കുട്ടികൾ മുതൽ മുതിർന്നവർ വരെ ഏറെ കൗതുകത്തോടെ കാണുന്ന ഉപഗ്രഹമാണ് ചന്ദ്രൻ. ഭൂമിയ്ക്ക് പുറത്ത് മനുഷ്യന്റെ പാദസ്‌പർശമേറ്റ ഏക ആകാശഗോളവും ഇതുതന്നെയാണ്. അതിനാൽ തന്നെ ഇന്നും ചന്ദ്രനിൽ ഗവേഷണങ്ങൾ നടത്തുന്നവർ നിരവധിയാണ്. ചന്ദ്രനിലെ ഒളിഞ്ഞിരിക്കുന്ന രഹസ്യങ്ങൾ പുറത്തുകൊണ്ടുവരാനാണ് ഇത്തരം പഠനങ്ങൾ നടത്തുന്നത്. ഇപ്പോഴിതാ ചന്ദ്രനുമായി ബന്ധപ്പെട്ട ഗവേഷകരുടെ പുതിയ പഠനമാണ് ശാസ്ത്രലോകത്തെ പ്രധാന ചർച്ച വിഷയം.
ഓരോ മാസവും, ചന്ദ്രൻ ഭൂമിയുടെ കാന്തികവലയമായ ‘മാഗ്നെറ്റോടെയിലി’ലൂടെ കടന്നുപോകുമ്പോൾ, ഏകദേശം അഞ്ച് ദിവസത്തേക്ക് സൂര്യനിൽ നിന്നുള്ള ഹാനികരമായ സൗരവാതങ്ങൾ ഭൂമി തടയുന്നു. ഈ സമയത്ത്, ഭൂമിയുടെ അന്തരീക്ഷത്തിൽ നിന്ന് രക്ഷപ്പെടുന്ന കണികകൾ ചന്ദ്രനിലേക്ക് എത്തുന്നു. ഈ പ്രതിഭാസത്തെ ‘ഭൂമിക്കാറ്റ്’ എന്നാണ് വിളിക്കുന്നത്. ഈ ഓക്സിജൻ കണികകളാണ് ചന്ദ്രനിലെ ഇരുമ്പിനെ തുരുമ്പെടുക്കാൻ സഹായിക്കുന്നത്.
ഈ സിദ്ധാന്തം പരീക്ഷിക്കുന്നതിനായി ശാസ്ത്രജ്ഞർ ലബോറട്ടറിയിൽ ‘ഭൂമിക്കാറ്റ്’ അനുകരിച്ച് ഒരു പരീക്ഷണം നടത്തി. ഹൈഡ്രജൻ, ഓക്സിജൻ അയോണുകളെ ഉയർന്ന ഊർജ്ജത്തിലേക്ക് ത്വരിതപ്പെടുത്തി ചന്ദ്രനിൽ കാണുന്നതിന് സമാനമായ ഇരുമ്പ് സമ്പുഷ്ടമായ ധാതു പരലുകളിലേക്ക് വിട്ടു. ഉയർന്ന ഊർജ്ജമുള്ള ഓക്സിജന് ഈ ധാതുക്കളെ ഹെമറ്റൈറ്റാക്കി മാറ്റാൻ കഴിയുമെന്ന് പരീക്ഷണങ്ങൾ തെളിയിച്ചു.
ഈ കണ്ടെത്തൽ ഭൂമിയും ചന്ദ്രനും തമ്മിലുള്ള ബന്ധം എത്രത്തോളം ശക്തമാണെന്ന് സൂചിപ്പിക്കുന്നു. തുരുമ്പെടുക്കുന്ന ഈ പ്രക്രിയ ഇരു ഗ്രഹങ്ങൾക്കിടയിലുള്ള ഒരു ദീർഘകാല പദാർത്ഥ കൈമാറ്റത്തെയാണ് കാണിക്കുന്നത്.
















