ മുളവാലൻ (Phylloneura rupestris) എന്നും, വടക്കൻ മുളവാലനെ അഗസ്ത്യമല മുളവാലൻ (Melanoneura agasthyamalaica) എന്നും, മഞ്ഞവരയൻ വർണ്ണത്തുമ്പിയെ അബ്രഹാമി വർണ്ണത്തുമ്പി (Lyriothemis abrahami) എന്നും രേഖപ്പെടുത്തി.പുലിനിന്നകല, അഞ്ചുനാഴികത്തോട് എന്നീ ക്യാമ്പുകളിൽ നിന്നുമാണ് ഏറ്റവും അധികം തുമ്പികളെ കണ്ടെത്തിയത്. തെളിനീരരുവികളിൽ മാത്രം കാണപ്പെടുന്ന അരുവിയൻ തുമ്പികളെ (Torrent Darts) ധാരാളം കാണാനായത് പ്രദേശത്തെ ജലസ്രോതസ്സുകളുടെ ശുദ്ധിയെയും പലയിനം നിഴൽത്തുമ്പികളെ (Shadowdamsels) കണ്ടെത്താനായത് കാടിന്റെ ആരോഗ്യത്തെയും സൂചിപ്പിക്കുന്നതായി വിദഗ്ധർ അഭിപ്രായപ്പെട്ടു. പശ്ചിമഘട്ടത്തിന്റെ വൈരം എന്ന് വിശേഷിക്കപ്പെടുന്ന മേഘവർണ്ണൻ (Calocypha laidlawi) എന്ന സുന്ദരൻ തുമ്പി, പലയിനം മുളവാലൻ തുമ്പികൾ, കോമരത്തുമ്പികൾ എന്നിവയാണ് സർവേയിൽ കണ്ടെത്തിയ മറ്റ് പ്രധാനയിനങ്ങൾ.
കേരള വനം വന്യജീവി വകുപ്പും സൊസൈറ്റി ഫോർ ഒഡോണേറ്റ് സ്റ്റഡീസും സംയുക്തമായാണ് തുമ്പി സർവ്വേ സംഘടിപ്പിച്ചത്. സെപ്റ്റംബർ 12, 13, 14 തിയതികളിലായി നടന്ന സർവ്വേയിൽ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് പുറമെ 25 സന്നദ്ധപ്രവർത്തകരും പങ്കെടുത്തു. സെപ്റ്റംബർ 12 ന് എബിപി സർക്കിൾ ഫോറസ്‌റ്റ് കൺസർവേറ്റർ എൻ. ശ്യാം മോഹൻലാൽ ഐ.എഫ്.എസ് ചടങ്ങ് ഉദ്‌ഘാടനം ചെയ്തു. തിരുവനന്തപുരം ഡിവിഷൻ വൈൽഡ് ലൈഫ് വാർഡൻ ശ്രീ. വിനോദ് എസ്.വി. സർവേയ്ക്ക് തുടക്കം കുറിച്ചു. തുമ്പി നിരീക്ഷകരായ ഡോ. സുജിത് വി.ഗോപാലൻ, ഡോ. വിവേക് ചന്ദ്രൻ, ശ്രീ. മുഹമ്മദ് ഷെരീഫ്, ശ്രീ. രഞ്ജിത് ജേക്കബ് മാത്യൂസ്, ശ്രീ. റെജി ചന്ദ്രൻ എന്നിവർ സർവേക്ക് നേതൃത്വം നൽകി. തിരുവനന്തപുരം വൈൽഡ് ലൈഫ് ഡിവിഷനിലെ പത്ത് ക്യാംപുകളിലാണ് സർവേ നടത്തിയത്. പ്രദേശത്തെ പ്രധാനപ്പെട്ട ആവാസവ്യവസ്ഥകളെല്ലാം നിരീക്ഷണത്തിന് കീഴിൽ വരത്തക്ക വിധത്തിലാണ് ക്യാംപുകൾ തിരഞ്ഞെടുത്തത്.
















