ഭൂരിഭാഗം പേരുടെയും അടുക്കളിയിലും ഒരു നോണ്‍സ്റ്റിക്ക് പാത്രം ഉണ്ടാകും. എന്നാല്‍ ഈ നോണ്‍സ്റ്റിക്ക് പാത്രം ഉപയോഗിക്കുന്നത് കൊണ്ട് ഉണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ എന്തൊക്കെ എന്ന് അറിയാമോ?
ഈ നോണ്‍ സ്റ്റിക്ക് പാത്രങ്ങള്‍ ഉപയോഗിക്കുന്നതിലൂടെ പനിപിടിക്കുമെന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ? ആ പനിയെ വിളിക്കുന്ന പേരാണ് ടെഫ്ലോണ്‍ ഫ്ളൂ. നോണ്‍ സ്റ്റിക്ക് പാത്രങ്ങള്‍ അമിതമായി ചൂടാകുമ്പോഴുണ്ടാകുന്ന പുകയാണ് ഈ പനിക്ക് പിന്നിലത്രേ.
അമേരിക്കയില്‍ ഈ രോഗം പിടിപ്പെട്ടത് നിരവധി പേര്‍ക്കാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങളടക്കം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ടെഫ്ലോണ്‍ ഫ്ളൂ അഥവാ പോളിമര്‍ ഫ്യൂം ഫീവര്‍ എന്നാണ് ഇതിനെ വിളിക്കുന്നത്. 2023ല്‍ 250 അമേരിക്കകാരാണ് ഈരോഗം മൂലം ആശുപത്രിയില്‍ ചികിത്സ തേടിയത്.
തലവേദന, ശരീരവേദന, പനി, തണുപ്പും വിറയലുമൊക്കെയാണ് ഇതിന്റെ ലക്ഷണങ്ങള്‍. നിങ്ങള്‍ ടെഫ്ലോണ്‍ പാത്രങ്ങള്‍ അല്ലെങ്കില്‍ നോണ്‍ സ്റ്റിക്ക് പാത്രങ്ങള്‍ ശരിയായ രീതിയില്‍ ഉപയോഗിച്ചില്ലെങ്കിലാണ് ഈ പ്രശ്നങ്ങളുണ്ടാവുക. നോണ്‍സ്റ്റിക്ക് പാത്രങ്ങള്‍ അമിതമായി ചൂടാക്കുമ്പോള്‍, അല്ലെങ്കില്‍ ഇത്തരം പാത്രങ്ങളിലുണ്ടാവുന്ന സ്‌ക്രാച്ചുകളും ഇതിനുള്ളിലെ രാസവസ്തുക്കള്‍ വിഘടിക്കാന്‍ കാരണമാകും. ചൂടാവുമ്പോള്‍ ഇവ അന്തരീക്ഷത്തിലെ വായുലില്‍ കലരും ഈ വിഷവാതകം ശ്വസിക്കുന്നത് ഫ്ളൂവിന്റെ ലക്ഷണങ്ങളാണ് കാണിക്കുക.
കാര്‍ബണും ഫ്ളൂറിന്‍ ആറ്റങ്ങളും ഉപയോഗിച്ചാണ് സിന്തറ്റിക്ക് കെമിക്കലായ ടെഫ്ളോണ്‍ നിര്‍മിക്കുന്നത്. ഇവയാണ് നോണ്‍ സ്റ്റിക്ക് പാത്രത്തിലെ കോട്ടിങിന് ഉപയോഗിക്കുന്നത്. സാധാരണ താപത്തില്‍ ഇവ ചൂടാക്കുന്നതില്‍ പ്രശ്നമൊന്നുമില്ല, എന്നാല്‍ അമിതമായി ചൂടാക്കുന്നതാണ് പ്രശ്നമാവുന്നത്. ഇങ്ങനെയുണ്ടാകുന്ന വിഷം ആഹാരത്തിലും കലരും. അതിനാല്‍ നോണ്‍സ്റ്റിക്ക് കോട്ടിങ് ഇളകിയാല്‍ ഉടന്‍ പാത്രം മാറ്റിവാങ്ങുക എന്നതാണ് പരിഹാരം.
ടെഫ്ലോണ്‍ ഫ്ളു ഉണ്ടാവുന്നതിന് കാരണമെന്താണെന്ന് ഗവേഷകര്‍ പഠിച്ചുവരികയാണ്. ഇത്തരം രാസവസ്തുക്കള്‍ ശ്വാസകോശത്തിലുണ്ടാക്കുന്ന അസ്വസ്ഥതയാകാം ഫ്ളുന്റെ ലക്ഷണങ്ങള്‍ കാട്ടുന്നതെന്നാണ് കരുതുന്നത്. നോണ്‍സ്റ്റിക്ക് പാത്രങ്ങളില്‍ നിന്നുണ്ടാകുന്ന വിഷവസ്തുക്കള്‍ ശരീരത്തിലെത്തിയാല്‍ ചിലപ്പോള്‍ പെട്ടെന്നും മറ്റുചിലപ്പോള്‍ കുറച്ച് നാള്‍ കഴിഞ്ഞുമാകാം ലക്ഷണങ്ങള്‍ കാണിച്ച് തുടങ്ങുക.
പോളിടെട്രാഫ്ളൂറോഎതിലീന്‍ എന്ന ടെഫ്ലോണ്‍ ഉപയോഗിച്ചാണ് നോണ്‍സ്റ്റിക്ക് പാത്രങ്ങള്‍ കോട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഇവ അഞ്ഞൂറു ഫാരന്‍ഹീറ്റിന് മുകളില്‍ ചൂടാക്കുമ്പോഴാണ് കോട്ടിങ് ഇളകുക. ടെഫ്ലോണ്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന PFOA എന്ന രാസവസ്തുവാണ് പ്രശ്‌നം. 1930ലാണ് ഇത് വികസിപ്പിച്ചെടുത്തത്.
ചൂട്, എണ്ണ, സ്റ്റെയിന്‍, ഗ്രീസ്, വെള്ളം എന്നിവയെ ആഗിരണം ചെയ്യാതിരിക്കാനുള്ള ആവരണം ഇതിനുണ്ട്. കാന്‍സര്‍, പ്രതിരോധക്ഷമത കുറയ്ക്കുക, തുടങ്ങിയ പ്രശ്നങ്ങള്‍ അമിതമായി ചൂടാക്കിയാല്‍ PFOA മൂലം ഉണ്ടായേക്കാമെന്ന് പഠനങ്ങള്‍ പറയുന്നത്. 2002ല്‍ ഈ രാസവസ്തു നോണ്‍സ്റ്റിക്ക് പാത്രങ്ങളില്‍ ഉപയോഗിക്കുന്നതിന് നിയന്ത്രണം വന്നിരുന്നു. 2014ല്‍ യുഎസും 2008ല്‍ യൂറോപും PFOA നിരോധിച്ചു. 2013നോ അതിന് മുമ്പോ ഉള്ള ടെഫ്ലോണ്‍ പാത്രങ്ങളില്‍ ഇതിന്റെ സാന്നിധ്യമുണ്ട്. അതിനാല്‍ അവ ഒഴിവാക്കുന്നതാകും നല്ലത്.
















