വളർത്തുമൃഗങ്ങൾക്ക് പ്രത്യേകമായി ടൂറിസ്റ്റ് നികുതി ഏർപ്പെടുത്താൻ ഒരുങ്ങി ഇറ്റലി. വടക്കൻ ഇറ്റാലിയൻ നഗരമായ ബോൾസാനോ സന്ദർശിക്കുന്ന വിനോദസഞ്ചാരികളുടെ നായകൾക്കാണ് നികുതി ചുമത്തുന്നത്. നായകളുമായെത്തുന്ന ടൂറിസ്റ്റുകളുടെ എണ്ണം വർധിച്ചതോടെയാണ് നായകൾക്കും വിനോദ സഞ്ചാര നികുതി ഏർപ്പെടുത്താൻ തീരുമാനിച്ചത്.
ടൂറിസ്റ്റുകളും അവരോടൊപ്പമുള്ള മൃഗങ്ങളുടെയും (പ്രത്യേകിച്ച് നായ്ക്കൾ) എണ്ണത്തില്‍ വലിയ വര്‍ദ്ധനവാണ് അടുത്തിടെ ഇറ്റലിയിലും യൂറോപ്പിലും രേഖപ്പെടുത്തിയത്. 2026 ജനുവരി മുതല്‍ പുതിയ നായ നികുതി നിലവില്‍ വരുമെന്നും നഗര ഭരണാധികാരികൾ അറിയിച്ചു.
നായ നികുതി
അടുത്ത കാലത്തായി ലോകമെങ്ങും വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ വലിയ വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളത്. സഞ്ചാരികളില്‍ പലരും തങ്ങളുടെ പ്രീയപ്പെട്ട വളര്‍ത്തുമൃഗവുമായാണ് ഇപ്പോൾ യാത്രകൾ. ഇതോടെ പല നായകൾക്കും പാസ്പോര്‍ട്ട് അടക്കമുണ്ട്. നായകളുമായി എത്തുന്ന ടൂറിസ്റ്റുകളെ നിയന്ത്രിക്കുന്നതിനാണ് പുതിയ നികുതിയെന്ന് ബോൽസാനോ നഗര ഭരണാധികാരികൾ പറയുന്നു. സന്ദർശകരായ നായകളുടെ ഉടമകൾ ഒരു ദിവസത്തേക്ക് 1.50 യൂറോ (ഏകദേശം156 രൂപ) നികുതിയായി നൽകണം. ഡോലമൈറ്റ് മലനിരകളിലേക്കുള്ള കവാടമായ ബോൽസാനോയിൽ നായകൾക്ക് ഏർപ്പെടുത്തിയ കർശന നിയന്ത്രണങ്ങളുടെ ഭാഗമാണ് പുതിയ നികുതി.
തദ്ദേശീയർക്കും
പുതിയ നിയമം ടൂറിസ്റ്റുകളെ മാത്രമല്ല ബാധിക്കുന്നത് ബോൽസാനോയിലെ നായ ഉടമകളും ഒരു നായയ്ക്ക് വർഷം 100 യൂറോ നികുതിയായി നൽകണം. തെരുവുകൾ വൃത്തിയാക്കുന്നതിനുള്ള ചെലവുകൾക്കായും, നായകൾക്കും അവയുടെ ഉടമസ്ഥർക്കും മാത്രമായി പുതിയ പാർക്കുകൾ നിർമ്മിക്കാനും വേണ്ടിയാണ് ഈ നികുതി എന്നാണ് അധികൃതർ പറയുന്നത്. എന്നാൽ നായകളെ സാധാരണ നഗര പാർക്കുകളിൽ നിന്ന് വിലക്കുമോ എന്നതിനെക്കുറിച്ച് അധികൃതർ ഇപ്പോഴും വ്യക്തത വരുത്തിയിട്ടില്ലെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.
