ഒമാന്‍ പര്യടനത്തിലെ രണ്ടാമത്തെ മല്‌സരത്തില്‍ കേരള ക്രിക്കറ്റ് ടീമിന് വിജയം. അവസാന പന്ത് വരെ ആവേശം നിറഞ്ഞ് നിന്ന മല്‌സരത്തില്‍ കേരളം ഒരു റണ്ണിനാണ് ഒമാന്‍ ചെയര്‍മാന്‍ ഇലവനെ തോല്പിച്ചത്.ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ചെയര്‍മാന്‍ ഇലവന് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സ് മാത്രമാണ് എടുക്കാനായത്.
ടോസ് നേടിയ ചെയര്‍മാന്‍ ഇലവന്‍ കേരളത്തെ ആദ്യം ബാറ്റ് ചെയ്യാന്‍ അയക്കുകയായിരുന്നു. കൃഷ്ണപ്രസാദിനൊപ്പം കേരളത്തിന് വേണ്ടി ഇന്നിങ്‌സ് തുറന്ന വിഷ്ണു വിനോദ് തുടക്കം മുതല്‍ തകര്‍ത്തടിച്ച് മുന്നേറി. 15 പന്തുകളില്‍ രണ്ട് ഫോറും മൂന്ന് സിക്‌സും അടക്കം 30 റണ്‍സാണ് വിഷ്ണു നേടിയത്. തുടര്‍ന്നെത്തിയ അജ്‌നാസ് എട്ട് റണ്‍സെടുത്ത് പുറത്തായി. മൂന്നാം വിക്കറ്റില്‍ കൃഷ്ണപ്രസാദും അഖില്‍ സ്‌കറിയയും ചേര്‍ന്ന് 32 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 20 റണ്‍സെടുത്ത അഖില്‍ സ്‌കറിയ പുറത്തായതിന് ശേഷമെത്തിയ ആര്‍ക്കും മികച്ച ഇന്നിങ്‌സ് കാഴ്ച വയ്ക്കാനായില്ല. ക്യാപ്റ്റന്‍ സാലി വിശ്വനാഥ് നാലും എ കെ അര്‍ജുന്‍ 17ഉം, അന്‍ഫല്‍ പത്തും, കൃഷ്ണദേവന്‍ രണ്ടും റണ്‍സെടുത്ത് പുറത്തായി. മറുവശത്ത് ഉറച്ച് നിന്ന കൃഷ്ണപ്രസാദിന്റെ ഇന്നിങ്‌സാണ് കേരളത്തിന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. കൃഷ്ണപ്രസാദ് 42 പന്തുകളില്‍ 59 റണ്‍സെടുത്തു. ചെയര്‍മാന്‍ ഇലവന് വേണ്ടി ജിതന്‍കുമാര്‍ രാമനന്ദി മൂന്ന് വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ചെയര്‍മാന്‍സ് ഇലവന് ആദ്യ പന്തില്‍ തന്നെ ഓപ്പണര്‍ ആമിര്‍ കലീമിന്റെ വിക്കറ്റ് നഷ്ടമായി. ക്യാപ്റ്റന്‍ സാലി വിശ്വനാഥാണ് വിക്കറ്റ് നേടി കേരളത്തിന് മികച്ച തുടക്കം നല്കിയത്. സ്‌കോര്‍ 26ല്‍ നില്‌ക്കെ 14 റണ്‍സെടുത്ത ഹമ്മദ് മിര്‍സയും പുറത്തായി. എന്നാല്‍ ഹുസ്‌നൈന്‍ ഉള്‍ വഹാബും മുഹമ്മദ് നദീമും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 36 റണ്‍സ് കൂട്ടിച്ചേര്‍ത്തു.28 റണ്‍സെടുത്ത ഹുസ്‌നൈന്‍ റണ്ണൌട്ടാവുകയായിരുന്നു. തുടര്‍ന്നെത്തിയ വിനായക് ശുക്ലയുടെ പ്രകടനമാണ് ഒമാനെ വിജയത്തിന് തൊട്ടരികില്‍ വരെയെത്തിച്ചത്. 28 പന്തുകളില്‍ നിന്ന് ആറ് ഫോറും മൂന്ന് സിക്‌സുമടക്കം 58 റണ്‍സാണ് വിനായക് നേടിയത്. 18ആം ഓവറില്‍ വിനായകിനെ പുറത്താക്കി കെ എം ആസിഫാണ് കേരളത്തിന് നിര്‍ണ്ണായക വഴിത്തിരിവ് സമ്മാനിച്ചത്. 19ആം ഓവറില്‍ സിക്രിയ ഇസ്ലാമിനെയും ഹുസ്‌നൈന്‍ അലി ഷായെയും അഖില്‍ സ്‌കറിയ പുറത്താക്കി. അവസാന പന്തില്‍ രണ്ട് റണ്‍സായിരുന്നു ചെയര്‍മാന്‍ ഇലവന് ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ അവസാന പന്തില്‍ ജിതന്‍കുമാര്‍ രാമനന്ദിയെ ക്ലീന്‍ ബൌള്‍ഡാക്കി കെ എം ആസിഫ് കേരളത്തിന് വിജയമൊരുക്കി. കേരളത്തിന് വേണ്ടി അഖില്‍ സ്‌കറിയ മൂന്നും സാലി വിശ്വനാഥും കെ എം ആസിഫും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.
CONTENT HIGH LIGHTS; Kerala beats Oman by one run in thrilling encounter
















