കവര്‍ പേജ് മുഴുവനായി വായിക്കാതെ അരുന്ധതി റോയ്‌യുടെ പുതിയ ബുക്കിനെതിരെ ഹര്‍ജിയുമായെത്തിയ അഭിഭാഷകനെ വിമര്‍ശിച്ച് ഹൈക്കോടതി. അരുന്ധതി റോയ് പുകവലിക്കുന്ന ഫോട്ടോ ഉള്‍പ്പെടുത്തിയ കവര്‍ പേജില്‍ പുകവലി സംബന്ധിച്ച നിയമപരമായ മുന്നറിയിപ്പില്ലെന്നായിരുന്നു ഹര്‍ജിയില്‍ പറഞ്ഞിരുന്നത്. അതിനാല്‍ പുസ്തകത്തിന്റെ വില്‍പ്പന തടയണമെന്നായിരുന്നു പൊതുതാത്പര്യ ഹര്‍ജിയിലെ ആവശ്യം. മദര്‍ മേരി കമ്‌സ് ടു മി എന്ന പുസ്തകത്തിന്റെ പിന്‍പുറത്തില്‍ തന്നെ പുകവലി മുന്നറിയിപ്പുള്ളത് കോടതി ചൂണ്ടിക്കാട്ടി. ഹൈക്കോടതി അഭിഭാഷകനായ രാജസിംഹനാണ് ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. ചീഫ് ജസ്റ്റിസ് നിതിന്‍ ജാംധാര്‍, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരാണ് വാക്കാലെ പരാതിക്കാരനെതിരെ രൂക്ഷമായി വിമര്‍ശിച്ചത്. ബുക്ക് മറിച്ചുനോക്കാതെയാണോ ഹര്‍ജി നല്‍കിയതെന്നും പുസ്തകം കോടതിയ്ക്ക് മുന്നിലെത്തിക്കാന്‍ പോലും ഹര്‍ജിക്കാരന്‍ തയ്യാറായിട്ടില്ലെന്നും കോടതി വിമര്‍ശിച്ചു.
പുസ്തകം മുഴുവന്‍ നോക്കാതെയാണോ കോടതിയിലെത്തിയതെന്നും കോടതി ആഞ്ഞടിച്ചു. നിയമപ്രകാരമുള്ള മുന്നറിപ്പ് നല്‍കാതെ പുകവലിയുടെ ചിത്രങ്ങള്‍ നല്‍കുന്നത് സിഗരറ്റ് ആന്‍ഡ് ടൊബാകോ പ്രൊഡക്ട് ആക്ടിലെ സെക്ഷന്‍ അഞ്ചിന്റെ ലംഘനമാണെന്ന് ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടിയിരുന്നു. സമൂഹത്തില്‍ ധാരാളം പേരെ സ്വാധീനിക്കാന്‍ കഴിയുന്ന ആളാണ് അരുന്ധതി റോയ് എന്നും ചിത്രം പലര്‍ക്കും പുകയില ഉത്പന്നങ്ങള്‍ ഉപയോഗിക്കാനുള്ള പ്രചോദനമാകുമെന്നുമായിരുന്നു ഹര്‍ജിക്കാരന്റെ വാദം. കവര്‍ ചിത്രം ഒരു ധൈഷണിക ധിക്കാരം (ഇന്റലക്ച്വല്‍ അറഗന്‍സ്) ആണെന്നായിരുന്നു ഹര്‍ജിയിലെ പരാമര്‍ശം. ഈ നിയമവുമായി ബന്ധപ്പെട്ട അതോരിറ്റിയെ ഹര്‍ജിക്കാരന്‍ സമീപിച്ചോ എന്നും നിയമലംഘനമാണോ അല്ലയോ എന്ന് നിയമംവഴി സ്ഥാപിതമായ അതോരിറ്റി അറിയിച്ചിട്ടുണ്ടോ എന്ന് ഹര്‍ജി സമര്‍പ്പിച്ച ഘട്ടത്തില്‍ കോടതി ചോദിച്ചിരുന്നു.
STORY HIGHLIGHT: high court slams PIL seeking stay of arundhati roy’s new book
