നായകളുടെ ഡിഎന്‍എ രജിസ്റ്റർ
ഈ നിയമം വരുന്നതിന് മുൻപ് വിവാദമായ മറ്റൊരു നീക്കം കൂടിയുണ്ടായിരുന്നു. നായകളുടെ ഡിഎൻഎ രജിസ്റ്റർ ചെയ്യുന്നതിനായി ഉടമകൾ പണം നൽകണമെന്നതായിരുന്നു അത്. തെരുവിലൂടെ നടക്കാനിറങ്ങുന്ന നായകളുടെ വിസർജ്യം ശേഖരിക്കാതെ പോകുന്ന ഉടമകളെ നായകളുടെ ഡിഎൻഎ വഴി കണ്ടെത്താനും പിഴ ചുമത്താനും വേണ്ടിയായിരുന്നു ഇത്തരമൊരു നിയമം കൊണ്ട് വന്നത്. നിലവിൽ, നായകളുടെ വിസർജ്യം തെരുവില്‍ നിന്നും നീക്കാത്ത ഉടമകൾക്ക് 600 യൂറോ വരെ പിഴ ലഭിക്കുന്നു.
ഡിഎൻഎ രജിസ്ട്രിയിൽ പേര് ചേർത്തവർക്ക് പുതിയ നികുതിയിൽ നിന്ന് രണ്ട് വർഷത്തേക്ക് ഇളവ് ലഭിക്കുമെന്നാണ് നിയമം കൊണ്ടുവന്ന കൗൺസിലർ ലൂയിസ് വാൽച്ചർ പറയുന്നത്. നായകളുടെ ഉടമകളെ മാത്രം ബാധിക്കുന്ന ന്യായമായ നടപടിയാണിതെന്നും ഇത് നടപ്പിലാക്കിയില്ലെങ്കിൽ നടപ്പാതകൾ വൃത്തിയാക്കുന്നതിനുള്ള ഉത്തരവാദിത്വം മുഴുവൻ, സമൂഹം ഏറ്റെടുക്കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നഗരത്തിലെ തെരുവുകളിലെ ഒരേയൊരു അഴുക്ക് നായകളുടെ വിസർജ്യമാണെന്നും അദ്ദേഹം ആരോപിച്ചു .
എതിർപ്പ്
ഈ നിയമം പ്രദേശത്തിന് ദോഷകരമാകുമെന്നും നായകൾക്കും വിനോദ സഞ്ചാരികളായ നായകൾക്കും നികുതി ഏർപ്പെടുത്തിയതിലൂടെ ബോൽസാനോ പ്രവിശ്യ സെൽഫ് ഗോൾ അടിച്ചിരിക്കുകയാണെന്നും ദേശീയ മൃഗസംരക്ഷണ സംഘടനയായ എൻപിഎയുടെ പ്രതിനിധി കാർല റോക്കി ആരോപിച്ചു. അസംബന്ധവും ചെലവേറിയതുമായ ഡിഎൻഎ പദ്ധതി പരാജയപ്പെട്ടതിന് ശേഷം, പൗരബോധം വളർത്തൽ, കൃത്യമായ പരിശോധനകൾ നടത്തൽ , ജനങ്ങളെ ബോധവൽക്കരിക്കൽ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം വീണ്ടും എളുപ്പവഴി തെരഞ്ഞെടുക്കയാണെന്നും അവർ ആരോപിച്ചു.
മൃഗങ്ങൾക്കും അവയുടെ ഉടമകൾക്കും നികുതി ചുമത്തുന്ന ഈ നിയമം നായകളുമായി യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന കുടുംബങ്ങളെയും വിനോദ സഞ്ചാരികളെയും ശിക്ഷിക്കുക മാത്രമല്ല മറിച്ച് മൃഗങ്ങളെ നികുതി ദായകരാക്കുന്നുവെന്ന തെറ്റായ സന്ദേശം കൂടി നൽകുകയെന്നും അവർ ആരോപിച്ചു. മൃഗങ്ങൾ ഒരു ആഡംബരമല്ല, മറിച്ച് കുടുംബങ്ങളുടെ അവിഭാജ്യ ഘടകമാണ്. പുതിയ നികുതികൾ ചുമത്തുന്നത് വഴി പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പകരം, ഉത്തരവാദിത്വമുള്ള യാത്രകളെ നിരുത്സാഹപ്പെടുത്താനും അതിലുപരി മൃഗങ്ങളെ ഉപേക്ഷിക്കുന്നതിനും ഇത് കാരണമായേക്കാമെന്നും അവർ കൂട്ടിചേർത്തു.
















