ദുബായ്: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഏഷ്യാ കപ്പ് തർക്കം ദിവസം ചെല്ലുന്തോറും കൂടുതൽ രൂക്ഷമാവുകയാണ്. പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ പരാതിയിൽ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവിനെതിരെ ഐസിസി നടപടിക്കൊരുങ്ങുന്നതായി റിപ്പോർട്ട്.
ഏഷ്യാകപ്പിൽ ഇന്ത്യ– പാക്കിസ്ഥാൻ ഗ്രൂപ്പ് മത്സരത്തിനു ശേഷം നടന്ന സമ്മാനദാനച്ചടങ്ങിലും വാർത്താസമ്മേളനത്തിലും സൂര്യകുമാർ യാദവ് നടത്തിയ പ്രസ്താവനകൾക്കെതിരെയാണ് പിസിബി പരാതി നൽകിയത്. പിസിബിയിൽനിന്നു രണ്ടു പരാതികൾ ലഭിച്ചതായി സ്ഥിരീകരിച്ചത് മാച്ച് റഫറി റിച്ചി റിച്ചാർഡ്സൺ ഇന്ത്യൻ ടീം മാനേജ്മെന്റിനു ഇമെയിൽ അയച്ചു.
പിസിബി സമർപ്പിച്ച തെളിവുകളും പ്രസ്താവനകളും പ്രാഥമികമായി പരിശോധിച്ചപ്പോൾ, സൂര്യകുമാറിന്റെ പരാമർശങ്ങൾ കായികരംഗത്തിന്റെ പ്രതിച്ഛായയ്ക്ക് കോട്ടം വരുത്തുന്നതാണെന്നും ഇന്ത്യൻ ക്യാപ്റ്റനെതിരെ നടപടി സ്വീകരിക്കേണ്ടതാണെന്നും ഇമെയിലിൽ പറയുന്നു. ‘‘2025 സെപ്റ്റംബർ 14ന് ഇന്ത്യ – പാക്കിസ്ഥാൻ മത്സരത്തിന് ശേഷം നടന്ന സമ്മാനദാനച്ചടങ്ങിലും വാർത്താസമ്മേളനത്തിലും നിങ്ങളുടെ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് നടത്തിയ അഭിപ്രായങ്ങളെക്കുറിച്ച് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് സമർപ്പിച്ച രണ്ടു റിപ്പോർട്ടുകൾ കൈകാര്യം ചെയ്യാൻ ഐസിസി എന്നോട് ആവശ്യപ്പെട്ടു. ഇതുപ്രകാരം മുഴുവൻ റിപ്പോർട്ടുകളും തെളിവുകളും പരിശോധിച്ചു. കളിയുടെ താൽപര്യത്തിന് ഹാനികരമായ അനുചിതമായ പരാമർശങ്ങൾ നടത്തി മത്സരത്തെ വിവാദത്തിലേക്ക് നയിച്ച പെരുമാറ്റത്തിന് സൂര്യകുമാർ യാദവിനെതിരെ നടപടി സ്വീകരിക്കണമെന്ന നിഗമനത്തിലെത്തി.’’– ഇമെയിലിൽ പറയുന്നു.
സൂര്യകുമാറിന് കുറ്റം ഏറ്റെടുക്കുന്നതിനോ അഥവാ ഐസിസി മാച്ച് റഫറി, ബിസിസിഐ, പിസിബി പ്രതിനിധി എന്നിവർക്കു മുന്നിൽ കാര്യങ്ങൾ ധരിപ്പിക്കുന്നതിനോ അവസരമുണ്ടാകുമെന്നും ഇമെയിലിൽ പറയുന്നു.
















